സാങ്കേതിക തകരാർ മൂലം വിമാനം നടുറോഡിൽ ഇറക്കി; പരിഭ്രാന്തരായി ജനങ്ങൾ, അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ദേശീയപാതയിൽ അടിയന്തരമായി നിലത്തിറക്കി. പുതുക്കോട്ട ജില്ലയിലെ കീരനൂരിന് അടുത്തായി പുതുക്കോട്ട-തിരുച്ചി ദേശീയപാതയിലാണ് ചെറുവിമാനം അടിയന്തരമായി ഇറക്കിയത്. ഇതോടെ മേഖലയിൽ വലിയ ആശങ്കകൾക്കാണ് സംഭവം വഴിയൊരുക്കിയത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു ഈ സംഭവം.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനും മറ്റൊരാൾക്കും നിസാര പരിക്കേറ്റു. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വിമാനത്തിന്റെ മുൻ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു വാഹനയാത്രക്കാർ പൊടുന്നനെ വിമാനം ഇറങ്ങുന്നത് കണ്ട് പരിഭ്രാന്തരായി വാഹനങ്ങൾ നിർത്തി. വിമാനം ഇറങ്ങുന്ന സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു.

എന്നാൽ പെട്ടെന്നുള്ള ലാൻഡിങിന് ഇടയിലാണ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും ഉടൻതന്നെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്‌സും ഉടൻ എത്തിച്ചേർന്ന് വിമാനം സുരക്ഷിതമായി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ വിമാനം റോഡിന്റെ ഓരത്ത് നിർത്തിയിട്ടിരിക്കുകയാണ്. വ്യോമസേന ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാങ്കേതിക തകരാറാണ് അടിയന്തര ലാൻഡിംഗിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരും പോലീസും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇതിന്റെ മറ്റ് വിശദാംശങ്ങൾ ലഭ്യമാവുകയുള്ളൂ.
അസാധാരണമായ സംഭവവികാസം കാണുവാനായി നിരവധി പേരാണ് മേഖലയിൽ തടിച്ചുകൂടിയത്. പൊതുമുതലിനും സാധാരണ ജനങ്ങൾക്കും ഒന്നും തന്നെ നാശനഷ്‌ടം ഉണ്ടായില്ലെന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. ജനങ്ങൾ തടിച്ചുകൂടിയതോടെ കീരനൂർ പോലീസ് പ്രദേശം വളഞ്ഞു, അടിയന്തര ലാൻഡിംഗിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷം മാത്രമേ സംഭവത്തിന് പിന്നിലെ പൂർണ വിവരങ്ങൾ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എഞ്ചിൻ തകരാറാണ് കാരണമെന്ന് സംശയിക്കുന്നു, ഡയറക്‌ടർ എസ്എസ് രാജു പറഞ്ഞു. സേലത്തെ എക്‌വീർ ഫ്ലൈയിംഗ് ക്ലബ്ബിന്റെ സെസ്‌ന വിമാനമാണിതെന്നും ട്രിച്ചി വിമാനത്താവള വൃത്തങ്ങൾ പറഞ്ഞു.
സേലത്ത് നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സിംഗിൾ എഞ്ചിൻ വിമാനം കാരൈക്കുടി വ്യോമാതിർത്തിയിലേക്ക് പോകുന്നതിനിടെയാണ് എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുടർന്നാണ് പൈലറ്റ് ഹൈവേയിലെ മലൈ മാത ഹില്ലോക്ക് പള്ളിക്ക് സമീപം അടിയന്തര ലാൻഡിംഗ് നടത്തിയത്. കൂടുതൽ വിവരങ്ങൾ പരിശോധനയ്ക്ക് ശേഷമായിരിക്കും പുറത്തുവിടുക.












Click it and Unblock the Notifications