അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ വീഴ്ച്ചയില്ല,; ഹിന്‍ഡന്‍ബര്‍ഗിനെ തള്ളി സെബി
മുംബൈ: ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ തള്ളി സെബി. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയിട്ടില്ല. ഉന്നയിച്ച 24 ആക്ഷേപങ്ങളില്‍ 23 എണ്ണവും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടന്‍ പൂര്‍ത്തിയാക്കും. അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നുവെന്നും സെബി പറഞ്ഞു.
അതേസമയം ചെയര്‍പേഴ്‌സന്‍ അവര്‍ക്കെതിരായ ആരോപണം നിഷേധിച്ച് കഴിഞ്ഞുവെന്നും സെബി പറഞ്ഞു. നിക്ഷേപകര്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുമ്പോള്‍ അതിലെ കാര്യങ്ങള്‍ പരിശോധിക്കണം. ഹിന്‍ഡന്‍ബര്‍ഗ് അവരുടെ റിപ്പോര്‍ട്ട് എപ്പോഴും കൃത്യമാവണമെന്ന് പറയുന്നില്ലെന്നും സെബി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്റെ സെബി ചെയര്‍പേഴ്‌സനെതിരായ ആരോപണങ്ങള്‍ തീര്‍ത്തും അസംബന്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജേത്മലാനി പറഞ്ഞു. ഇന്ത്യയുടെ ഓഹരി വിപണിയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. അദാനി ഗ്രൂപ്പിനെതിരെ പുതിയതായി ഒന്നുമില്ല. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണെന്നും ജേത്മലാനി പറഞ്ഞു.
മ്യൂച്ചല്‍ ഫണ്ട്‌സ് സംഘടനയായ എംഎംഎഫ്‌ഐയും ആരോപണങ്ങളെ തള്ളി. മാധബി പുരി ബുച്ചിന്റെ സംഭാവനകളെ ഇന്ത്യയുടെ ഓഹരി വിപണിക്ക് നല്‍കിയ സംഭാവനകളെ വിലകുറച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എഎംഎഫ്‌ഐ പറഞ്ഞു.
വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. സെബിയുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു. എന്തുകൊണ്ട് സെബി ചെയര്‍പേഴ്‌സന്‍ സ്ഥാനമൊഴിയുന്നില്ല? സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തോട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിക്കാതിരിക്കുന്നത്. സുപ്രീം കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടായിരുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. മാധബിക്കും അവരുടെ ഭര്‍ത്താവിനും അദാനി പണമിടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട വിദേശ സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തല്‍. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
അദാനി ഗ്രൂപ്പും മാധബി ബുച്ചും ഈ ആരോപണങ്ങള്‍ നേരത്തെ തള്ളിയിരുന്നു. സമഗ്രമായി അന്വേഷിച്ചതാണ് ഈ ആരോപണങ്ങള്‍, തെളിവില്ലെന്നും, അതെല്ലാം അടിസ്ഥാനരഹിതമായ ആരോപങ്ങളാണെന്നും സുപ്രീം കോടതി തന്നെ പറഞ്ഞു. എന്നിട്ടും തെളിവില്ലാത്ത ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ്. മാധബി ബുച്ചുമായി ബിസിനസ് ഇടപാടില്ലെന്നും അദാനി കമ്പനി പറഞ്ഞു. കോണ്‍ഗ്രസ് മാധബി ബുച്ചിനും അദാനിക്കുമെതിരെ ജെപിസി അന്വേഷണമെന്ന വാദം ഉന്നയിച്ചിരിക്കുകയാണ്.












Click it and Unblock the Notifications