മങ്കിപോക്‌സ് രോഗികളോട് ജാഗ്രതയോടെ ഇടപെടണം; സോപ്പും സാനിറ്റൈസറും ഉപയോഗിക്കണം: കേന്ദ്രം
ന്യൂദല്‍ഹി: രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന മങ്കിപോക്‌സിനെ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മങ്കിപോക്‌സ് പ്രതിരോധത്തില്‍ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
രോഗം പകരാതിരിക്കാന്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തിലാക്കണം എന്നതാണ് കേന്ദ്രം മുന്നോട്ടു വെച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ പ്രധാനം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കാനും രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കൈയുറയും മാസ്‌കും പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ധരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവര്‍ ക്വാറന്റീനിന് സമാനമായി പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണം. രോഗബധ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ കൂടുകയും യു എ ഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള്‍ മങ്കിപോക്‌സ് ബാധിച്ച് കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. അതിനിടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളില്‍ വച്ച് തന്നെ മങ്കി പോക്‌സ് പരിശോധനയ്ക്ക് വിധേയരാക്കണം എന്ന് യു എ ഇയോട് ഇന്ത്യ ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് രോഗം ബാധിച്ചവരില്‍ ചിലര്‍ യു എ ഇയില്‍ നിന്നെത്തിയവരാണ് എന്നതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ ദിവസം കേരളത്തില്‍ മങ്കിപോക്‌സ് ബാധിച്ച് മരിച്ച തൃശ്ശൂര്‍ സ്വദേശി യു എ ഇയിലെ പരിശോധയില്‍ പോസിറ്റീവായ വിവരം മറച്ചുവെക്കുകയും രോഗവിവരം മറച്ചുവച്ച് നിരവധി പേരുമായി ഇടപഴകുകയും ചെയ്തു എന്നാണ് അധികൃതര്‍ പറയുന്നത്.
ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അതേസമയം മങ്കിപോക്‌സ് പ്രതിരോധത്തില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും, ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്.
ഐ സി എം ആര്‍ വാക്‌സിനും, പരിശോധനാ കിറ്റും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ മങ്കിപോക്സ് വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഒ അഡാര്‍ പുനെവാല അറിയിച്ചിരുന്നു.
ചൈനീസ് ഹെയര്‍സ്റ്റൈലാണോ..? കിടിലന്‍ ചിത്രവുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകര്‍
കേരളത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി ഉള്‍പ്പെടെ 8 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ദല്‍ഹിയില്‍ താമസിക്കുന്ന മറ്റൊരു നൈജീരിയന്‍ സ്വദേശിക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ രാജ്യ തലസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നായി വര്‍ധിച്ചിച്ചു. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. രോഗമുക്തനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.












Click it and Unblock the Notifications