സഞ്ജുവിനെ വീണ്ടും തഴയുമോ? ബിസിസിഐക്ക് താൽപര്യം മറ്റൊരു താരത്തെ, ചാമ്പ്യൻസ് ട്രോഫി കളിക്കില്ല, കാരണം
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഞെട്ടിക്കുന്ന തോൽവിയും ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന സ്വപ്‌നം പൊലിഞ്ഞതും ഇന്ത്യൻ ടീമിനെ അലട്ടുന്ന സമയമാണ് ഇത്. ഗൗതം ഗംഭീറിന് കീഴിൽ ടീം ഇന്ത്യ ശരാശരിക്കും താഴെയുള്ള പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിമിത ഓവറിൽ മാത്രമാണ് അൽപ്പമെങ്കിലും ആശ്വസിക്കാൻ വകയുള്ളത്. നിലവിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഗംഭീറിന് നിർണായകമാണ്.
ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടി വിമർശകർക്ക് മറുപടി നൽകാൻ ഗംഭീറിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഐസിസി കിരീട വരൾച്ച ടി20 ലോക കിരീടത്തോടെ അവസാനിച്ച സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് ഇത് സുവാരണവസരം തന്നെയാണ്. എങ്കിലും അന്തിമ ടീം ഇതുവരെ തയ്യാറായിട്ടില്ല, പ്രഖ്യാപനവും നടന്നിട്ടില്ല. അതിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയും ഗംഭീറിന് നിർണായകമാണ്.

എന്നാൽ ഇപ്പോഴിതാ മലയാളികൾക്കും രാജസ്ഥാൻ റോയൽസ് ആരാധകർക്കും ഒരുപോലെ ആശങ്ക നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ല എന്നാണ് സൂചന. അന്തിമ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത ഇല്ലെന്നാണ് ലഭ്യമായ വിവരം.
ബിജിടിയിലെ ശരാശരി പ്രകടനത്തിന് ഇടയിലും റിഷഭ് പന്തിന് തന്നെ ബിസിസിഐ അവസരം നൽകിയേക്കും എന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ടീം പ്രഖ്യാപിക്കുമ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ പ്രഥമ പരിഗണന മുതിർന്ന താരം കെഎൽ രാഹുലിന് തന്നെയായിരിക്കും. നാലാം നമ്പറിൽ രാഹുൽ ബാറ്റ് ചെയ്‌തേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിയിലേക്ക് സഞ്ജുവിന് ഇടം ലഭിക്കാതിരിക്കാൻ വേറെയും കാരണങ്ങളുണ്ട്. ഏകദിന ഫോർമാറ്റിൽ കുറച്ച് കാലമായി സഞ്ജു കളിച്ചിട്ട്. ഈ സാഹചര്യത്തിൽ റിഷഭ് പന്തിന് തന്നെ ബാക്കപ്പ് കീപ്പർ സ്ഥാനം നൽകാനാണ് സാധ്യത. കൂടാതെ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരമായ യശസ്വി ജയ്‌സ്വാൾ ടീമിൽ ഓപ്പണറായി ഇടം നേടാനുള്ള സാധ്യതയുമുണ്ട്.
അങ്ങനെ എങ്കിൽ സഞ്ജുവിന്റെ നില കൂടുതൽ പരുങ്ങലിലാവും. തുടർച്ചയായി മോശം പ്രകടനം കാഴ്ച വച്ചിട്ടും ഗില്ലിനെ ചേർത്തുനിർത്തുന്ന ബിസിസിഐ സഞ്ജുവിനെ മാറ്റി നിർത്തുന്നതിൽ ആരാധകർക്ക് അമർഷമുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ കൂടി സഞ്ജുവിനെ പുറത്തിരുത്തിയാൽ അത് കൂടാൻ മാത്രമേ ഇടയാക്കൂ. എങ്കിലും ഗംഭീറിന് സഞ്ജുവിനോടുള്ള താൽപര്യം ഗുണമായാൽ മാത്രമേ ഇനി താരത്തിന് എന്തെങ്കിലും സാധ്യത ഉള്ളൂ.
അതേസമയം, അടുത്ത് തന്നെ തുടങ്ങുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ഇടം നേടിയാൽ മാത്രമേ സഞ്ജുവിന് കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയൂ. ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. എങ്കിൽ തുടർ സെഞ്ച്വറികൾ നേടി ഞെട്ടിച്ചതിനാൽ താരത്തെ ടി20 ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അത് മാത്രമാണ് ഇനി ഏക പ്രതീക്ഷയായി അവശേഷിക്കുന്നത്.












Click it and Unblock the Notifications