താലിബാനെ ചൂണ്ടി മോദിയെ താക്കീത് ചെയ്ത് മെഹബൂബ; കശ്മീരികളുമായി ചര്‍ച്ച നടത്തണം
ശ്രീനഗര്‍: കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് 2019 ആഗസ്റ്റ് അഞ്ചിനാണ്. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവിയും എടുത്തുമാറ്റി. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ കശ്മീരിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണം എന്ന് ഏറെ നാളായി ആവശ്യപ്പെടുന്നു. അടുത്തിടെ കശ്മീരിലെത്തിയ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും സമാനമായ ആവശ്യം ഉന്നയിച്ചു.
എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇന്ന് കടുത്ത ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം രാജ്യം വിടുന്നതും താലിബാന്‍ ഭരണം പിടിച്ചതുമെല്ലാമാണ് മെഹ്ബൂബ ചൂണ്ടിക്കാട്ടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍

കേന്ദ്രസര്‍ക്കാരിനെ താക്കീത് ചെയ്തിരിക്കുകയാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി ലഭിച്ചതും താലിബാന്‍ ഭരണം പിടിച്ചതും മെഹ്ബൂബ എടുത്തു പറയുന്നു. സമകാലിക സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നരേന്ദ്ര മോദി കശ്മീരികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.

താലിബാന്‍ എങ്ങനെയാണ് നാറ്റോ സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പുറത്താക്കിയത് എന്ന് ചൂണ്ടിക്കാട്ടിയ മെഹ്ബൂബ കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിന് സമാധാന പരമായി സമരം ചെയ്യണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപി താലിബാന്‍വല്‍ക്കരിച്ചു എന്ന് മെഹ്ബൂബ കുറ്റപ്പെടുത്തി.

കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ മെഹ്ബൂബയുടെ മാതാവ് ഗുല്‍ഷാന്‍ നസീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഹ്ബൂബ. അവകാശങ്ങള്‍ സംരക്ഷിക്കുകയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട സ്ഥാപനങ്ങള്‍ താലിബാന്‍വല്‍ക്കരിക്കപ്പെട്ടുവെന്ന് മെഹ്ബൂബ പറഞ്ഞു.

മാധ്യമങ്ങളും താലിബാന്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മിക്ക മാധ്യമങ്ങളും ബിജെപിയുടെ പ്രസ്താവന ഇറക്കുന്നവര്‍ മാത്രമായി ചുരുങ്ങി. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അവര്‍ സംസാരിക്കുന്നേയില്ല. ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇതിന്റെ പിന്നിട്ട സംഭവങ്ങള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ എന്നായിരുന്നു മെഹ്ബൂബയുടെ മറുപടി.

മണ്ഡല പുനര്‍നിര്‍ണയ കമ്മീഷനെ കാണാന്‍ ഞങ്ങള്‍ തയ്യാറായില്ല. തൊട്ടടുത്ത ദിവസം ഞങ്ങള്‍ക്ക് സമന്‍സ് ലഭിച്ചു. ആഗസ്റ്റ് അഞ്ചിന് സമാധാനപരമായി പ്രതിഷേധിച്ചു. തൊട്ടടുത്ത ദിവസവും എനിക്ക് സമന്‍സ് ലഭിച്ചു. എന്‍ഐഎയും ഇഡിയുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നും മെഹ്ബൂബ ആരോപിച്ചു.

രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സുധ ഭരദ്വാജ്, ദിശ രവി, ഉമര്‍ ഖാലിദ് തുടങ്ങി അന്വേഷണം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകളും മെഹ്ബൂബ എടുത്തു പറഞ്ഞു.

കശ്മീരിലെ നേതാക്കളുമായി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഒരു പുരോഗതിയുമില്ലെന്ന് നേതാക്കള്‍ പിന്നീട് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് കശ്മീര്‍ നേതാക്കള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. അതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്നും അല്ലെങ്കില്‍ സഹകരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications