കര്‍ഷക സമരവേദിയിലെ കൊലപാതകം: മുഖ്യപത്രി സരബ്ജീത്ത് സിംഗ് കീഴടങ്ങി, അറസ്റ്റ് രേഖപ്പെടുത്തി
ദില്ലി: കര്‍ഷക സമരം നടക്കുന്ന വേദിയിലെ ഞെട്ടിക്കുന്ന കൊലപാതകത്തില്‍ ഒരാള്‍ കീഴടങ്ങി. നിഹാംഗ് വിഭാഗത്തിലെ സരബ്ജീത്ത് സിംഗ് എന്നയാളാണ് കീഴടങ്ങിയത്. ഇയാളാണ് ലഖ്ബീര്‍ സിംഗിനെ കൊലപ്പെടുത്തിയതെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലഖ്ബീറിന്റെ കൈയ്യും കാലും വെട്ടി കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പോലീസ് ഇതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് ഇയാളെ തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമം. നാളെ സരബ്ജിത്ത് സിംഗിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു കൊല്ലപ്പെട്ട ലഖ്ബീര്‍ സിംഗ്. ഇയാള്‍ക്കെതിരെ കേസുകളൊന്നും നിലവില്‍ ഇല്ല. രാഷ്ട്രീയപരമായി ഒരുപാര്‍ട്ടിയുമായും ഇയാള്‍ക്ക് ബന്ധമില്ല. നേരത്തെ നിഹാംഗ് ഗ്രൂപ്പ് ഇയാളെ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു. ദൈവനിന്ദ കാണിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് നിഹാംഗുകള്‍ പറഞ്ഞിരുന്നു. സംഘടനയുടെ നേതാക്കളിലൊരാളായ ബല്‍വീന്ദര്‍ സിംഗ് ഇയാള്‍ മതഗ്രന്ഥം എടുത്ത് രക്ഷപ്പെടാന്‍ നോക്കിയെന്ന് ആരോപിച്ചു. അതോടെയാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും ബല്‍വീന്ദര്‍ പറഞ്ഞു. തങ്ങളെ ഒരു പോലീസും ചോദ്യം ചെയ്തിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
കൊല്ലപ്പെട്ട ലഖ്ബീര്‍ സിംഗിന്റെ ശരീരത്തില്‍ പത്തോളം മുറിവുകളുണ്ടായിരുന്നു. പുറത്തുവന്ന ഒരുവീഡിയോയില്‍ പരിക്കേറ്റയാള്‍ക്കൊപ്പം നിഹാംഗുകള്‍ നില്‍ക്കുന്നതാണ് ഉള്ളത്. ഇയാള്‍ മതഗ്രന്ഥം നശിപ്പിച്ചെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. നേരത്തെ സംയുക്ത കിസാന്‍ മോര്‍ച്ച കൊലപാതകത്തിന് പിന്നില്‍ നിഹാംഗുകളാണെന്ന് ആരോപിച്ചിരുന്നു. പോലീസ് എത്തുമ്പോഴേക്ക് ഇയാള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് നേരത്തെ ഹരിയാന പോലീസ് പറഞ്ഞിരുന്നു. ഈ മൃതദേഹം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വലിയ പ്രതിഷേധവും നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് കഷ്ടപ്പെട്ടാണ് സോനിപത്തിലെ സിവില്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്.
അതേസമയം കര്‍ഷകര്‍ക്കെതിരെയുള്ള ആയുധമാക്കി ഇതിനെ ഉപയോഗിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ടുണ്ട്. പട്ടികജാതി ദേശീയ കമ്മീഷന്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനോട് 24 മണിക്കൂറിനുള്ളില്‍ സംഭവത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അരാജകവാദികളായ കര്‍ഷകരാണ് ഇതിന് പിന്നിലെന്നാണ് ബിജെപി ആരോപിച്ചത്. ഈ സമരം തന്നെ തുറന്നുകാട്ടപ്പെടേണ്ട സമയമായി, രാജ്യത്തിനോട് നീതികേടാണ് അവര്‍ കാണിക്കുന്നതെന്നും ബിജെപി വക്താവ് സംപിത് പത്ര ആരോപിച്ചു. കര്‍ഷകരുടെ പേരില്‍ അരാജകവാദികള്‍ നയക്കുന്നതാണ് ഈ പ്രക്ഷോഭമെന്ന് പത്ര ആരോപിച്ചു. ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും കര്‍ഷകര്‍ക്ക് നേരെയാണ് വിരല്‍ചൂണ്ടിയത്.












Click it and Unblock the Notifications