അമേഠിയില്‍ പുതിയ വീട്, ഗൃഹപ്രവേശം നടത്തി സ്മൃതി ഇറാനി; രാഹുലിന് ജയം മറക്കേണ്ടി വരുമോ?
ന്യൂഡല്‍ഹി: അമേഠിയില്‍ ഇത്തവണ രാഹുല്‍ ഗാന്ധി വിജയത്തോടെ തിരിച്ചുവരും. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം പറയുന്ന കാര്യമാണിത്. എന്നാല്‍ പ്രവര്‍ത്തകര്‍ അടക്കം അത്ര ആത്മവിശ്വാസത്തില്‍ അല്ല. നിരവധി കാരണങ്ങള്‍ അക്കാര്യത്തില്‍ പറയാനുണ്ട്. അതില്‍ ആദ്യത്തേത് രാഹുലിനെ കഴിഞ്ഞ അഞ്ച് വര്‍ഷം വളരെ കുറച്ച് മാത്രമാണ് മണ്ഡലത്തില്‍ കണ്ടതെന്നതാണ്.
ഇത്തവണ അദ്ദേഹം വീണ്ടും മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് സൂചന. എന്നാല്‍ ഗാന്ധി കോട്ടയായിരുന്ന അമേഠി ഇപ്പോള്‍ അങ്ങനെയല്ല. സ്മൃതി ഇറാനി മണ്ഡലത്തില്‍ ചിരപരിചിതയാണ്. സ്മൃതി ഇറാനി മണ്ഡലത്തില്‍ പുതിയ വീടുണ്ടാക്കി, അതിന്റെ ഗൃപ്രവേശനവും നടത്തി കഴിഞ്ഞു. ഇതേ സമയത്ത് തന്നെയാണ് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര മണ്ഡലത്തിലേക്ക് പ്രവേശിച്ചത്.

അതേസമയം രാഹുലിന്റെ യാത്രയൊന്നും അമേഠിയിലെ ജനങ്ങളെ അത്ഭുതപ്പെടുത്തിയിട്ടില്ല. പക്ഷേ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ രാഹുല്‍ മണ്ഡലത്തില്‍ എത്തിയ അപൂര്‍വ സംഭവങ്ങളിലൊന്നായിരുന്നു അത്. വൈകാതെ തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. കഴിഞ്ഞ മാസമാണ് കേന്ദ്ര മന്ത്രി കൂടിയായ സ്മൃതി ഇറാനി മണ്ഡലത്തില്‍ വീട് വാങ്ങിയത്.
ദീര്‍ഘകാലം താന്‍ ഇവിടെയുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. അത് മാത്രമല്ല ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ ഇവിടെ എംപിയായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും മണ്ഡലത്തില്‍ വീട് വെച്ച് താമസിച്ചിരുന്നില്ല. അതുകൊണ്ട് എംപി വരുന്നത് വരെ ജനങ്ങള്‍ പരാതി പറയാനായി കാത്തിരിക്കണമായിരുന്നു.
സ്മൃതി ഇറാനി ഇത് ആദ്യമായിട്ടല്ല ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. 2014ല്‍ ദിവസങ്ങള്‍ അവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ അവര്‍ രാഹുലിനോട് തോറ്റു. പക്ഷേ തോറ്റത് കൊണ്ട് മണ്ഡലം വിട്ടിരുന്നില്ല സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം സ്മൃതി സ്ഥാപിക്കുകയാണ് ചെയ്തത്.
കൂടുതല്‍ മികച്ച കാര്യങ്ങളുമായി അവര്‍ മണ്ഡലങ്ങളിലേക്ക് എത്തി. തുടര്‍ച്ചയായി വന്ന സ്മൃതി അങ്ങനെ ജനങ്ങള്‍ക്ക് പരിചിത മുഖമായി. ഉത്സവസമയത്ത് സമ്മാനങ്ങളുമായിട്ടായിരുന്നു സ്മൃതിയുടെ വരവ്. രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു. കൃത്യമായി ഇത് ജനങ്ങളിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി 55000 വോട്ടിന് പരാജയപ്പെടുകയും ചെയ്തിരുന്നു.
വയനാട്ടില്‍ നിന്ന് മത്സരിച്ചത് കൊണ്ടാണ് രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയത്. 2019ല്‍ അമേഠിയെ രാഹുല്‍ ഉപേക്ഷിച്ചു. ഇന്ന് അമേഠി അദ്ദേഹത്തെ ഉപേക്ഷിച്ചിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറയുന്നു. അമേഠിയിലെ ഒഴിഞ്ഞ റോഡുകള്‍ പറയുന്നത് രാഹുല്‍ ഗാന്ധിയെ കുറിച്ച് അവര്‍ക്ക് തോന്നുന്നതാണെന്നും സ്മൃതി ഇറാനി നേരത്തെ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു.
ആത്മവിശ്വാസമുണ്ടെങ്കില്‍ രാഹുല്‍ അമേഠിയില്‍ മാത്രം മത്സരിക്കട്ടെയെന്നാണ് സ്മൃതിയുടെ വെല്ലുവിളി. ഇവിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദ്യോഗികമായി വരാത്തത് കൊണ്ട് വലിയ വെല്ലുവിളി കോണ്‍ഗ്രസ് നേരിടുന്നുണ്ട്. നിലവില്‍ മണ്ഡലം കൈവിടാനുള്ള എല്ലാ സാധ്യതയും ഇതെല്ലാം കൊണ്ട് രാഹുല്‍ നേരിടുന്നുണ്ട്.
പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥിയുടെ പേര് ചൂണ്ടിക്കാണിച്ച് പ്രചാരണം തുടങ്ങാനും സാധിച്ചിട്ടില്ല. പോസ്റ്ററുകളോ ചുവരെഴുത്തുകളോ പോലും കൃത്യമായി നടക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടില്ല. ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടത്തിലാണ് രാഹുല്‍ മത്സരിക്കുന്നത്. സംഘടനയേക്കാള്‍ രാഹുലിന്റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമേ മണ്ഡലത്തില്‍ വിജയിക്കാനാവൂ.












Click it and Unblock the Notifications