റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് തുടരും, മൂന്ന് വര്‍ഷത്തേക്ക് വീണ്ടും നിയമനം
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് വീണ്ടും നിയമനം. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറി തുടങ്ങിയ സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും നിയമിതനായിരിക്കുന്നത്. പണപ്പെരുപ്പവും, വിലക്കയറ്റവുമെല്ലാം ഇനിയുള്ള മൂന്ന് വര്‍ഷം ശക്തികാന്ത ദാസിന് മുന്നിലുള്ള വെല്ലുവിളികളാണ്. അപ്പോയിന്റമെന്റ്‌സ് കമ്മിറ്റിയാണ് നിയമനം അംഗീകരിച്ചത്. ഡിസംബര്‍ പത്ത് മുതല്‍ ഈ നിയമം നിലവില്‍ വരും. ആ ദിവസമാണ് ശക്തികാന്ത ദാസിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചാ പദ്ധതികള്‍ക്ക് ശക്തികാന്ത ദാസിന്റെ സേവനം നിര്‍ണായകമാണ്.

ശക്തികാന്ത ദാസ് ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായിട്ടാണ് നിയമിതനായത്. കേന്ദ്ര സര്‍ക്കാരില്‍ നിര്‍ണായകമായ പല വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. വളരെ സീനിയറായിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. സാമ്പത്തിക മേഖല, ടാക്‌സേഷന്‍, വാണിജ്യം, അടിസ്ഥാന സൗകര്യം, തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ അദ്ദേഹം വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ആര്‍ബിഐ ഗവര്‍ണറാകുന്നതിന് മുമ്പ് റവന്യു വിഭാഗം സെക്രട്ടറിയും ധനകാര്യ മന്ത്രാലയത്തില്‍ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായിരുന്നു. മോദി സര്‍ക്കാരുമായുള്ള അടുപ്പവും, മികച്ച ഉദ്യോഗസ്ഥനെന്ന പേരും ദാസിന് ഗുണകരമായി മാറുകയായിരുന്നു.
38 വര്‍ഷം നീണ്ട കരിയറില്‍ റവന്യൂ സെക്രട്ടറിയായും, ധനകാര്യ മന്ത്രാലയത്തിലെ പ്രമുഖ പദവിയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്. എട്ടോളം കേന്ദ്ര ബജറ്റുകളുമായി നേരിട്ട് ബന്ധമുണ്ട് ദാസിന്. ധനകാര്യ മന്ത്രാലയത്തിലെ തന്റെ കാലാവധിയുടെ സമയത്തായിരുന്നു ഇത്രയും ബജറ്റുകള്‍ തയ്യാറാക്കുന്നതില്‍ ദാസും പങ്കാളിയായത്. പതിനഞ്ചാമത് ധനകാര്യ കമ്മീഷനിലും ദാസ് അംഗമായിരുന്നു. ജി20യില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും ദാസ് എത്തിയിരുന്നു.
തമിഴ്‌നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. കൊവിഡ് കാലത്ത് സാമ്പത്തിക വളര്‍ച്ചയ്ക്കായി പലിശ നിരക്കുകളില്‍ അടക്കം കുറവ് വരുത്തിയിരുന്നു. ഇത് ദാസിന്റെ മികവായിട്ടാണ് കാണുന്നത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മറ്റ് പല പ്രതിസന്ധിയിലേക്കും വീണത് ദാസിന് തിരിച്ചടിയായിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും, ഇന്ധന വില വിപണിയെ പിന്നോട്ടടിക്കുന്നതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. ഭക്ഷ്യപണപ്പെരുപ്പവും വര്‍ധിച്ചിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചില മേഖലകള്‍ മികച്ച വളര്‍ച്ച നേടുമെന്ന് സൂചനയുണ്ട്. ഇതെല്ലാം പരിശോധിച്ച് വിപണിയെ തിരിച്ചുകൊണ്ടുവരികയാണ് ദാസിനുള്ള വെല്ലുവിളി.












Click it and Unblock the Notifications