സിജെപി പ്രതിഷേധത്തിൽ അണിചേർന്ന് സോനം വാങ്ചുക്കും; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം
ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ വീഴ്‌ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കാലാവസ്ഥാ പ്രവർത്തകനും ആക്റ്റിവിസ്‌റ്റുമായ സോനം വാങ്‌ചുക് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ചാണ് അദ്ദേഹം സമരത്തിൽ പങ്കുചേർന്നത്.
ഇന്ന് രാവിലെ സമരം ആരംഭിക്കുന്നതിന് മുമ്പ് വാങ്ചുക്കും കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയും രാജ് ഘട്ട് സന്ദർശിച്ച് മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ജന്തർ മന്തറിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് നിരാഹാര സമരം ആരംഭിച്ചത്.
പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളും പങ്കെടുത്തു.

വിവിധ കർഷക സംഘടനകളുടെ നേതാക്കളും സ്ഥലത്തെത്തി പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സാമൂഹിക സംഘടനകളും എത്തണമെന്ന് സംഘാടകർ ആഹ്വാനം ചെയ്‌തു.
ജൂൺ 20 മുതൽ ജന്തർ മന്തറിൽ തുടരുന്ന സമരത്തിന് നേതൃത്വം നൽകുന്ന സിജെപി, നീറ്റ്-യുജി ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിച്ചുവെന്നാണ് ആരോപിക്കുന്നത്. ഒരു പരീക്ഷയുടെ പ്രശ്‌നം മാത്രമല്ല, സമ്പൂർണ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയമാണിതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഇതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനായിരിക്കുമെന്നും അഭിജീത് ദിപ്കെ പറഞ്ഞു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ട മാനസിക സമ്മർദത്തിനും ആത്മഹത്യാ സംഭവങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ പോലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും ദിപ്കെ വിമർശിച്ചു. ആത്മഹത്യ ചെയ്‌തതായി ആരോപിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ദേശീയ പരീക്ഷാ ഏജൻസി മെയ് 3-ന് നടത്തിയ പരീക്ഷ റദ്ദാക്കുകയും, കർശന സുരക്ഷാ സംവിധാനങ്ങളോടെ ജൂൺ 21-ന് രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്തുകയും ചെയ്‌തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ രംഗത്തെ വീഴ്‌ചകളിൽ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് ശക്തിപ്രാപിച്ചിരിക്കുന്നത്.
അതിനിടെ കേന്ദ്ര സർക്കാർ ആവട്ടെ മന്ത്രിസഭാ പുനഃസംഘടന അടക്കമുള്ള നടപടികൾക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതിൽ പ്രധാനമായും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ കാര്യമാണ് എടുത്തുപറയുന്നത്. അദ്ദേഹം രാജിവച്ചേക്കുമെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.












Click it and Unblock the Notifications