സ്‌മൃതി ഇറാനി, അണ്ണാമലൈ, ഒമർ അബ്‌ദുള്ള; ജനവിധിയുടെ ചൂടറിഞ്ഞ് പ്രമുഖ നേതാക്കൾ, എട്ട് നിലയിൽ പൊട്ടി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ പല മേഖകളിലും നടന്ന വൻ അട്ടിമറികളുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. ജനവിധിയുടെ ചൂടറിഞ്ഞ നിരവധി നേതാക്കളാണ് ഭരണകക്ഷി, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇത്തവണയും തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിപ്പിച്ചത്. ഇതിൽ കേന്ദ്രമന്ത്രിമാർ മുതൽ ഭരണകക്ഷിയോട് മുൻനിര നേതാക്കൾ വരെയുണ്ട് എന്നതാണ് പ്രത്യേകത.
2019ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ സ്‌മൃതി ഇറാനി ഉൾപ്പെടെയുള്ളവർ ഈ പട്ടികയിലുണ്ട് എന്നതാണ് പ്രത്യേകത. സ്‌മൃതി ഇറാനിയെ കൂടാതെ ഒമർ അബ്‌ദുള്ള, ബിജെപിയുടെ തമിഴ്‌നാട്ടിലെ വളർന്നുവരുന്ന യുവനേതാവ് അണ്ണാമലൈ എന്നിവരും ചില കോൺഗ്രസ് നേതാക്കളും പട്ടികയിലുണ്ട്.

സ്‌മൃതി ഇറാനി
കഴിഞ്ഞ തവണ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ, ഗാന്ധി കുടുംബത്തിന്റെ സ്വന്തം ഇടമായ അമേത്തിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ സ്‌മൃതി ഇറാനിക്ക് പക്ഷേ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി. അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ്മയാണ് സ്‌മൃതിയെ തോൽപിച്ചത്.
കെ അണ്ണാമലൈ
പട്ടികയിൽ ഉൾപ്പെട്ട ബിജെപിയിൽ നിന്നുള്ള മറ്റൊരു പ്രമുഖ നേതാവ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടേതാണ്. ഒരു എഞ്ചിനീയറായ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈയിലൂടെ ഇക്കുറി തമിഴ്‌നാട്ടിൽ ചലനം ഉണ്ടാക്കാമെന്നാണ് ബിജെപി കരുതിയിരുന്നത്. എന്നാൽ അതിനെയൊക്കെ തകർത്തുകൊണ്ടാണ് ഡിഎംകെ സ്ഥാനാർത്ഥി ഗണപതി രാജ്‌കുമാറിനോട് പിന്നിലേക്ക് പോയത്.
ഒമർ അബ്‌ദുള്ള
ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട നേതാക്കൾ വേറെയുമുണ്ട് പട്ടികയിൽ. ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയാണ് അടുത്ത ആൾ. സ്വതന്ത്ര സ്ഥാനാർത്ഥിയായ അബ്‌ദുൾ റാഷിദ് ഷെയ്ഖിനോടാണ് ഒമർ പരാജയം സമ്മതിച്ചത്. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ അബ്‌ദുള്ള രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു.
മെഹബൂബ മുഫ്‌തി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാണ് മെഹബൂബ മുഫ്‌തി. ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് നേതാവ് മിയാൻ അൽതാഫ് അഹമ്മദിനെതിരെ രണ്ട് ലക്ഷത്തിൽ അധികം വോട്ടുകൾക്ക് പിന്നിലായിരുന്നു മുഫ്‌തി. ഇതും വൻ തോൽവിയായിരുന്നു.
വിക്രമാദിത്യ സിംഗ്
ബിജെപി ടിക്കറ്റിൽ ഇത്തവണ അരങ്ങേറ്റം കുറിച്ച കങ്കണ റണാവത്തിനോടാണ് കോൺഗ്രസ് നേതാവ് പരാജയപ്പെട്ടത്. ഹിമാചൽ പ്രദേശിലെ സീറ്റിൽ 74,000-ത്തിലധികം വോട്ട് ഭൂരിപക്ഷമാണ് കങ്കണ നേടിയത്. ആറ് തവണ ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വീർഭദ്ര സിംഗിന്റെയും സിറ്റിംഗ് എംപിയായ പ്രതിഭാ സിംഗിന്റെയും മകനാണ് വിക്രമാദിത്യ സിംഗ്.












Click it and Unblock the Notifications