Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൗനം വിനയമല്ല, അത് കീഴടങ്ങലാണ്'; ഇന്ത്യൻ സത്വം ആധികാരികമായി അവതരിപ്പിക്കണമെന്ന ആഹ്വാനവുമായി അദാനി

സിനിമയിലൂടെയും കഥപറച്ചിലിലൂടെയും ഇന്ത്യ സ്വന്തം ആഗോള ആഖ്യാനം രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. വിദേശ വ്യാഖ്യാനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഇന്ത്യൻ സ്വത്വം ആധികാരികമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

'നമ്മൾ ആരാണെന്ന് നമ്മൾ തന്നെ പറഞ്ഞില്ലെങ്കിൽ, മറ്റുള്ളവർ നമ്മൾ ആരായിരുന്നു എന്ന് തിരുത്തിയെഴുതും' എന്നായിരുന്നു ഇന്നലെ നടന്ന സ്വകാര്യ ചടങ്ങിൽ വച്ച് ഗൗതം അദാനി പറഞ്ഞു. സിനിമ, കഥപറച്ചിൽ, ഉയർന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ഇന്ത്യ സ്വന്തം ആഗോള ആഖ്യാനം രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

gautamadaniissues

വിസ്‌ലിംഗ് വുഡ്‌സ് ഇൻ്റർനാഷണലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തങ്ങളുടെ സ്വത്വം നിർവചിക്കാൻ വിദേശശക്തികളെ അനുവദിക്കുന്നത് ഇന്ത്യ നിർത്തണമെന്ന് അദാനി പറഞ്ഞു. 'മൗനം വിനയമല്ല, അത് കീഴടങ്ങലാണ്' എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധി, സ്ലംഡോഗ് മില്ല്യണയർ പോലുള്ള സിനിമകളെ ചൂണ്ടിക്കാട്ടി, ഇന്ത്യൻ കഥകൾ പലപ്പോഴും പാശ്ചാത്യ വീക്ഷണങ്ങളിലൂടെയാണ് പറയപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം കഥയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടത്, അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വികലമായ ചിത്രീകരണങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് ലാഭം നേടാൻ അവസരം നൽകിയെന്നും, സ്വന്തം സ്വത്വം നിർവചിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നത് രാജ്യം നിർത്തണമെന്നും അദ്ദേഹം വാദിച്ചു.

കഥപറച്ചിലിൻ്റെ ഇരട്ടത്താപ്പ് സ്വഭാവത്തെക്കുറിച്ചും അദാനി മുന്നറിയിപ്പ് നൽകി. ആഖ്യാനങ്ങൾ നമ്പറുകളേക്കാൾ വേഗത്തിൽ വിപണിയെ ചലിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2023-ലെ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, അത് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ നിന്ന് 100 ബില്യൺ ഡോളറിലധികം താൽക്കാലികമായി ഇല്ലാതാക്കിയെന്നും, ആഗോളതലത്തിൽ പ്രചരിപ്പിക്കപ്പെട്ട ഒരു തെറ്റായ കഥയ്ക്ക് പതിറ്റാണ്ടുകളുടെ പ്രയത്നത്തെ ഇല്ലാതാക്കാൻ കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലായിരുന്നു ആ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

'കേവലം ദിവസങ്ങൾക്കുള്ളിൽ, ഞങ്ങളുടെ 100 ബില്യൺ ഡോളറിലധികം വിപണി മൂല്യം ഇല്ലാതായി. ഏതെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചതുകൊണ്ടോ, വസ്‌തുതകൾ പരാജയപ്പെട്ടതുകൊണ്ടോ ആയിരുന്നില്ല അത്. മറിച്ച്, പൂർണ്ണമായും തെറ്റായ ഒരു കഥയെ ആയുധമാക്കിയത് കൊണ്ടായിരുന്നു' അദ്ദേഹം പറഞ്ഞു. ഷോർട്ട് സെല്ലർ റിപ്പോർട്ടിനെ തന്റെ പോർട്ട്-ഊർജ്ജ ബിസിനസ് സാമ്രാജ്യത്തിനെതിരായ കണക്കുകൂട്ടിയ ആക്രമണം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഈ ആക്രമണത്തിന് ശേഷം അദാനി ഗ്രൂപ്പ് നഷ്‌ടപ്പെട്ടതെല്ലാം പൂർണ്ണമായും തിരിച്ചുപിടിക്കുകയും കൂടുതൽ ശക്തമായി ഉയർന്നുവരുകയും ചെയ്‌തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തലക്കെട്ടുകൾക്ക് പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തെ ഇല്ലാതാക്കാൻ കഴിയുന്ന, സത്യത്തിന്റെ കഥകൾക്ക് ധാരണകളുടെ കഥകൾക്ക് പിന്നിലാകാൻ കഴിയുന്ന ഒരു കാലഘട്ടത്തെയാണ് ഈ സംഭവം എടുത്തു കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്നത്തെ ലോകത്ത് സത്യം ഉറക്കെ പറയേണ്ടതുണ്ടെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു. കാരണം, മൗനം മറ്റുള്ളവർക്ക് നിങ്ങളുടെ വിധി രചിക്കാൻ ഇടം നൽകുന്നു. നമ്മൾ ആരാണെന്ന് നമ്മൾ തന്നെ പറഞ്ഞില്ലെങ്കിൽ, മറ്റുള്ളവർ നമ്മൾ ആരായിരുന്നു എന്ന് തിരുത്തിയെഴുതും. അതുകൊണ്ടാണ് നമ്മൾ നമ്മുടെ കഥയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കേണ്ടത്, അഹങ്കാരത്തോടെയല്ല, ആധികാരികതയോടെ, പ്രചാരണമായല്ല, ലക്ഷ്യബോധത്തോടെയാണ്' ഗൗതം അദാനി വ്യക്തമാക്കി.

ടോപ്പ് ഗൺ പോലുള്ള അമേരിക്കൻ സിനിമകളുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആ സിനിമ വെറും സിനിമ വിൽക്കുകയല്ല; അത് ശക്തി പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്. ആകാശയുദ്ധങ്ങൾക്കും വീരകൃത്യങ്ങൾക്കും പിന്നിൽ അതിവിദഗ്ദ്ധമായി മെനഞ്ഞെടുത്ത ആഖ്യാനങ്ങളുണ്ട്. അത് ദേശീയ അഭിമാനത്തെയും, യുഎസ് സൈന്യത്തിന്റെ ശക്തിയെയും, ലോകത്തിന്റെ എല്ലാ കോണുകളിലേക്കും അമേരിക്കൻ ധീരതയുടെ പ്രതിച്ഛായയെയും ഉയർത്തിക്കാട്ടുന്നു' അദാനി പറഞ്ഞു.

'ഈ സിനിമകൾ വെറും കഥകളല്ല. ധാരണകളെ രൂപപ്പെടുത്താനും, യുഎസ് ശക്തി പ്രദർശിപ്പിക്കാനും, യുഎസ് സ്വത്വം നിർവചിക്കാനും രൂപകൽപ്പന ചെയ്‌ത തന്ത്രപരമായ ഉപകരണങ്ങളാണവ' അദ്ദേഹം പറഞ്ഞു. ഇൻഡിപെൻഡൻസ് ഡേ, ബ്ലാക്ക് ഹോക്ക് ഡൗൺ, അമേരിക്കൻ സ്നൈപ്പർ, റോക്കി, അപ്പോളോ 13, റാംബോ തുടങ്ങിയ സിനിമകളെയും അദ്ദേഹം ഈ പട്ടികയിൽ ഉൾപ്പെടുത്തി.

ഓരോ ആഗോള സൂപ്പർഹിറ്റും അമേരിക്കയുടെ ശക്തി മാത്രമല്ല, അതിന്റെ ധാർമ്മിക അധികാരവും കൃത്യമായി ആളുകൾക്ക് മുന്നിൽ അവതരിപ്പിച്ചു. സൈനികർക്ക് ഭൂമി കീഴടക്കാൻ കഴിയുമ്പോൾ, കഥ പറയുന്നവർക്ക് മനസുകൾ കീഴടക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു എന്നും ഗൗതം അദാനി കൂട്ടിച്ചേർത്തു.

വളരെക്കാലമായി, ഇന്ത്യയുടെ ശബ്‌ദം നമ്മുടെ അതിർത്തികൾക്കുള്ളിൽ ഉറച്ചതായിരുന്നു, എന്നാൽ അതിനപ്പുറം മങ്ങിയതായിരുന്നു. ആ മൗനത്തിൽ, മറ്റുള്ളവർ പേനയെടുത്ത്, പക്ഷപാതവും അവരുടെ സൗകര്യങ്ങളും കലർന്ന കണ്ണടകളിലൂടെ ഭാരതത്തെ വരച്ചു' എന്ന് പറഞ്ഞ അദ്ദേഹം സ്ലംഡോഗ് മില്ല്യണയർ, ഗാന്ധി പോലുള്ള സിനിമകളെ ഉദാഹരണമാക്കി, ഇന്ത്യൻ കഥകൾ വിദേശ വീക്ഷണങ്ങളിലൂടെ എന്തുകൊണ്ട് തുടർന്നും പറയപ്പെടുന്നു എന്നും ചോദിച്ചു.

നമ്മുടെ ദുഃഖം അവരുടെ കാഴ്‌ച വസ്‌തുവായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ദൗർബല്യം ഒരിക്കലും ഭാവനാശേഷി ആയിരുന്നില്ല; അത് മടിയായിരുന്നുവെന്നും അദാനി ചൂണ്ടിക്കാട്ടി. മാത്രമല്ല കഥപറച്ചിലിന്റെ ശക്തി ഒരു ഇരുതലവാളാണെന്ന് അദാനി മുന്നറിയിപ്പ് നൽകി. 'ശരിയായ കൈകളിൽ, അത് രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്നു. തെറ്റായ കൈകളിൽ, അത് മനസ്സുകളെ സ്വാധീനിക്കുന്നു' അദാനി പറയുന്നു.

വിപുലവും വികാരഭരിതവുമായ പ്രസംഗത്തിൽ, സിനിമാ ഇതിഹാസങ്ങളായ രാജ് കപൂറിനും ഗുരു ദത്തിനും അദാനി ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രനിർമ്മാണത്തിൽ സിനിമയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം, ഓരോ പദ്ധതിയും ഉരുക്കിൽ നിന്നല്ല, ഒരു കഥയിൽ നിന്നാണ് ആരംഭിക്കുന്നതെന്നും ഊന്നിപ്പറഞ്ഞു. സിനിമയുടെ ഭാവിയിലേക്ക് നോക്കുമ്പോൾ, AI എങ്ങനെ സിനിമയുടെ ഭാവിയെ പുനർനിർമ്മിക്കുമെന്ന് അദാനി വിശദീകരിച്ചു.

തൽക്ഷണ ആഗോള റിലീസുകൾ, തത്സമയ കഥപറച്ചിൽ, അതി-വ്യക്തിഗതമാക്കിയ ഉള്ളടക്കം എന്നിവ ഇത് സാധ്യമാക്കും. ഭാരതത്തിന്റെ കഥ ആധികാരികതയോടെയും ലക്ഷ്യബോധത്തോടെയും പറയാൻ ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ അദ്ദേഹം യുവ കലാകാരന്മാരോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു.

എഐ പ്രവചനം ശക്തിപ്പെടുത്തുന്ന സിനിമ ഉള്ളടക്കം നിർമ്മാണം സമൂലമായി ചെലവ് കുറഞ്ഞതും, വ്യക്തിഗതമാക്കിയതും, തത്സമയവും ആക്കി മാറ്റുമെന്ന് അദാനി അഭിപ്രായപ്പെട്ടു. ഇതൊരു പുതിയ ലോകമാണ്, നിങ്ങൾ ഇതിലേക്ക് കടന്നുവരികയാണ്, അദാനി വിദ്യാർത്ഥികളോട് പറഞ്ഞു. ഇങ്ങനെയുള്ള സർഗ്ഗാത്മക ശക്തിക്കൊപ്പം ഉത്തരവാദിത്തവും വരുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഭാവിയിലേക്ക് നോക്കുമ്പോൾ, തൽക്ഷണ ബഹുഭാഷാ റിലീസുകൾ, എഐ നിർമ്മിത സംഗീതം, തത്സമയ കഥപറച്ചിൽ, അതി-വ്യക്തിഗതമാക്കിയ സിനിമകൾ എന്നിവ ഉൾക്കൊള്ളുന്ന എഐ വിപ്ലവം സിനിമയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അദാനി ഒരു ഭാവനാത്മക ചിത്രം അവതരിപ്പിച്ചു. 'മനുഷ്യന്റെ കഴിവിന്റെ അടുത്ത വലിയ മുന്നേറ്റം നാം കണ്ടെത്തുന്നതിൽ നിന്നല്ല, മറിച്ച് നാം സൃഷ്‌ടിക്കാൻ ധൈര്യപ്പെടുന്നതിൽ നിന്നാണ് വരുന്നത്' ഗൗതം അദാനി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+