'ഹിന്ദുമതത്തിൽ തുല്യതയുണ്ടെങ്കിൽ പിന്നെ എന്തിനാണ് ചിലർ മതം മാറുന്നത്'; വിവാദ പ്രസ്‌താവനയുമായി സിദ്ധരാമയ്യ
ബെംഗളൂരു: ഹിന്ദുമതത്തിനെ എടുത്തുപറഞ്ഞുകൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്‌താവന വിവാദത്തിൽ. ഹിന്ദു സമൂഹത്തിൽ തുല്യതയുണ്ടെങ്കിൽ എന്തിനാണ് ചിലരെങ്കിലും മതം മാറുന്നത് എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. അയിത്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പരാമർശം.
'സമത്വം ഉണ്ടായിരുന്നെങ്കിൽ, തൊട്ടുകൂടായ്‌മ എന്തിനാണ് നിലവിൽ വന്നത്? നമ്മൾ തൊട്ടുകൂടായ്‌മ സൃഷ്‌ടിച്ചതാണോ? ഇസ്ലാമിലോ ക്രിസ്‌തുമതത്തിലോ മറ്റേതെങ്കിലും മതത്തിലോ അസമത്വങ്ങൾ ഉണ്ടാകാം. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ ആളുകൾ മതം മാറുന്നുണ്ട്, അത് അവരുടെ അവകാശമാണ്' സിദ്ധരാമയ്യ പറഞ്ഞു.

എന്നാൽ ഇത് ബിജെപി വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക വിഷയത്തിൽ സിദ്ധാരാമയ്യയോട് ചോദ്യങ്ങളുമായി രംഗത്ത് വന്നു. സിദ്ധരാമയ്യ ഹിന്ദു മതത്തെ മാത്രമാണ് വിമർശിക്കുന്നത് എന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. മാത്രമല്ല മുസ്ലീം മതത്തിലെ അസമത്വങ്ങൾ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
'സമത്വത്തിന്റെ കാര്യം വരുമ്പോൾ, നിങ്ങൾ എപ്പോഴും ഹിന്ദുമതത്തെയാണ് ലക്ഷ്യമിടുന്നത്, അല്ലേ മുഖ്യമന്ത്രി സിദ്ധരാമയ്യ? സമത്വത്തെക്കുറിച്ച് മുസ്ലീങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. സിദ്ധരാമയ്യയുടെ പരാമർശത്തെ എതിർത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ ചോദ്യം.
പഹൽഗാം ഭീകരാക്രമണവും പള്ളികളിൽ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളും, മുത്തലാഖ് നിരോധിക്കുന്നതിനെതിരായ എതിർപ്പും, മുസ്ലീങ്ങൾ അല്ലാത്തവരെക്കുറിച്ചുള്ള ഖുറാൻ പരാമർശങ്ങളും ഉദ്ധരിച്ച് അശോക ഇസ്ലാമിലെ വിവിധ ആചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്‌തു. സിദ്ധരാമയ്യയുടെ പരാമർശം ഏറ്റെടുക്കുക എന്നതിലുപരി അതിനെ ആയുധമാക്കുകയാണ് ബിജെപി.
'അതെ, ജാതിവ്യവസ്ഥ ഹിന്ദു സമൂഹത്തിനുള്ളിലെ ഒരു ശാപമാണ്, ഇത് ഒരു വസ്‌തുതയാണ്. എന്നാൽ കാലക്രമേണ ഹിന്ദു സമൂഹത്തെ തിരുത്താനും പരിവർത്തനം ചെയ്യാനും നിരവധി മഹാനായ പരിഷ്‌കർത്താക്കൾ ജന്മം എടുത്തിട്ടുണ്ട്. സ്വയം തിരുത്താനും മാറാനുമുള്ള ശക്തി ഹിന്ദു സമൂഹത്തിനുണ്ട്' എന്നും അശോക പറയുന്നു.
'ബസവണ്ണ മുതൽ സ്വാമി വിവേകാനന്ദൻ വരെയും, ഡോ. ബിആർ അംബേദ്‌കർ മുതൽ ഇന്നുവരെയുള്ള എണ്ണമറ്റ പരിഷ്‌കർത്താക്കൾ ഹിന്ദു സമൂഹത്തെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചിട്ടുണ്ട്, തുടർന്നും പ്രവർത്തിക്കുന്നു. എന്നാൽ ഇസ്ലാമിൽ, ആഴത്തിൽ വേരൂന്നിയ മൗലികവാദവും ജിഹാദി മനോഭാവവും ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്‌തിട്ടില്ല' പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
നിലവിൽ സിദ്ധരാമയ്യയുടെ പരാമർശത്തോടെ മതം മാറ്റാതെ കുറിച്ചുള്ള ചർച്ചകൾ കർണാടകയിൽ കൂടുതൽ ശക്തമാവുകയാണ്. ബിജെപി കാര്യമായി തന്നെ വിഷയം ഏറ്റെടുത്തിട്ടുണ്ട്. മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ള നേതാക്കളും ഇക്കാര്യത്തിൽ സിദ്ധരാമയ്യയെ നിശിതമായി വിമർശിച്ചു.












Click it and Unblock the Notifications