ടിവികെയ്ക്കും വിജയ്ക്കും തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎമ്മും സിപിഐയും
ചെന്നൈ: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കാതെ പ്രത്യേകം മത്സരിക്കാൻ ഇടതുപാർട്ടികളായ സിപിഐയും സിപിഎമ്മും തീരുമാനിച്ചു. വിജയ് മുഖ്യമന്തിയായ തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന് പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയിട്ടും ഇടത് പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചത് ഭരണകക്ഷിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിയാലോചനകൾക്കും ഇരു ഇടതുപാർട്ടികൾ തമ്മിലുള്ള ചർച്ചകൾക്കും ശേഷമാണ് തീരുമാനമെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ പറഞ്ഞു. ധാരാപുരം മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയെ മത്സരിപ്പിക്കുമ്പോൾ, മധുരാന്തകം മണ്ഡലത്തിൽ സിപിഎം മത്സരിക്കും.

'2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമായിട്ടില്ല. പാർട്ടി പ്രവർത്തകരുമായും ഇടതുപാർട്ടികളുമായും ചർച്ച ചെയ്‌ത ശേഷമാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ധാരാപുരം മണ്ഡലത്തിൽ സിപിഐയും മധുരാന്തകം മണ്ഡലത്തിൽ സിപിഎമ്മും മത്സരിക്കും' ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് വീരപാണ്ഡ്യൻ പറഞ്ഞു.
ടിവികെ നേതൃത്വത്തിലുള്ള സർക്കാരിന് ഇടതുപാർട്ടികൾ പിന്തുണ തുടരുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകളിൽ പ്രത്യേകം മത്സരിക്കാനുള്ള തീരുമാനം. ഇതോടെ ഭരണകൂടത്തോടുള്ള രാഷ്ട്രീയ പിന്തുണയും ഉപതിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് ധാരണയും വ്യത്യസ്‌തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. ഒരുഘട്ടത്തിലും ടിവികെ സഖ്യത്തിന്റെ ഭാഗമാകുമെന്ന് ഇടത് പാർട്ടികൾ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഫാസിസ്‌റ്റ് ശക്തികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപാർട്ടികൾ ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് വീരപാണ്ഡ്യൻ പറഞ്ഞു. സംസ്ഥാനത്ത് മതനിരപേക്ഷ നിലപാട് ടിവികെ തുടർന്നും നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നാണ് ഇടത് പാർട്ടികൾ അറിയിച്ചിരിക്കുന്നത്.
നേരത്തെ ടിവികെ സെപ്റ്റംബർ 9ന് വിളിച്ചുചേർത്ത തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യകക്ഷികളുടെ രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് രണ്ട് ഇടതുപാർട്ടികളും തീരുമാനിച്ചിരുന്നു. തുടർന്ന് യോഗത്തിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണ് ഉണ്ടായത്. അതിന്റെ തുടർച്ചയായാണ് ഇടത് പാർട്ടികൾ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിലും സമാനമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് മന്ത്രിമാരായ എൻ ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽ കുമാർ, രാജ്മോഹൻ എന്നിവർ സിപിഐയുടെയും സിപിഎമ്മിന്റെയും ഓഫീസുകളിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ഈ ക്ഷണത്തിന് പിന്നാലെയും യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് ഇരു ഇടതുപാർട്ടികളും സ്വീകരിച്ചിരുന്നത്.


Click it and Unblock the Notifications
