നന്നായി പണിയെടുക്ക് മക്കളേ; ജീവനക്കാർക്ക് ടാറ്റ കാറും ബുള്ളറ്റ് ബൈക്കും ആക്‌ടീവ സ്‌കൂട്ടറും നൽകി കമ്പനി..!
ചെന്നൈ: ഓണത്തിനും വിഷുവിനും ദീപാവലിക്കും ഒക്കെ കമ്പനികൾ ബോണസുകൾ നൽകുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചിലയിടത്ത് അത് പണമായും ചിലയിടത്ത് മധുര പലഹാരങ്ങളായും ഒക്കെ ഇത്തരത്തിൽ സമ്മാനങ്ങൾ കൊടുക്കാറുണ്ട്. അതിൽ ചിലത് നമുക്കും കിട്ടിയിട്ടുണ്ടാവും. എന്നാൽ ജീവനക്കാർക്ക് നൽകിയ സമ്മാനങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കമ്പനി.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ലോജിസ്‌റ്റിക്‌സ് കമ്പനി കഠിനാധ്വാനികളായ തങ്ങളുടെ ജീവനക്കാർക്ക് സമ്മാനമായി കൊടുത്തത് ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളും. വിപണിയിൽ ഏറ്റവും മികച്ച വിൽപ്പന തന്നെ നടത്തി വരുന്ന ടാറ്റ കാറുകളും റോയൽ എൻഫീൽഡ് ബൈക്കുകളും ആക്‌ടീവ സ്‌കൂട്ടറുകളും ഒക്കെ ഇതിൽ ഉൾപ്പെടുന്നു.

തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർമൗണ്ട് ലോജിസ്‌റ്റിക്‌സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ കഠിനാധ്വാനവും സ്ഥാപനത്തോടുള്ള അർപ്പണബോധവും തിരിച്ചറിഞ്ഞുകൊണ്ട് കാറുകളും മോട്ടോർസൈക്കിളുകളും സമ്മാനിച്ചതെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഞായറാഴ്‌ച അറിയിച്ചു.
ടാറ്റ കാറുകൾ, ആക്‌ടീവ സ്‌കൂട്ടറുകൾ, റോയൽ എൻഫീൽഡ് ബൈക്കുകൾ എന്നിവ 20 ജീവനക്കാർക്കാണ് വീതിച്ചു നൽകിയത്. കമ്പനിയിൽ തങ്ങളുടെ പ്രവർത്തനം ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ തൊഴിലാളികൾക്ക് പ്രചോദനമായി കൊണ്ടാണ് കമ്പനിയുടെ ഈ നീക്കം. വിവിധ വെല്ലുവിളികൾക്ക് ഇടയിലും തങ്ങളുടെ കഠിനാധ്വാനം വഴി വിജയം നേടിയെടുത്ത ജീവനക്കാർക്കാണ് ഈ ആനുകൂല്യത്തിന് അർഹത.
'ഏത് തരത്തിലുള്ള ബിസിനസുകൾക്കുമായി ലോജിസ്‌റ്റിക്‌സ് കൂടുതൽ ലളിതമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. പരമ്പരാഗത ഷിപ്പിംഗ്, ലോജിസ്‌റ്റിക് പ്രക്രിയകളുടെ പ്രശ്‌ന മേഖലകൾ ഞങ്ങളും മനസ്സിലാക്കുന്നു, കാര്യക്ഷമത മാത്രമല്ല പരിസ്ഥിതി ബോധവും ഉള്ള പരിഹാരങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.' കമ്പനിയുടെ സ്ഥാപകനും ഡയറക്‌ടറുമായ ഡെൻസിൽ റയാൻ പറഞ്ഞു.
ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ശക്തമായ ജീവനക്കാരുടെ ക്ഷേമ പരിപാടി നടപ്പിലാക്കുന്നത് മൊത്തത്തിലുള്ള ജീവനക്കാരുടെ സംതൃപ്‌തി മെച്ചപ്പെടുത്തുക മാത്രമല്ല, ഉൽപ്പാദനക്ഷമത, ഇടപഴകൽ, കമ്പനിയിൽ നിലനിർത്തൽ എന്നിവയ്ക്കുള്ള സാധ്യതകൾ വർധിപ്പിക്കുമെന്നും മികച്ച ഫലങ്ങൾ തന്നെ കമ്പനിക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications