വിമർശനങ്ങൾക്ക് മറുപടിയുമായി സോനം വാങ്‌ചുക്; 'എനിക്ക് ആരുടെയെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് വേണോ?'
ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കോക്രോച്ച് ജനത പാർട്ടി നയിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം നിരാഹാര സമരം നടത്തിയത്. സമരം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്യുന്നവരോടും പിന്തുണച്ചവരോടും ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
'26 ദിവസം പട്ടിണി കിടന്നതിന് ശേഷവും എന്റെ ആത്മാർത്ഥത തെളിയിക്കേണ്ട സാഹചര്യമാണോ?' എന്ന് ചോദിച്ച വാങ്ചുക്, തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച 22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മുഴുവൻ കാണണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിലെ കിടക്കയിൽ നിന്ന് റെക്കോർഡ് ചെയ്‌ത വീഡിയോയിൽ, ദീർഘനാളത്തെ നിരാഹാരം ശരീരത്തെ ഗുരുതരമായി ബാധിച്ചെന്നും വിമർശനങ്ങൾ തനിക്ക് വേദനയും സങ്കടവും കോപവും ഒരുപോലെ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാര സമരത്തിന്റെ അവസാന ദിവസങ്ങളിൽ ശാരീരികമായി തീർത്തും അവശനായിരുന്നുവെന്ന് വാങ്ചുക് പറഞ്ഞു. '20-ാം ദിവസവും 22-ാം ദിവസവും ബാക്കിയുണ്ടായിരുന്ന അവസാനത്തെ ശക്തി ഉപയോഗിച്ചാണ് മുന്നോട്ട് പോയത്. ശരീരത്തിലെ പേശികൾ നഷ്‌ടപ്പെട്ടു. അവയവങ്ങൾക്കും തലച്ചോറിനും തിരികെ പരിഹരിക്കാനാകാത്ത തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്' അദ്ദേഹം പറഞ്ഞു. സമരത്തിനിടെ തന്റെ ഭാരം 11 കിലോഗ്രാം കുറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
വ്യാഴാഴ്‌ച രാത്രി കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിലാണ് ആദ്യമായി ദ്രവരൂപത്തിലുള്ള ഭക്ഷണം സ്വീകരിച്ച് നിരാഹാരം അവസാനിപ്പിച്ചത്. ഇതാണ് പിന്നീട് രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. "എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ മാത്രം നിരാഹാരം അവസാനിപ്പിച്ചത്? സർക്കാരുമായി എന്തെങ്കിലും രഹസ്യ ധാരണയോ ഇടപാടോ നടന്നോ?" എന്ന ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നതെന്ന് വാങ്ചുക് പറഞ്ഞു.
അതിന് മറുപടിയായി, "ഇനി എന്റെ നിരാഹാര സമരം എത്ര ആത്മാർത്ഥമായിരുന്നുവെന്ന് തെളിയിക്കാൻ ആരുടെയെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുമോ?" എന്ന് അദ്ദേഹം ചോദിച്ചു. സർക്കാരുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ വാങ്ചുക്, ഒരു ധാരണയിലോ ഒത്തുതീർപ്പിലോ എത്താനായിരുന്നു ലക്ഷ്യമെങ്കിൽ 26 ദിവസം പട്ടിണി കിടക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും പറഞ്ഞു.
ഒരു ഇടപാട് നടത്താനായിരുന്നു ഉദ്ദേശമെങ്കിൽ ഡൽഹിയിലെ കഠിന ചൂടിൽ റോഡരികിൽ ഇരുന്ന് പട്ടിണി കിടക്കുന്നതിനുപകരം ആഡംബര സൗകര്യമുള്ള എയർ കണ്ടീഷൻഡ് മുറിയിൽ ഇരുന്ന് അതു ചെയ്യാമായിരുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സമരകാലം മുഴുവൻ ഒപ്പമുണ്ടായിരുന്ന ആയിരക്കണക്കിന് പിന്തുണക്കാർക്ക് വാങ്ചുക് നന്ദിയും രേഖപ്പെടുത്തി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുവാക്കൾക്ക് നന്ദി അറിയിച്ച് രംഗത്തെത്തി. കഴിഞ്ഞ രാത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിന് ലഭിച്ച വലിയ പ്രതികരണവും ക്രിയാത്മക നിർദ്ദേശങ്ങളും തനിക്ക് യുവാക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയെന്ന് അദ്ദേഹം വെള്ളിയാഴ്‌ച്ച രാത്രി പങ്കുവച്ച വീഡിയോയിൽ പറയുന്നു.
'സുഹൃത്തുക്കളേ, നന്ദി. കഴിഞ്ഞ രാത്രി നിങ്ങളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഞാൻ പങ്കുവെച്ച വീഡിയോയ്ക്ക് നിങ്ങൾ നൽകിയ മികച്ച പ്രതികരണത്തിനും മുന്നോട്ടുവെച്ച പോസിറ്റീവ് നിർദ്ദേശങ്ങൾക്കും എല്ലാവർക്കും ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും ഇനിയും തുടരുമെന്നും നമ്മുടെ ബന്ധം കൂടുതൽ ശക്തമാകുമെന്നും ഞാൻ വിശ്വസിക്കുന്നു' എന്നായിരുന്നു മോദിയുടെ വാക്കുകൾ.




Click it and Unblock the Notifications