രാംലല്ലയുടെ ചിത്രം പങ്കുവെച്ച് ശശി തരൂര്‍; രാമക്ഷേത്രത്തിന് ആശംസകള്‍ നേര്‍ന്ന് ഡികെ ശിവകുമാര്‍
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം രാംലല്ല വിഗ്രഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ശശി തരൂര്‍. എക്‌സിലൂടെയായിരുന്നു തരൂര്‍ ചിത്രം പങ്കുവെച്ചത്. സിയാവര്‍ രാമചന്ദ്ര കി ജയ് എന്നായിരുന്നു തരൂര്‍ കുറിച്ചത്. കോണ്‍ഗ്രസ് നേരത്തെ തന്നെ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
അതുകൊണ്ട് തരൂര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇന്ത്യ സഖ്യത്തിലെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ബിജെപി ചടങ്ങിനെ രാഷ്ട്രീയവത്കരിച്ചുവെന്നായിരുന്നു കോണ്‍ഗ്രസിന്റെയും, പ്രതിപക്ഷ സഖ്യത്തിന്റെയും പരാതി. നേരത്തെ ഇക്കാര്യത്തില്‍ വിശദീകരണവും തരൂര്‍ നല്‍കിയിരുന്നു. രാഷ്ട്രീയ പരിപാടിയാണെന്ന് തോന്നിയത് കൊണ്ടാണ് കോണ്‍ഗ്രസ് രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.

നമുക്കെല്ലാം ഓരോ മതവിശ്വാസങ്ങളുണ്ടാവും. അതിനനുസരിച്ചായിരിക്കും നമ്മുടെ വിശ്വാസം. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഞങ്ങളെടുത്ത നിലപാട് വ്യക്തമാണ്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അത് രാഷ്ട്രീയ പരിപാടിയായി മാറി കഴിഞ്ഞു. ഞങ്ങള്‍ ഇതൊരു നല്ല കാര്യമായി കാണുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
അതേസമയം ക്ഷേത്രത്തില്‍ ഞാന്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്. അതില്‍ രാഷ്ട്രീയം കളിക്കാനല്ലെന്നും തരൂര്‍ പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ സമയത്ത് ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുമോ എന്ന ചോദ്യത്തിനായി തരൂരിന്റെ മറുപടി. അതേസമയം കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാമക്ഷേത്രത്തിന് ആശംസ നേര്‍ന്നു. കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും, വിജയകരമാണെന്നും ശിവകുമാര്‍ പറഞ്ഞു.
അതുപോലെ രാമന്റെ ആദര്‍ശത്തിനും, ഹനുമാന്റെ വിശ്വാസത്തിനും ഒരേ അര്‍ഥമാണ് ഉള്ളത്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് തന്റെ എല്ലാ വിധ ആശംസകളുമെന്നും ഡികെ ശിവകുമാര്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. നേരത്തെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍ പൊതു അവധി പ്രഖ്യാപിക്കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തെയും ഡികെ ശിവകുമാര്‍ ന്യായീകരിച്ചിരുന്നു.
സിദ്ധരാമയ്യയുടെ പേരില്‍ രാമനുണ്ട്. എന്റെ പേരില്‍ ശിവനുണ്ട്. ആരും ഞങ്ങളെ ഒന്നും പഠിപ്പിക്കുകയോ,സമ്മര്‍ദം ചെലുത്തുകയോ ചെയ്യേണ്ടതില്ല. സ്വന്തം കടമ നിര്‍വഹിക്കാന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി-ആര്‍എസ്എസ് നേതാക്കളുടെയും, സെലിബ്രിറ്റികളുടെയും എല്ലാം സാന്നിധ്യത്തിലാണ് ഇന്ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്.
പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. അമിതാഭ് ബച്ചന്‍, സൈന നേവാള്‍, രജനീകാന്ത്, ചിരഞ്ജീവി, രാംചരണ്‍, അനില്‍ കുംബ്ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സോനു നിഗം, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, മുകേഷ് അംബാനി, നിത അംബാനി, തുടങ്ങി നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെ ചടങ്ങിനെത്തിയത്.












Click it and Unblock the Notifications