'ഇന്ത്യയുടെ വളർച്ച ചിലർക്ക് സഹിക്കാനാവുന്നില്ല'; തീരുവയിൽ ട്രംപിനെ പരോക്ഷമായി വിമർശിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേലുള്ള ഉയർന്ന തീരുവ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആഗോള ശക്തിയായി ഇന്ത്യ ഉയരുന്നതിനെ എല്ലാത്തിന്റെയും തലവനെന്ന പറയുന്ന യുഎസ് ഒരിക്കലും സ്വാഗതം ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ ചിലർക്ക് കഴിയുന്നില്ല. അവർ അത് നന്നായി എടുക്കുന്നില്ല. സർവ്വാധികാരി ആണ് തങ്ങളെന്ന് കരുതുന്നവർക്ക് പ്രത്യേകിച്ച്, ഇന്ത്യ എങ്ങനെയാണ് ഇത്ര വേഗത്തിൽ പുരോഗമിക്കുന്നത്?' മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കൂടുതൽ ചെലവേറിയതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളെ അവയിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറയുന്നു. 'എന്നാൽ ഇന്ത്യ പുരോഗമിക്കുന്ന വേഗതയിൽ, ഒരു ആഗോള ശക്തിക്കും നമ്മളെ ഒരു സൂപ്പർ പവറായി മാറുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' രാജ്‌നാഥ് സിംഗ് പറഞ്ഞു.
'ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, ഇന്ത്യക്കാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയുടെ വില മറ്റ് രാജ്യങ്ങളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളേക്കാൾ കൂടുതലാണെന്ന് ഉറപ്പാക്കാൻ പലരും ശ്രമിക്കുന്നു, അങ്ങനെ വില ഉയരുമ്പോൾ ലോകം അവ വാങ്ങുന്നത് നിർത്തും. ഈ ശ്രമം നടക്കുന്നു. എന്നാൽ ഇന്ത്യ വളരെ വേഗത്തിൽ മുന്നേറുകയാണ്, ആത്മവിശ്വാസത്തോടെ ഞാൻ പറയുന്നു: ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യ ഒരു പ്രധാന ആഗോള ശക്തിയായി മാറുന്നത് തടയാൻ കഴിയില്ല' അദ്ദേഹം വ്യക്തമാക്കി.
റെയ്‌സൻ ജില്ലയിലെ ഉമാരിയ ഗ്രാമത്തിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ (ബിഇഎംഎൽ) നിർമ്മാണത്തിനായുള്ള 'ബ്രഹ്മ' റെയിൽ ഹബ്ബിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ചടങ്ങിൽ സംസാരിക്കവേ, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും 'ആത്മനിർഭർ' അഥവാ സ്വാശ്രയമാകാനുള്ള സർക്കാരിന്റെ ശ്രമത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
പഹൽഗാം ആക്രമണത്തെക്കുറിച്ച് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു. ഇന്ത്യ ലോകത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്നുണ്ടെങ്കിലും, പ്രകോപനം സഹിക്കില്ലെന്ന് അദ്ദേഹം പറയുന്നു. 'നമ്മെ ഉപദ്രവിക്കുന്നവരെ നാം വെറുതെ വിടില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നേരത്തെയും വിഷയത്തിൽ അദ്ദേഹം സമാനമായ നിലപാടുകളാണ് പങ്കുവച്ചത്.
'ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ചു, ഈ നീക്കം ഓപ്പറേഷന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി, "പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്‍തത കൈവരിക്കുമെന്ന് പ്രതിജ്ഞയെടുത്തതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഈ സ്ഥാനത്ത് എത്താൻ കഴിഞ്ഞത്' അദ്ദേഹം പറയുന്നു.
അതേസമയം, തീരുവ വിവാദത്തിൽ ഇതുവരെയും സന്ധിയിൽ എത്താൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല. അടുത്തിടെ ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയാണ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയത്. കൂടാതെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുന്നതിന് മറുപടിയായി 25 ശതമാനം അധിക പിഴയും ഇന്ത്യയ്ക്ക് മേൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ റഷ്യയുമായുള്ള ഇടപാടിനെ ഇന്ത്യ പ്രതിരോച്ചു. വിപണിയിലെ ചലനാത്മകതയാണ് അസംസ്‌കൃത എണ്ണ ഇറക്കുമതിയെ നയിക്കുന്നതെന്നും ഇന്ത്യയിലെ 1.4 ബില്യൺ പൗരന്മാരുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. മറ്റ് നിരവധി രാജ്യങ്ങൾ അവരുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സമാനമായ സംഭരണത്തിൽ ഏർപ്പെടുന്നുണ്ടെന്നും ഈ വിഷയത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നതിൽ ആശങ്കയുണ്ടെന്നും അറിയിച്ചിരുന്നു.












Click it and Unblock the Notifications