'ഇന്ത്യയ്ക്ക് ഉണ്ടായ നഷ്‌ടത്തിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ'; ഓപ്പറേഷൻ സിന്ദൂറിൽ അജിത് ഡോവലിന്റെ വെല്ലുവിളി
ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പുകഴ്ത്തിയും വിദേശ മാധ്യമങ്ങളെ വിമർശിച്ചും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ രംഗത്ത്. ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണ് ഓപ്പറേഷൻ സിന്ദൂറെന്നാണ് അജിത് ഡോവൽ പറഞ്ഞത്. ഇന്ത്യയിൽ ഉണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിദേശ മാധ്യമ റിപ്പോർട്ടുകൾ പൂർണമായും അദ്ദേഹം തള്ളിക്കളഞ്ഞു എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്ക് നാശനഷ്‌ടം ഉണ്ടായെങ്കിൽ അത് തെളിയിക്കുന്ന ഒരു ചിത്രമെങ്കിലും കാണിക്കാനും അദ്ദേഹം വിദേശ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. "ഇന്ത്യയുടെ നാശനഷ്‌ടങ്ങളുടെ ഒരു ഫോട്ടോ പോലും കാണിക്കൂ - ഒരു ഗ്ലാസ് തകർന്നതെങ്കിലും" എന്നാണ് അജിത് ഡോവൽ പറഞ്ഞത്. ആസൂത്രിത ലക്ഷ്യങ്ങൾക്കപ്പുറം അപ്രതീക്ഷിതമായ നാശനഷ്‌ടങ്ങൾ ഓപ്പറേഷൻ സിന്ദൂർ ഉണ്ടാക്കിയെന്ന അവകാശവാദങ്ങളെ അദ്ദേഹം തള്ളി.

മദ്രാസ് ഐഐടിയുടെ 62-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 23 മിനിറ്റ് നീണ്ടുനിന്ന ദൗത്യത്തിലൂടെ അതിർത്തിയിൽ നിന്ന് അകലെയുള്ള പാകിസ്ഥാനുള്ളിലെ ഒമ്പത് നിശ്ചിത ലക്ഷ്യങ്ങൾ ഒരു ക്രോസ്-ക്രോസ് പാറ്റേണിൽ തകർത്തുവെന്നാണ് അജിത് ഡോവൽ അവകാശപ്പെട്ടത്.
ഈ ആക്രമണത്തിന്റെ കൃത്യതയെ ക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഒരു ലക്ഷ്യം പോലും വിട്ടുകളഞ്ഞില്ലെന്നും മറ്റെവിടെയും ആക്രമണം നടത്തിയില്ലെന്നും ഡോവൽ പറഞ്ഞു. 'അവർ ഈ കാര്യങ്ങൾ എഴുതി, ന്യൂയോർക്ക് ടൈംസ്... കൂടാതെ മറ്റു പലതും പ്രസിദ്ധീകരിച്ചു.. മെയ് 10 ന് മുമ്പും ശേഷവുമുള്ള പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങൾ മാത്രമേ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ളൂ, അത് സർഗോധ, റഹിം യാർ ഖാൻ, ചക്ലാല എന്നിവിടങ്ങളാണ്' അദ്ദേഹം വ്യക്തമാക്കി.
'വിദേശ മാധ്യമങ്ങൾ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ എന്താണ് പ്രസിദ്ധീകരിച്ചതെന്ന് മാത്രമാണ് ഞാൻ നിങ്ങളോട് ചോദിക്കുന്നത്... പാകിസ്ഥാൻ വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ വരുത്താൻ നമുക്ക് കഴിയും' അജിത് ഡോവൽ പറഞ്ഞു. ഇത്രത്തോളം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് പോലെ അല്ല ആക്രമണം കൃത്യമായിരുന്നു എന്നും ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടത്തിയ നരഹത്യയുടെ പകരമായാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിന് തുടക്കമിട്ടത്. ബഹവൽപൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനവും മുരിഡ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രധാന താവളവും ഉൾപ്പെടെ പാകിസ്ഥാൻ, പാക് അധീന കശ്‌മീർ എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന ആക്രമിച്ചത്.
ഇതിന് പിന്നാലെ തിരിച്ചടി നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ത്യയ്ക്ക് നേരെ അവർ തൊടുത്തുവിട്ട മിസൈലുകൾ, ഡ്രോണുകൾ എന്നിവയെല്ലാം സൈന്യം തകർത്തിരുന്നു. ഒടുവിൽ ദിവസങ്ങൾ നീണ്ട സംഘർഷ സാഹചര്യത്തിന് ഒടുവിൽ വെടിനിർത്തൽ നിലവിൽ വരികയായിരുന്നു.
ഏപ്രിൽ 22നാണ് കശ്‍മീരിലെ പഹൽഗാമിൽ ക്രൂരമായ ഭീകരാക്രമണം നടന്നത്. 26 പേരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നാലെ ഇതിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നു. തുടർന്നാണ് പതിനാല് ദിവസങ്ങൾക്ക് ശേഷം ഇന്ത്യ പാക്, പാക് അധീന കശ്‌മീർ എന്നിവിടങ്ങളിലെ ഒമ്പതോളം ഭീകരകേന്ദ്രങ്ങൾ തകർക്കാൻ തീരുമാനിച്ചത്.












Click it and Unblock the Notifications