'ജെൻസിക്ക് എമർജൻസി അല്ല വേണ്ടത്'; ഡൽഹിയിലെ നിയന്ത്രണങ്ങളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ
ന്യൂഡൽഹി: ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി നഗരമധ്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. സിജെപി നേതാക്കളെയും പ്രതിഷേധക്കാരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. ചോദ്യങ്ങളെ നേരിടാൻ ആത്മവിശ്വാസമുള്ള സർക്കാർ തയ്യാറാകണമെന്നും തലസ്ഥാനത്തെ ഒരു കോട്ടയാക്കി മാറ്റുന്നത് സംശയങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ സുതാര്യതയിൽ വിശ്വാസമുള്ള സർക്കാർ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് തരൂർ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചത്. ചോദ്യങ്ങൾ ഒഴിവാക്കാൻ തലസ്ഥാനത്തെ സുരക്ഷാ കോട്ടയാക്കി മാറ്റുന്നത് സംശയങ്ങൾ ഇല്ലാതാക്കുന്നതിനു പകരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങൾക്ക് മറുപടി നൽകുകയാണ് വേണ്ടതെന്നും ലാത്തികൾ ഉപയോഗിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാരിക്കേഡുകൾ സ്ഥാപിച്ചതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം വീണ്ടെടുക്കാനാകില്ലെന്നും ജനങ്ങളുടെ ചോദ്യങ്ങൾക്ക് എത്രയും വേഗം മറുപടി നൽകണമെന്നും തരൂർ പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ തനിക്ക് നഗരത്തിൽ കണ്ട നിയന്ത്രണങ്ങൾ അസാധാരണമാണെന്നും തരൂർ പറഞ്ഞു. ഏതാനും നൂറ് മീറ്ററുകൾക്കിടയിൽ പോലീസ് പരിശോധനകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ, റോഡുകളിൽ സ്ഥാപിച്ച ലോഹമുനകളുള്ള തടയണകൾ എന്നിവയുണ്ടായിരുന്നുവെന്ന് അദ്ദേഹം വിവരിച്ചു.
നഗരത്തിലുടനീളം 22,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചതായും 250 ട്രെയിനുകൾ റദ്ദാക്കിയതായും 45 മെട്രോ സ്റ്റേഷനുകൾ അടച്ചതായും അദ്ദേഹം അവകാശപ്പെട്ടു. യുവാക്കളെ അവരുടെ വീടുകളിൽനിന്നും ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും തെരുവുകളിൽനിന്നും കസ്റ്റഡിയിലെടുത്തതായുള്ള റിപ്പോർട്ടുകളും അദ്ദേഹം പരാമർശിച്ചു.
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതും സഞ്ചാരസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും തരൂർ വിമർശിച്ചു. ജനങ്ങൾക്ക് പ്രതിഷേധിക്കാനും വിയോജിപ്പ് അറിയിക്കാനും വേണ്ടിയാണ് ജന്തർ മന്തർ നിശ്ചയിച്ചിരിക്കുന്നതെന്നും എന്നാൽ അവിടേക്കുള്ള റോഡുകൾക്കുപോലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട സമയത്ത് ഇത്രയധികം പൊലീസുകാരെയും സുരക്ഷാ സംവിധാനങ്ങളെയും വിന്യസിക്കാനുള്ള താൽപര്യം എവിടെയാണെന്നും തരൂർ ചോദിച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും പ്രതിഷേധക്കാർ തിങ്കളാഴ്ച വീണ്ടും എത്തിയാൽ തലസ്ഥാനത്ത് വീണ്ടും ഇതേ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
യുവതലമുറയ്ക്ക് ഇതിലും മെച്ചപ്പെട്ട സാഹചര്യം അർഹിക്കുന്നുണ്ടെന്നും പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കരുതെന്നും തരൂർ തന്റെ പ്രതികരണത്തിൽ പറഞ്ഞു. ജെൻസീക്ക് എമർജൻസി അല്ല വേണ്ടത് അവർ അതിലും നല്ലത് അർഹിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നവരോട് ഒരു സർക്കാർ എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണ് ആ ജനാധിപത്യത്തിന്റെ കരുത്ത് അളക്കപ്പെടുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. അതേസമയം, ഡൽഹിയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. സിജെപി മാത്രമല്ല സിപിഎം, എഎപി, തൃണമൂൽ എന്നിങ്ങനെ പ്രതിപക്ഷ കക്ഷികൾ എല്ലാം തന്നെ പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications
