ലൈംഗിക-ഗാര്‍ഹിക പീഡനങ്ങള്‍ ഇനി അച്ചടക്കലംഘനം, സിപിഎമ്മില്‍ ഭേദഗതിയൊരുങ്ങുന്നു
ദില്ലി: ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്കലംഘനമായി രേഖപ്പെടുത്താനൊരുങ്ങി സിപിഎം. ഇതിനായി പാര്‍ട്ടി ഭരണഘടന ഭേഗഗതി ചെയ്യാനാണ് സിപിഎം തീരുമാനം. പാര്‍ട്ടിയില്‍ അച്ചടക്കലംഘനമായി എന്തെല്ലാം കണക്കാക്കാം എന്നതിനെ കുറിച്ച് വിശദീകരിക്കുന്ന പാര്‍ട്ടി ഭരണഘടനയുടെ ഭാഗത്ത് പുതിയ ഭേദഗതി എഴുതി ചേര്‍ക്കാനാണ് തീരുമാനം. മുന്‍ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതോടെ പാര്‍ട്ടി അംഗം ലൈംഗിക-ഗാര്‍ഹിക പീഡനം നടത്തിയാല്‍ അത് ഗുരുതരമായി അച്ചടക്കലംഘനമായി തന്നെ പാര്‍ട്ടി കണക്കാക്കും.

സിപിഎം അച്ചടക്ക ലംഘനത്തെ കുറിച്ച് 19ാം വകുപ്പിലാണ് പറയുന്നത്. ഇതിലാണ് പുതിയ നിര്‍ദേശങ്ങള്‍ എഴുതി ചേര്‍ക്കുക. രണ്ടാമത്തെ ഭരണഘടനാ ഭേദഗതിയായി പ്രായപരിധിയും അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും പ്രായപരിധി നിശ്ചയിച്ചു. പുതിയ പാര്‍ട്ടി കോണ്‍ഗ്രസ് ഈ വര്‍ഷം ഏപ്രില്‍ ആറ് മുതല്‍ പത്താം തിയതി വരെ കണ്ണൂരില്‍ നടക്കുന്നുണ്ട്. ഇതില്‍ അവതരിപ്പിക്കേണ്ട ഭേദഗതികളെ കുറിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ട് പ്രധാന നിര്‍ദേശങ്ങള്‍ കേന്ദ്ര കമ്മിറ്റി അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനുള്ളില്‍ തന്നെ നിയമമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ധാരണയില്‍ എത്താനാണ് സിപിഎം ശ്രമം. എന്തൊക്കെ ചെയ്താല്‍ നടപടിയെടുക്കാം എന്ന് വ്യക്തമാക്കി രേഖപ്പെടുത്തണമെന്ന തീരുമാനം വേണമെന്ന് മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ തത്വങ്ങളോ ഭരണഘടനയോ ലംഘിക്കുന്നത് നേരത്തെ തന്നെ അച്ചടക്ക ലംഘനമായി കണക്കാക്കണമെന്ന് ഭരണഘടനയില്‍ നേരത്തെ തന്നെ പരാമര്‍ശിക്കുന്നുണ്ട്. അതിന് പുറമേ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അച്ചടക്കലംഘനം രേഖപ്പെടുത്താനാണ് തീരുമാനം.
ഭരണഘടനയില്‍ ഇത്തരം കാര്യങ്ങള്‍ എഴുതി ചേര്‍ക്കാത്തത് കൊണ്ട് പ്രശ്‌നങ്ങള്‍ സിപിഎമ്മിനുള്ളില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി തത്വം ലംഘിച്ചിട്ടില്ലെന്നായിരുന്നു ആരോപണവിധേയര്‍ പലപ്പോഴും മറുപടി നല്‍കിയിരുന്നത്. കണ്‍ട്രോള്‍ കമ്മീഷനെ അനാവശ്യ പരാതിയാണെന്ന് പറഞ്ഞ് സമീപിക്കാറുമുണ്ടായിരുന്നു. സ്ഥിരമായി ഇത് സംഭവിച്ചതോടെ സിപിഎം നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പുതിയ ഭേദഗതിക്ക് പിന്തുണയുണ്ട്. അതേസമയം പ്രായപരിധി നിശ്ചയിക്കുന്നതും ഇതോടൊപ്പം എഴുതി ചേര്‍ക്കും. കേന്ദ്ര-സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ്സിന് താഴെയുള്ളവര്‍ മതിയെന്ന് കേന്ദ്രക്കമ്മിറ്റി നേരത്തെ തീരുമാനിച്ചതാണ്.
പ്രായപരിധിയുടെ കാര്യത്തില്‍ ചില ഇളവുകല്‍ നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു. ഇത് ഭരണഘടനയില്‍ എഴുതി ചേര്‍ത്താലേ കേന്ദ്രക്കമ്മിറ്റി തീരുമാനിക്കാനാവൂ. അതുകൊണ്ടാണ് പുതിയ നടപടി വേണ്ടി വന്നിരിക്കുന്നത്. വനിതാ പ്രാതിനിധ്യം വിവിധ ഘടകങ്ങളില്‍ ഘട്ടം ഘട്ടമായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. എത്ര വനിതാ പ്രാതിനിധ്യം ഓരോ ഘടകങ്ങളിലും വേണമെന്ന കാര്യം തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. നിലവില്‍ 15 ശതമാനം വരെ വേണമെന്നാണ് നിര്‍ദേശം. സ്ത്രീകള്‍ കേന്ദ്ര കമ്മിറ്റി വരെ എത്തട്ടെയെന്നാണ് സിപിഎം നിലപാട്.












Click it and Unblock the Notifications