എട്ട് കോടിയിൽ അധികം ജീവനക്കാർക്ക് നിരാശ; ഇപിഎഫ് പലിശ നിരക്ക് ഉയർത്താതെ സർക്കാർ, 8.25 ശതമാനമായി തുടരും
ന്യൂഡൽഹി: ഏറെക്കാലമായി രാജ്യത്തെ പിഎഫ് ഗുണഭോക്താക്കൾ കാത്തിരിക്കുന്ന പ്രഖ്യാപനം ഇനിയും വൈകും. ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുടർച്ചയായി രണ്ടാം വർഷവും 8.25 ശതമാനമായി നിലനിർത്തി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) രംഗത്ത് വന്നതോടെയാണ് ഇത്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള നിരക്കാണിത്. ഇപിഎഫ്ഒയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, 2024-25 സാമ്പത്തിക വർഷത്തേക്കും ഇപിഎഫ്ഒ 8.25 ശതമാനം പലിശ നിരക്ക് നിലനിർത്തിയിരുന്നു. 2024-ൽ, 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് 2022-23 ലെ 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി നേരിയ തോതിൽ വർധിപ്പിച്ചിരുന്നു. ഈ 0.10 ശതമാനം വർധനയ്ക്ക് ശേഷം കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഇതേ അതേപടി നിലനിർത്തുകയാണ് ചെയ്‌തത്.

ഇന്ന് നടന്ന യോഗത്തിൽ ഇപിഎഫ്ഒയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്‌റ്റീസ് (സിബിടി) 2025-26 വർഷത്തേക്ക് 8.25 ശതമാനം പലിശ നൽകാൻ തീരുമാനിച്ചതായി ഇത് സംബന്ധിച്ച വിവരം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇനി സിബിടിയുടെ ഈ തീരുമാനം ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയക്കും.
സർക്കാർ അംഗീകാരം നൽകുന്നതോടെ, 2025-26 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് ഏഴുകോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും. 2022 മാർച്ചിൽ, ഏഴ് കോടിയിലേറെ ഇപിഎഫ്ഒ വരിക്കാരുടെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള നിക്ഷേപപ്പലിശ നിരക്ക് 8.10 ശതമാനമായി കുറച്ചിരുന്നു.
ഇത് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. 2020-21 വർഷത്തിൽ ഇത് 8.5 ശതമാനം ആയിരുന്നു. 1977-78-ൽ എട്ട് ശതമാനമായിരുന്നതിന് ശേഷം, 2021-22 വർഷത്തിലെ 8.10 ശതമാനം നിരക്ക് ഏറ്റവും കുറഞ്ഞതായിരുന്നു. നിലവിൽ അഞ്ച് വർഷം മുൻപുള്ള നിരക്ക് വച്ച് നോക്കുമ്പോൾ കുറവ് തന്നെയാണ് എന്നതാണ് വാസ്‌തവം.
2020 മാർച്ചിൽ, 2019-20 സാമ്പത്തിക വർഷത്തേക്കുള്ള പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപിഎഫ്ഒ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചു. 2018-19 വർഷത്തിൽ ഇത് 8.65 ശതമാനമായിരുന്നു എന്നതാണ് കാര്യം. ഇത്തവണയെങ്കിലും സർക്കാർ പലിശ നിരക്കുകൾ ഉയർത്തുമെന്ന് കരുതിയ ജീവനക്കാർക്ക് ഇത് നിരാശ നൽകുന്ന തീരുമാനമാണ്.
മുൻ വർഷങ്ങളിൽ പലിശ നിരക്കുകൾ പലതായിരുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ 8.65 ശതമാനവും, 2017-18-ൽ 8.55 ശതമാനവുമായിരുന്നു. 2015-16-ൽ ഇത് അൽപം ഉയർന്ന് 8.8 ശതമാനത്തിലെത്തി. 2013-14 ലും 2014-15 ലും 8.75 ശതമാനം പലിശയാണ് നൽകിയത്, ഇത് 2012-13 ലെ 8.5 ശതമാനത്തേക്കാൾ അധികമാണ്. 2011-12 സാമ്പത്തിക വർഷത്തിൽ പലിശ നിരക്ക് 8.25 ശതമാനമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഒരേ നിരക്കാണ് ജീവനക്കാർക്ക് നൽകുന്നത്.
മറ്റൊരു സന്തോഷ വാർത്ത
അതേസമയം, തുടർച്ചയായി മൂന്ന് വർഷത്തേക്ക് സംഭാവനയോ ഇടപാടോ നടന്നിട്ടില്ലെങ്കിൽ ഒരു ഇപിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാൽ അടുത്തിടെ എടുത്ത പുതിയ തീരുമാനപ്രകാരം, 1,000 രൂപയോ അതിൽ കുറവോ ബാലൻസുള്ള അക്കൗണ്ടുകൾ നേരിട്ട് വരിക്കാരുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. പുതിയ അപേക്ഷയോ ബ്രാഞ്ച് സന്ദർശനമോ ഒന്നും കൂടാതെയാവും ഈ പണം കൈമാറ്റം.












Click it and Unblock the Notifications