ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൂത്തുവാരി കോണ്‍ഗ്രസ്; എഎപി വട്ടപൂജ്യം, ബിജെപിക്കും രക്ഷയില്ല
ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിരിക്കുകയാണ് പാര്‍ട്ടി. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് പാര്‍ട്ടി സ്വന്തമാക്കിയത്. ആകെയുള്ള 34 വാര്‍ഡില്‍ 24 വാര്‍ഡുകളും കോണ്‍ഗ്രസ് സ്വന്തമാക്കി.
ഇതോടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാനും കോണ്‍ഗ്രസിന് സാധിച്ചു. അതേസമയം ഏറെ പ്രതീക്ഷ വെച്ച് മത്സരത്തിന് ഇറങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് ഒറ്റ സീറ്റും നേടാനായില്ല. ബിജെപിക്കും കാര്യമായ നേട്ടമൊന്നുമില്ല. ഒന്‍പത് വാര്‍ഡുകളിലാണ് അവര്‍ വിജയിച്ചത്. ശേഷിച്ച ഒരു വാര്‍ഡില്‍ വിജയം സിപിഎമ്മിനാണ്.

അതേസമയം ബിജെപിയും കോണ്‍ഗ്രസും 34 വാര്‍ഡിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. അതേസമയം സിപിഎം നാല് വാര്‍ഡിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. എഎപി 21 സീറ്റിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. എന്നാല്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെ അവര്‍ നിരാശരായി. ഒന്‍പത് സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു. ഇവരെല്ലാം പരജായപ്പെട്ടു.
മൊത്തം 102 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കോണ്‍ഗ്രസ് നേടിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്തായിരുന്നു കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫലത്തിലും കണ്ടത്.
കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. അതേസമയം 2017ലെ ഷിംല മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായിരുന്നു. 32 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ബിജെപി ഇവിടെ അധികാരം പിടിച്ചത്. 17 വാര്‍ഡുകളിലായിരുന്നു ബിജെപിയുടെ ജയം.
അതേസമയം കോണ്‍ഗ്രസിന് ആകെ 12 വാര്‍ഡുകളിലാണ് വിജയിക്കാന്‍സാധിച്ചത്. സിപിഎം അന്നും ഒരു സീറ്റിലാണ് വിജയിച്ചത്. പക്ഷേ അഞ്ച് വര്‍ഷം മുമ്പ് നാല് സ്വതന്ത്രര്‍ ഇവിടെ വിജയിച്ചിരുന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ഇത്തവണ മുന്‍തൂക്കം. അനിരുദ്ധ് സിംഗ്, വിക്രമാദിത്യ സിംഗ്, ഹരീഷ് ജനാര്‍ധ എന്നീ മന്ത്രിമാരുടെ കോട്ടയിലായിരുന്നു ഭൂരിഭാഗം മണ്ഡലങ്ങളും. അതുകൊണ്ട് ജയപ്രതീക്ഷയുണ്ടായിരുന്നു.
പഴയ പെന്‍ഷന്‍ പദ്ധതി കോണ്‍ഗ്രസ് തിരികെ കൊണ്ടുവന്ന് നടപ്പാക്കിയത് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമായി മാറുകയായിരുന്നു. ഇവിടെയുള്ള വാര്‍ഡുകളില്‍ നല്ലൊരു ഭാഗവും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇവര്‍ ബിജെപിക്കെതിരെ നേരത്തെ തന്നെ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ രംഗത്തെത്തിയതാണ്.
അതേസമയം ബിജെപിയുടെ ബോളിഗഞ്ച് സ്ഥാനാര്‍ത്ഥി കിരണ്‍ ബാബ ഇവിഎമ്മില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്. ഇവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ള ടാര്‍ഗറ്റ്. അത് എളുപ്പമുള്ള ടാസ്‌കല്ല.












Click it and Unblock the Notifications