ബിജെപിയുടെ ടിക് ടോക് താരം സൊനാലി ഫോഗട്ട് അന്തരിച്ചു; ഗോവയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം
ദില്ലി: പ്രമുഖ ടിക് താരവും ബിഗ് മത്സരാര്‍ത്ഥിയുമായിരുന്ന ബിജെപി നേതാവ് സൊനാലി ഫോഗട്ട് അന്തരിച്ചു. ഗോവയിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാ ലോകത്ത് തന്നെ അത്രത്തോളം പ്രശസ്തയായിരുന്നു സൊനാലി. ബിജെപിക്ക് വേണ്ടി അവര്‍ മത്സരിച്ചിട്ടുണ്ട്.

ആദംപൂരില്‍ അവര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത വിയോഗമുണ്ടായിരിക്കുന്നത്. ബോളിവുഡില്‍ നിന്നടക്കം നിരവധി പേര്‍ അവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അന്ത്യ കര്‍മങ്ങള്‍ എപ്പോള്‍ നടക്കുമെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ടിക് ടോക് വീഡിയോയിലൂടെ പ്രശസ്തി നേടിയ സൊനാലി വലിയ ആരാധകരെയും സ്വന്തമാക്കിയിരുന്നു. 2006ല്‍ ടിവിയില്‍ അവതാരകയായിട്ടായിരുന്നു സൊനാലിയുടെ തുടക്കം. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞാണ് രാഷ്ട്രത്തിലേക്കിറങ്ങുന്നതും ബിജെപിയില്‍ ചേരുന്നതും. ബിഗ് ബോസിന്റെ പതിനാലാം സീസണിലും അവര്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു നടിയുടേത്. അതിന് ശേഷം വന്‍ ജനപ്രീതിയായിരുന്നു ഇവര്‍ക്ക് എക് മാ ജോ ലാക്കോന്‍ കെ ലിയേ ബനി അമ്മ എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്കും എത്തിയിരുന്നു സൊനാലി. 2016ലായിരുന്നു മിനിസ്‌ക്രീന്‍ അരങ്ങേറ്റം.
ചോരിയാന്‍ ചോരോന്‍ സെ കാം നഹി ഹോത്തി എന്ന ഹരിയാന്‍വി ചിത്രത്തിലും സൊനാലി അഭിനയിച്ചിരുന്നു. നിരവധി പഞ്ചാബി-ഹരിയാന്‍വി മ്യൂസിക് വീഡിയോകളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. 2009ല്‍ ബിജെപി ടിക്കറ്റില്‍ സൊനാലി ഫോഗട്ട് ഹരിയാനയിലെ ആദംപൂരില്‍ നിന്ന് മത്സരിച്ചിരുന്നു. കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെയായിരുന്നു മത്സരം. എന്നാല്‍ പരാജയപ്പെട്ടു.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച്ച സൊനാലിയെ കുല്‍ദീപ് ബിഷ്‌ണോയ് സന്ദര്‍ശിച്ചിരുന്നു. ആംദപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഇവരെ മത്സരിപ്പിക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു ഇത്.
ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ ആദിവാസി വിംഗിന്റെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് സൊനാലി. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ് നടി. ജാര്‍ഖണ്ഡിലെയും മധ്യപ്രദേശിലെയും ആദിവാസി മേഖലകളില്‍ ബിജെപിക്ക് വേണ്ടി സൊനാലി പ്രവര്‍ത്തിച്ചിരുന്നു.
ഇവരുടെ ഭര്‍ത്താവ് 2016ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഫാം ഹൗസിലായിരുന്നു സൊനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് യശോദര ഫോഗട്ട് എന്നൊരു മകളുണ്ട്.












Click it and Unblock the Notifications