'ശിവസേനയുടെ പേരിനും ചിഹ്നത്തിനും വേണ്ടി മറിച്ചത് 2000 കോടി', ആരോപണവുമായി സഞ്ജയ് റാവുത്ത്
കഴിഞ്ഞ ദിവസമാണ് ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച് കൊണ്ടുളള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നത്.

ദില്ലി: ശിവസേനയുടെ പേരും ഔദ്യോഗിക ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതില്‍ ഗുരുതര ആരോപണവുമായി ഉദ്ധവ് താക്കറെ വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത്. ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ചതില്‍ 2000 കോടിയുടെ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് സഞ്ജയ് റാവുത്തിന്റെ ആരോപണം. ട്വിറ്ററിലൂടെയാണ് റാവുത്ത് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എനിക്ക് ഉറപ്പുണ്ട്. പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും കിട്ടാന്‍ വേണ്ടി ഇതുവരെ 2000 കോടി രൂപ കൈമറിഞ്ഞ് പോയിട്ടുണ്ട്. ഇത് ആദ്യത്തെ കണക്കാണ്, നൂറ് ശതമാനം ശരിയുമാണ്. വളരെ അടുത്ത് തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരും. ഇതുപോലൊരു സംഗതി രാജ്യത്ത് ഇതുവരെ സംഭവിച്ചിട്ടില്ല, റാവുത്ത് ട്വീറ്റ് ചെയ്തു.
2000 കോടി എന്നത് ആദ്യത്തെ വിവരം മാത്രമാണെന്ന് ഇതേക്കുറിച്ച് പിന്നീട് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ഇക്കാര്യം പറയുന്നത് മുഴുവന്‍ വിവരവും കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തികഞ്ഞ ഉത്തരവാദിത്തത്തോട് കൂടിയാണ്. കോര്‍പറേറ്റര്‍മാര്‍ക്ക് 50 ലക്ഷം, എംഎല്‍എമാര്‍ക്ക് 50 കോടി, എംപിമാര്‍ക്ക് 100 കോടി. തനിക്ക് അടുപ്പമുളള ഒരു ബില്‍ഡറില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും ഇക്കാര്യം എല്ലായിടത്തും ചര്‍ച്ചയാണെന്നും റാവുത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനേയും സഞ്ജയ് റാവുത്ത് വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുളള ഒരു ഭരണഘടനാ സ്ഥാപനം നിഷ്പക്ഷമായിരിക്കുക മാത്രമല്ല വേണ്ടത്, സ്വാധീനങ്ങളില്‍ അകപ്പെട്ടിട്ടില്ലെന്ന് കൂടി ഉറപ്പാക്കണം. ദൗര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്നില്ല. ബിജെപിക്ക് ഒരു കൂസലും ഇല്ല, ഇറക്കിയ 2000 കോടി മുതലാക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും ( 40 എംഎല്‍എX 50 കോടി).
സഞ്ജയ് റാവുത്തിനെതിരെ ഷിന്‍ഡെ വിഭാഗത്തിലേയും ബിജെപിയിലേയും നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സഞ്ജയ് റാവുത്ത് കാഷ്യര്‍ ആയിരുന്നോ എന്നാണ് ഷിന്‍ഡെ ക്യാമ്പിലെ എംഎല്‍എയായ സദ സര്‍വന്‍കര്‍ തിരിച്ചടിച്ചത്. സ്വതന്ത്ര സ്ഥാപനങ്ങളായ സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും അപമാനിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുളളതാണ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ സുധീര്‍ മുന്‍ഗന്തിവാര്‍ പ്രതികരിച്ചു.












Click it and Unblock the Notifications