Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി മുന്നറിയിപ്പിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച് സെന്തിൽ ബാലാജി; പൊൻമുടിയും പുറത്ത്

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും പ്രമുഖ ഡിഎംകെ നേതാവുമായ വി സെന്തിൽ ബാലാജി എംകെ സ്‌റ്റാലിൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സെന്തിൽ ബാലാജി രാജിവച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കപ്പെടുമെന്ന് കോടതി സെന്തിൽ ബാലാജിക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

മന്ത്രിസ്ഥാനം വേണോ സ്വാതന്ത്ര്യം വേണോ എന്ന് തീരുമാനിക്കാനായിരുന്നു പരമോന്നത കോടതി നിർദ്ദേശിച്ചത്. ശൈവമതത്തെയും വൈഷ്‌ണവമതത്തെയും ലൈംഗികത്തൊഴിലാളിയുമായി ബന്ധിപ്പിക്കുന്ന വിവാദ പരാമർശത്തെ തുടർന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മറ്റൊരു മന്ത്രിയായ കെ പൊൻമുടിയും രാജിവച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മന്ത്രിമാരുടെ രാജി ഉണ്ടായിരിക്കുന്നത്.

senthilbalajiponmudiresign

വിവാദ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. എംകെ സ്‌റ്റാലിൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു പൊൻമുടി. വൈദ്യുതി, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്നു വി സെന്തിൽ ബാലാജി.

ജോലിക്ക് പണം നൽകിയെന്ന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 ജൂണിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത സെന്തിൽ ബാലാജിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജയിലിലായിരിക്കെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചെങ്കിലും ജാമ്യം ലഭിച്ചതിനെത്തുടർന്ന് ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ തിരികെ കൊണ്ട് വരികയായിരുന്നു.

എന്നാൽ ഇത് സുപ്രീം കോടതിയുടെ എതിർപ്പിന് ഇടയാക്കുകയായിരുന്നു. അദ്ദേഹത്തിനെതിരായ കുറ്റങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി, മന്ത്രിസഭയിലേക്കുള്ള ബാലാജിയുടെ മടങ്ങിവരവ് തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഹർജികൾ കേട്ട് വരികയായിരുന്നു സുപ്രീം കോടതി.

അതിനിടെ ഈ മാസം ആദ്യം, ജസ്‌റ്റിസുമാരായ അഭയ് എസ് ഓകയും എജി മാസിയും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ബാലാജിക്ക് മന്ത്രി സ്ഥാനമോ സ്വാതന്ത്ര്യമോ വേണ്ടത് എന്ന് തിരഞ്ഞെടുക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു, ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ സെന്തിൽ ബാലാജിക്ക് കോടതി തിങ്കളാഴ്‌ച വരെ അന്ത്യശാസനവും നൽകിയിരുന്നു.

സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് ബാലാജിക്ക് നൽകിയ ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി പരിഗണിക്കുകയായിരുന്നു. ഈ വേളയിലാണ് അദ്ദേഹത്തോട് കോടതി തന്നെ രാജിയുടെ കാര്യം സൂചിപ്പിച്ചത്. ഇതോടെ പ്രതിരോധത്തിലായ സെന്തിൽ ബാലാജിക്ക് മുൻപിൽ രാജി മാത്രമായിരുന്നു ഏക പോംവഴി.

പൊൻമുടിയുടെ കാര്യവും സമാനമായി പരുങ്ങലിലായിരുന്നു. കഴിഞ്ഞ ആഴ്‌ച മദ്രാസ് ഹൈക്കോടതി ഡിഎംകെ നേതാവിനെതിരെ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. പ്രസംഗം പ്രഥമദൃഷ്ട്യാ വിദ്വേഷ പ്രസംഗമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതോടെയാണ് പൊൻമുടിക്കും മന്ത്രിസ്ഥാനം നഷ്‍ടമായിരിക്കുന്നത്.

നേരത്തെ പ്രതിപക്ഷ സമ്മർദം ശക്തമായതോടെ പൊൻമുടിയെ പാർട്ടിയുടെ നേതൃത്വത്തിലെ താക്കോൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തിരുന്നു. സെന്തിൽ ബാലാജി വഹിച്ചിരുന്ന വൈദ്യുതി വകുപ്പ് ഇനി ഗതാഗത മന്ത്രി എസ്എസ് ശിവശങ്കർ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കൂടാതെ ബാലാജി തന്നെ വഹിച്ചിരുന്ന എക്സൈസ് വകുപ്പ് ഭവന മന്ത്രി എസ് മുത്തുസാമിക്ക് നൽകും.

കൂടാതെ നിലവിലുള്ള പാൽ, ക്ഷീര വികസന വകുപ്പിന് പുറമേ, പൊൻമുടിയുടെ വനം, ഖാദി വകുപ്പുകളുടെ ചുമതലകളും ആർഎസ് രാജകണ്ണപ്പൻ ഏറ്റെടുക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അധികാരത്തിൽ എത്തിയ ശേഷം ഇത് ആറാം തവണയാണ് ഡിഎംകെ സർക്കാരിൽ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+