കർണാടകയിൽ അധികാര കൈമാറ്റമില്ല? ഡികെയുടെ മോഹം വെറുതെയായി, സിദ്ധരാമയ്യ തുടരുമെന്ന് മകൻ യതീന്ദ്ര
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് വർഷവും പദവിയിൽ തുടരുമെന്നും വ്യക്തമാക്കി കോൺഗ്രസ് എംഎൽസിയും സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ. ഇതേക്കുറിച്ച് പാർട്ടി ഹൈക്കമാൻഡ് വ്യക്തമായ സൂചന നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതോടെ കഴിഞ്ഞ കുറേ മാസങ്ങളായി കർണാടകയിൽ നടക്കുന്ന ചർച്ചകൾക്ക് അവസാനമാവുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
നിലവിൽ മാധ്യമ ചർച്ചകളിൽ മാത്രമാണ് നേതൃമാറ്റം എന്ന വിഷയമുള്ളതെന്ന് യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. 'ആരും ഇക്കാര്യം ചർച്ച ചെയ്യുന്നില്ല. മാധ്യമങ്ങൾ മാത്രമാണ് ഇത് ഇപ്പോൾ സംസാരിക്കുന്നതെന്ന് തോന്നുന്നു. എനിക്കറിയുന്നിടത്തോളം രാഷ്ട്രീയ വൃത്തങ്ങളിൽ ആരും ഇതേക്കുറിച്ച് പറയുന്നില്ല. ആ വിഷയം ഇപ്പോൾ തീർപ്പായി' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ നിർണായകമായ ഭരണപരമായ വിഷയങ്ങളിലേക്ക് മാറേണ്ടതുണ്ടെന്നും യതീന്ദ്ര ചൂണ്ടിക്കാട്ടി. 'സംസ്ഥാനത്ത് ശ്രദ്ധിക്കേണ്ട മറ്റ് പല വിഷയങ്ങളുമുണ്ട്. ബജറ്റ് ഉടൻ വരുന്നുണ്ട്. സാമ്പത്തിക സ്ഥിതിയിലും കൂടുതൽ ശ്രദ്ധ വേണം, കാരണം മുൻപത്തേതുപോലെ വരുമാനം ലഭിക്കുന്നില്ല, കേന്ദ്രസർക്കാർ നൽകേണ്ട ഫണ്ടുകൾ വിട്ടുനൽകുന്നുമില്ല. അതിനാൽ, അക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്' യതീന്ദ്ര പറയുന്നു.
പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന വാദം യതീന്ദ്ര പൂർണമായും തള്ളി. നേതൃമാറ്റത്തിനായുള്ള ഒരു ആവശ്യവും പാർട്ടി നേതൃത്വം പരിഗണിച്ചിട്ടില്ലെന്ന് യതീന്ദ്ര സിദ്ധരാമയ്യ പറയുന്നു. 'സിദ്ധരാമയ്യയെ മാറ്റണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാൻഡിന് മുന്നിൽ ചില ആവശ്യങ്ങൾ വന്നുവെങ്കിൽ പോലും അവയ്ക്ക് പ്രാധാന്യം ലഭിച്ചില്ല. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ അദ്ദേഹം അഞ്ച് വർഷവും മുഖ്യമന്ത്രിയായി തുടരും' അദ്ദേഹം ചൂണ്ടിക്കാട്ടി.
പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാർട്ടി നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. 'എന്റെ അഭിപ്രായത്തിൽ ഹൈക്കമാൻഡ് ഇതിൽ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. അവർ ഒരുപക്ഷേ പരസ്യമായി പറഞ്ഞിട്ടുണ്ടാകില്ല, പക്ഷേ ഇപ്പോൾ നേതൃമാറ്റം ഉണ്ടാകില്ലെന്ന് അവർ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ സിദ്ധരാമയ്യ അഞ്ച് വർഷവും മുഖ്യമന്ത്രിയായി തുടരും' യതീന്ദ്ര നിലപാട് വ്യക്തമാക്കി.
നേരത്തെ കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ ഭരണകാലയളവിന്റെ പകുതി പൂർത്തിയാക്കിയ നവംബർ 20ന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തിപ്പെട്ടിരുന്നു. 2023-ൽ സർക്കാർ രൂപീകരണ സമയത്ത് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ ഒരു അധികാര പങ്കാളിത്ത ധാരണയുണ്ടായിരുന്നെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ അതുമായി ബന്ധപ്പെട്ട് തുടർ നടപടികളോ നീക്കങ്ങളോ ഒന്നും തന്നെ പിന്നീട് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി ഡികെ ശിവകുമാർ പല നീക്കങ്ങളും നടത്തിയെങ്കിലും അതൊന്നും ഫലത്തിൽ എത്തിയിരുന്നില്ല. രണ്ടര വർഷം എന്ന കാലാവധി കഴിഞ്ഞ് ഇപ്പോൾ സർക്കാർ മൂന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ യതീന്ദ്രയുടെ വാക്കുകൾ ഈ വിവാദം അവസാനിപ്പിക്കാൻ കാരണമാവുമോ അല്ലെങ്കിൽ പുതിയ വിവാദത്തിന് തുടക്കമിടുമോ എന്ന് കണ്ടറിയണം.












Click it and Unblock the Notifications