എന്നെ കൊല്ലാന്‍ നോക്കി; സംരക്ഷണം വേണം... യോഗിക്കെതിരെ രാജ്ഭാര്‍, ജയ് അഖിലേഷ് വിളിയും
ലഖ്‌നൗ: ജയ് ശ്രീറാം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍. തിരിച്ച് ജയ് അഖിലേഷ് വിളിച്ച് എസ്ബിഎസ്പി പ്രവര്‍ത്തകര്‍. വേറിട്ട കാഴ്ചയാണ് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ വാരണസിയില്‍ കാണാന്‍ കഴിഞ്ഞത്. എന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചു എന്നാണ് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭാര്‍ പറയുന്നത്. എസ്ബിഎസ്പിയും എസ്പിയും സഖ്യം ചേര്‍ന്നാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. വാരണാസിയിലെ ശിവപൂര്‍ മണ്ഡലത്തിലാണ് രാജ്ഭാറിന്റെ മകന്‍ അരവിന്ദ് രാജ്ഭാര്‍ മല്‍സരിക്കുന്നത്.
മണ്ഡലത്തിലെ കോടതിയിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഈ വേളയില്‍ നിരവധി അഭിഭാഷകര്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്ഭാറിന്റെ പിന്തുണയ്ക്കുന്നവര്‍ ജയ് അഖിലേഷ് വിളിച്ച് പ്രതിരോധിച്ചു. പത്രിക സമര്‍പ്പിച്ച ശേഷം രാജ്ഭാറും അനുയായികളും തിരഞ്ഞെടുപ്പ് ഓഫീസറെ ബന്ധപ്പെട്ട് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, രാജ്ഭാറിന്റെ ആരോപണം. ബിജെപി തള്ളി.

എന്നെയും മകനെയും കൊല്ലുമെന്ന് അഭിഭാഷകര്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് രാജ്ഭാര്‍ പറയുന്നു. ഇത്തവണ യുപിയിലെ എല്ലാ ഗ്രാമങ്ങളിലും ബിജെപി വെല്ലുവിളി നേരിടുകയാണ്. വോട്ടര്‍മാര്‍ അവരെ കൈയ്യൊഴിഞ്ഞു. ഇതില്‍ അമര്‍ഷം പൂണ്ടിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കെതിരെ തിരിയുന്നത്. എസ്പി-എസ്ബിഎസ്പി സഖ്യം ഉയര്‍ത്തിയ വിഷയങ്ങള്‍ ജനം ഏറ്റെടുത്തുകഴിഞ്ഞു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ വിഷയങ്ങളില്‍ യോഗി സര്‍ക്കാരിന്റെ പോരായ്മകളാണ് ഞങ്ങള്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയത്. ഞങ്ങളെ ഭീഷണിപ്പെടുത്തിയ ഗുണ്ടകള്‍ക്കെതിരെ വേഗം നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്ഭാര്‍ പറഞ്ഞു.
പോലീസുകാരുടെ സാന്നിധ്യത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയത്. വാരണാസി ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും യോഗി ആദിത്യനാഥിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷണറെയും കളക്ടറെയും മാറ്റണമെന്നും രാജ്ഭാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അതേസമയം, രാജ്ഭാറിന്റെ ആരോപണം ബിജെപി തള്ളി. എസ്പി സഖ്യം ഗുണ്ടകളും മാഫിയകളും നിറഞ്ഞതാണെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ശിവപൂരില്‍ നടന്ന സംഭവത്തില്‍ ബിജെപിക്ക് ബന്ധമില്ല. രാജ്ഭാര്‍ അഭിഭാഷകരെ അപമാനിച്ചിരുന്നു. പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി രംഗത്തുവരുന്നതെന്നും രാകേഷ് ത്രിപാഠി പറഞ്ഞു.












Click it and Unblock the Notifications