ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം വരുന്നു; 'റിംഗ് ഓഫ് ഫയർ' ഇന്ത്യയിൽ ദൃശ്യമാകുമോ? അറിയാം
ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം വരുന്ന ഓഗസ്‌റ്റ് 12-ന് സംഭവിക്കാൻ ഒരുങ്ങുകയാണ്. നിരവധി രാജ്യങ്ങളിലെ ആകാശ നിരീക്ഷകർക്ക് ഈ ആകാശ വിസ്‌മയം നേരിൽ കാണാൻ അവസരം ലഭിക്കും. എന്നിരുന്നാലും, ഇന്ത്യയിലെ ജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. ദൃക് പഞ്ചാങ്ങിന്റെ കണ്ടെത്തലുകൾ പ്രകാരം, ഗ്രഹണം രാജ്യത്ത് കാണാൻ കഴിയാത്തതുകൊണ്ട് സൂതക കാലം ആചരിക്കേണ്ടതില്ല.
ഇന്ത്യൻ സ്‌റ്റാൻഡേർഡ് സമയം അനുസരിച്ച്, ഓഗസ്‌റ്റ് 12 രാത്രി 9:04-ന് ഗ്രഹണം ആരംഭിക്കുകയും അടുത്ത ദിവസം ഓഗസ്‌റ്റ് 13 പുലർച്ചെ 4:25 വരെ തുടരുകയും ചെയ്യും. ഇത് ഒരു വലയ സൂര്യഗ്രഹണമായിരിക്കും. ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കാത്തതുകൊണ്ട്, ആകാശത്ത് തിളങ്ങുന്ന ഒരു വലയം കാണാൻ സാധിക്കും. ഇതുമൂലമാണ് ഇതിനെ 'വലയ സൂര്യഗ്രഹണം' അഥവാ 'റിംഗ് ഓഫ് ഫയർ' എന്ന് ഇതിനെ വിളിക്കുന്നത്.

ഈ സൂര്യഗ്രഹണത്തെ വേറിട്ടു നിർത്തുന്നത് അതിന്റെ വലയ രൂപമാണ്. ഈ പ്രതിഭാസത്തിൽ, ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുന്നുണ്ടെങ്കിലും, ഭൂമിയിൽ നിന്നുള്ള അതിന്റെ സ്ഥാനവും ദൂരവും കാരണം സൂര്യനെ പൂർണ്ണമായി മറയ്ക്കുന്നില്ല. തൽഫലമായി, ചന്ദ്രനു ചുറ്റും തിളക്കമുള്ള ഒരു വലയം രൂപം കൊള്ളുന്നു. ഇത് ലോകമെങ്ങുമുള്ള ആകാശ കാഴ്ച്ചക്കാരെ ആകർഷിക്കുന്ന പ്രശസ്‌തമായ 'റിംഗ് ഓഫ് ഫയർ' പ്രതിഭാസത്തിന് വഴിയൊരുക്കുന്നു.
ഇന്ത്യക്ക് ഈ ആകാശവിരുന്ന് നഷ്‌ടമാകുമെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും. യൂറോപ്പ്, കാനഡ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, ആർട്ടിക് പ്രദേശം, വടക്കൻ സ്പെയിൻ, അറ്റ്ലാന്റിക് സമുദ്ര മേഖല, വടക്ക് കിഴക്കൻ റഷ്യ എന്നിവിടങ്ങളിലെ ആളുകൾക്ക് ഈ അസുലഭ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.
സൂര്യഗ്രഹണം കാണുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ഏറെ പ്രധാനമാണ്. സൂര്യഗ്രഹണം നഗ്നനേത്രങ്ങൾകൊണ്ട് നേരിട്ട് കാണരുതെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഈ പ്രതിഭാസം വീക്ഷിക്കുമ്പോൾ കണ്ണുകൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് എന്നത് എല്ലാവരും അറിഞ്ഞിരിക്കണം.
ഗ്രഹണം വീക്ഷിക്കുന്നവർ ശ്രദ്ധിക്കുക
ഗ്രഹണം കാണാൻ പദ്ധതിയിടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അംഗീകൃത സോളാർ വ്യൂവിംഗ് ഗ്ലാസുകൾ മാത്രം ഉപയോഗിക്കുക. ഒരു കാരണവശാലും സംരക്ഷണമില്ലാതെ സൂര്യനെ നേരിട്ട് നോക്കരുത്. ക്യാമറകൾ, ബൈനോക്കുലറുകൾ, ടെലിസ്കോപ്പുകൾ എന്നിവയ്ക്ക് പ്രത്യേക സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കണം. ഗ്രഹണത്തിന്റെ ചിത്രങ്ങൾ പകർത്തുന്നവർ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
'റിംഗ് ഓഫ് ഫയർ' ഗ്രഹണം 2026-ലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ആകാശ സംഭവങ്ങളിൽ ഒന്നായി മാറും. ഇന്ത്യൻ കാഴ്‌ചക്കാർക്ക് തത്സമയ സ്ട്രീമുകളിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും മാത്രമേ ഈ കാഴ്‌ച ആസ്വദിക്കാൻ കഴിയൂ എന്ന് മാത്രം. വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് പക്ഷേ ഇത് കാണാനുള്ള അവസരം ഉണ്ടാവും.












Click it and Unblock the Notifications