സോണിയയെ കളത്തിലിറക്കിയത് സീനിയര്‍ ക്യാമ്പ്.... 75 ദിവസത്തെ ആ നീക്കം പൊളിച്ചത് ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി സോണിയാ ഗാന്ധി എത്തിയിരിക്കുകയാണ്. ആരോഗ്യ സ്ഥിതി മോശമായിട്ടും സോണിയ ആ സ്ഥാനം ഏറ്റെടുത്തത് ചില നീക്കങ്ങള്‍ കാരണമാണെന്ന് നേതാക്കള്‍ തന്നെ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വരവോടെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍, ജൂനിയര്‍ ക്യാമ്പുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
സീനിയര്‍ ക്യാമ്പ് ഏറ്റവും ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന് ഗുണവും ദോഷവും ഒരുപോലെ ഈ നീക്കം കാരണം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും വലിയ കാര്യം രാഹുല്‍ ഗാന്ധിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്ന് ഉറപ്പാണ്. രാഹുലിന്റെ രാഷ്ട്രീയ ഭാവി മെച്ചപ്പെടുമോ അതോ ഇല്ലാതാവുമോ എന്ന് വരെ പുതിയ പദവി തീരുമാനിക്കും.

75 ദിവസത്തെ പ്ലാന്‍
സീനിയര്‍ ജൂനിയര്‍ നേതാക്കള്‍ 75 ദിവസമാണ് അധ്യക്ഷന് വേണ്ടി വ്യക്തിപരമായ ചര്‍ച്ചകള്‍ നടത്തിയത്. സോണിയാ ഗാന്ധി വന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ പഴയ പ്രതാപം തിരിച്ചുകിട്ടാന്‍ സീനിയര്‍ നേതാക്കളെ ഇത് സഹായിക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് നേതാക്കളെ ഒന്നിച്ച് നില്‍ക്കാന്‍ സഹായിച്ചേക്കും. പക്ഷേ നേരത്തെ തന്നെ സോണിയാ ഗാന്ധിയെ മുന്നില്‍ കണ്ടാണ് സീനിയര്‍ നേതാക്കള്‍ നേരത്തെ തന്നെ നീക്കം നടത്തിയത്. ഇതിന് മുന്നില്‍ രാഹുല്‍ ക്യാമ്പിലുള്ള നേതാക്കള്‍ നിഷ്പ്രഭരായിരിക്കുകയാണ്.

എതിര്‍ത്തത് ഒരാള്‍ മാത്രം
സോണിയ ക്യാമ്പില്‍ ഒരാള്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാള്‍ വരണമെന്ന് വാദിച്ചത്. എകെ ആന്റണിയായിരുന്നു പുതിയ ഒരാള്‍ക്കായി വാദിച്ചത്. സോണിയയുടെ ആരോഗ്യം പരിഗണിക്കണമെന്നായിരുന്നു ആന്റണി വാദിച്ചത്. എന്നാല്‍ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരുടെ നിര്‍ണായക ഇടപെടല്‍ കാര്യങ്ങള്‍ മാറ്റി മറിക്കുകയായിരുന്നു. അതേസമയം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെട്ട് പരിചയമില്ലാത്തതും യുവനേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി.

മാറ്റം ഇങ്ങനെ
കോണ്‍ഗ്രസില്‍ വലിയൊരു മാറ്റം മുതിര്‍ന്ന നേതാക്കള്‍ക്ക് സോണിയ വരുന്നതിലൂടെ ഉണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, ജിതിന്‍ പ്രസാദ എന്നിവരെ വിശ്വാസത്തിലെടുത്തായിരുന്നു പ്രവര്‍ത്തിച്ചത്. ഇത് മുതിര്‍ന്ന നേതാക്കളെ അദ്ദേഹവുമായി അകറ്റി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം ഇവരായിരുന്നു. ഇത് രാഹുല്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ യുവനേതാക്കള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ അറിയാത്തത് കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റം കൊണ്ടുവരാന്‍ സോണിയക്ക് സാധിക്കും.

നിഷ്പ്രഭരാകും ഇവര്‍
കോണ്‍ഗ്രസിനുള്ളില്‍ സിന്ധ്യയും സച്ചിന്‍ പൈലറ്റും വലിയ ശക്തി കേന്ദ്രമായിരുന്നു. എന്നാല്‍ ഒറ്റയടിക്ക് അതെല്ലാം ഇവര്‍ക്ക് നഷ്ടമാകും. രാഹുലിന് പകരം ഇവര്‍ വരുമെന്നായിരുന്നു പ്രതീക്ഷ. അതെല്ലാം പൊളിഞ്ഞിരിക്കുകയാണ്. അമരീന്ദര്‍ സിംഗ്, ശശി തരൂര്‍ എന്നിവരും പാര്‍ട്ടിയില്‍ ഒതുങ്ങാനാണ് സാധ്യത. പുതിയ നേതാക്കള്‍ ഉയര്‍ന്ന് വരുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായിരിക്കുകയാണ്. അതേസമയം യുവാക്കള്‍ രാഹുലിന് പകരക്കാരായി നിരവധി പേരെ മുന്നോട്ട് വെച്ചെങ്കിലും അതൊന്നും സോണിയയുടെ വിശ്വസ്തരെ മറികടക്കുന്നതായിരുന്നില്ല.

തന്ത്രം ഇങ്ങനെ
സോണിയ ക്യാമ്പ് തന്നെയാണ് മുകുള്‍ വാസ്‌നിക് മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരെ അധ്യക്ഷ സ്ഥാനത്തെത്തിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന പ്രഖ്യാപനം പുറത്തുവിട്ടത്. എന്നാല്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. എന്നാല്‍ പാര്‍ട്ടി തകരുന്നു എന്ന തോന്നല്‍ സോണിയയില്‍ ഉണ്ടാക്കുന്നതിലും ഈ ടീം വിജയിച്ചു. കശ്മീരിലും മുത്തലാഖിലും കോണ്‍ഗ്രസിലുണ്ടായ ആശയക്കുഴപ്പം ഇതിന്റെ ഭാഗമായിരുന്നു. അതേസമയം രാഹുലിന്റെ രാജിയെ തുടര്‍ന്ന് നിരവധി പേര്‍ രാജിവെച്ചത് തടയാന്‍ പോലും സീനിയര്‍ നേതാക്കള്‍ തയ്യാറാവാതിരുന്നത് ഇതിന്റെ ഭാഗമായിരുന്നു. പാര്‍ട്ടി വിട്ടവരെല്ലാം രാഹുല്‍ ക്യാമ്പിലുള്ളവരായിരുന്നു.

ഇനി എങ്ങനെ
രാഹുല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തോ അതല്ലെങ്കില്‍ നിര്‍ണായക തീരുമാനം എടുക്കുന്നതിന്റെയോ ഭാഗമാകും. ഇതോടെ യുവനേതാക്കള്‍ ദുര്‍ബലരാകും. പക്ഷേ ഗ്രൗണ്ട് ലെവലില്‍ ഏറ്റവും ദുര്‍ബലമാണ് കോണ്‍ഗ്രസ്. സംഘടനാ പ്രവര്‍ത്തനം വളരെ മോശവുമാണ്. ഇതിനെ മുന്നോട്ട് നയിക്കണമെങ്കില്‍ രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും സേവനം സോണിയക്ക് വേണ്ടി വരും. മുതിര്‍ന്ന നേതാക്കളുടെ സേവനവും വേണ്ടി വരും. സോണിയ വന്നില്ലായിരുന്നെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പ് വരെ ഉണ്ടാവുമെന്ന സൂചനയും നേതാക്കള്‍ നല്‍കിയിരുന്നു. ഇതൊക്കെ ഇല്ലാതാക്കണമെങ്കില്‍ നയതന്ത്ര രീതി സോണിയ വീണ്ടും പുറത്തെടുക്കേണ്ടി വരും. പക്ഷേ അവരുടെ ആരോഗ്യം എത്രത്തോളം അതിന് അനുവദിക്കുന്നുവെന്നതും നിര്‍ണായകമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications