വോട്ടർ പട്ടികയിലെ എസ്‌ഐആർ; ഉപയോഗിച്ച സോഫ്റ്റ്‌വെയർ വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: എസ്‌ഐആർ നടപടിക്കിടെ വോട്ടർപട്ടികയിലെ പിശകുകളും പൊരുത്തക്കേടുകളും കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്‌വെയറിന്റെ പേരും പതിപ്പും വെളിപ്പെടുത്താൻ കൂട്ടാക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. വാണിജ്യപരമായ രഹസ്യങ്ങൾ, വ്യാപാര രഹസ്യങ്ങൾ, ബൗദ്ധിക സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളായതിനാൽ വിവരാവകാശ നിയമപ്രകാരം ഇവ വെളിപ്പെടുത്തുന്നതിൽ ഇളവുണ്ടെന്നാണ് കമ്മീഷന്റെ വിശദീകരണം.
ഒക്ടോബർ 16ന് നൽകിയ മറുപടി വിവരാവകാശ അപേക്ഷയെ തുടർന്നുള്ളതായിരുന്നു. തെലങ്കാനയിലെ കരിംപുർ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ എംഎ മുജീബ് അയ്യൂബ് ജൂലൈ 27ന് സമർപ്പിച്ച അപേക്ഷയിൽ, വോട്ടർപട്ടികയിലെ പിശകുകളും ക്രമക്കേടുകളും പൊരുത്തക്കേടുകളും കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്‌വെയർ, ആപ്ലിക്കേഷൻ, അൽഗോരിതം അല്ലെങ്കിൽ എഐ സംവിധാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടത്.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനായി പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്‌തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. വോട്ടറെ പട്ടികയിൽ ഉൾപ്പെടുത്തണോ ഒഴിവാക്കണോ എന്ന് തീരുമാനിക്കുന്നത് വസ്‌തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥരാണെന്നും കമ്മീഷൻ വ്യക്തമാക്കി.
പരിശോധനയ്ക്കോ തിരുത്തലിനോ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനോ വേണ്ട രേഖകൾ സോഫ്റ്റ്‌വെയറോ കൃത്രിമബുദ്ധി സംവിധാനമോ സ്വമേധയാ കണ്ടെത്തി അടയാളപ്പെടുത്തുന്നുണ്ടോ എന്നും അത്തരം രേഖകൾ കണ്ടെത്തിയശേഷം പിന്തുടരുന്ന നടപടിക്രമം എന്താണെന്നും അപേക്ഷയിൽ അയ്യൂബ് ചോദിച്ചിരുന്നു.
നടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ കൃത്രിമബുദ്ധി, യന്ത്രപഠനം, പ്രവചനവിശകലനം അല്ലെങ്കിൽ സ്വയം പ്രവർത്തിക്കുന്ന തീരുമാനസഹായ സംവിധാനം എന്നിവ ഉപയോഗിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു. എന്നാൽ, ആവശ്യപ്പെട്ട വിവരങ്ങൾ വിശദീകരണം തേടുന്ന ചോദ്യങ്ങളാണെന്നും വിവരാവകാശ നിയമത്തിലെ രണ്ടാം വകുപ്പ്, ഉപവകുപ്പ് എഫ് പ്രകാരമുള്ള വിവരങ്ങളുടെ നിർവചനത്തിൽ അവ ഉൾപ്പെടുന്നില്ലെന്നുമായിരുന്നു കമ്മീഷന്റെ മറുപടി.
വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(d) പ്രകാരം, വെളിപ്പെടുത്തുന്നത് മൂന്നാം കക്ഷിയുടെ മത്സരപരമായ നിലയെ ദോഷകരമായി ബാധിക്കാവുന്ന വാണിജ്യ രഹസ്യങ്ങൾ, വ്യാപാര രഹസ്യങ്ങൾ, ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നതിൽനിന്ന് ഇളവ് അനുവദിക്കുന്നുണ്ട്.
രേഖകൾ സ്വമേധയാ അടയാളപ്പെടുത്തുന്ന രീതികൾ, കൃത്രിമബുദ്ധിയുടെയും മറ്റും ഉപയോഗം, തെറ്റായി രേഖകൾ അടയാളപ്പെടുത്തുന്നത് തടയാനുള്ള സുരക്ഷാ നടപടികൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കമ്മീഷൻ വിശദമായ മറുപടി നൽകിയില്ല. ഇത്തരം കാര്യങ്ങൾ വിവരാവകാശ നിയമത്തിലെ നിർവചനപ്രകാരമുള്ള വിവരങ്ങളല്ല, വിശദീകരണം തേടുന്ന ചോദ്യങ്ങളാണെന്ന നിലപാടാണ് സ്വീകരിച്ചത്.
സോഫ്റ്റ്‌വെയറിന്റെയും അൽഗോരിതത്തിന്റെയും വിശദാംശങ്ങൾ വിവരാവകാശ അപേക്ഷകളിലൂടെ സാധാരണയായി പങ്കുവയ്ക്കാറില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിർമാതാക്കളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും മുമ്പ് വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുമ്പോൾ വോട്ടിങ് യന്ത്രങ്ങളുടെ സോഴ്‌സ് കോഡ് വെളിപ്പെടുത്താൻ വിസമ്മതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications
