ഗോവയിൽ യുവാക്കൾക്ക് ചുമതല;തിരിച്ചടിക്ക് പിന്നാലെ പൊളിച്ചെഴുത്തുമായി സോണിയ ഗാന്ധി
ഗോവ; നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ പൊളിച്ചെഴുത്തുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഗോവയിൽ കോൺഗ്രസിനെ നയിക്കാൻ യുവ നേതാവായ അമിത് പട്കറെ നിയമിച്ചു. 38 കാരനാണ് അമിത്. കലങ്കേറ്റ് എംഎല്‍എ മൈക്കേല്‍ ലോബോയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ ചുമതല നൽകിയിരിക്കുന്നത്. കലാൻഗുട്ടിൽ നിന്നുള്ള എം എൽ എയാണ് മൈക്കൽ ലോബോ.

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയായ ഗിരിഷ് ചോഡൻകർ രാജിവെച്ചിരുന്നു. തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാർ പദവി ഒഴിയണമെന്ന ഹൈക്കമാന്റ് നിർദ്ദേശത്തെ തുടർന്നായിരുന്നു രാജി. തുടർന്നാണ് ഇപ്പോൾ അമിത് പട്കറെ അധ്യക്ഷനാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ കർച്ചോറം മണ്ഡലത്തിൽ ബി ജെ പി മന്ത്രി നിലേഷ് കർബാലിനെതിരെ ശക്തമായ മത്സരം കാഴ്ച വെച്ച നേതാവാണ് അമിത്. 700 വോട്ടുകൾക്കായിരുന്നു അമിത് പരാജയപ്പെട്ടത്. അതിനിടെ കൻകോലിം എം എൽ എ യുരി അലേമോയെ പാർട്ടി വർക്കിംഗ് പ്രസിഡന്റായും ഹൈക്കമാൻറ് നിയമിച്ചിട്ടുണ്ട്.
അതേസമയം പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തുടക്കത്തിൽ സമവായം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ നേതൃത്വം വൈകിയതിനെതിരെ ബി ജെ പി ഉൾപ്പെടെയുള്ള കക്ഷികൾ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. തോൽവിയിൽ നിന്നും കോൺഗ്രസ് പാഠം പഠിക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനമായിരുന്നു നേതാക്കൾ ഉയർത്തിയത്.
'ഞാൻ തന്നെ ഡ്രാമ ക്വീൻ'; കണ്ണിറുക്കി ചിരിച്ച് ഭാവന,ചിരിയടക്കാനാകാതെ ശിൽപ; വൻ വൈറൽ
പ്രതിസന്ധി ഉയർന്നതോടെ നേതാവിനെ കണ്ടെത്താനുള്ള ചുമതല ഹൈക്കമാന്റിന് നൽകി കൊണ്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രമേയം പാസാക്കി. തുടർന്നാണ് സോണിയ ഗാന്ധി ഉടപെട്ട് മൈക്കൽ ലോബോയെ പ്രതിപക്ഷ നേതാവാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവാണ് മൈക്കിൾ ലോബോ .സീറ്റ് സംബന്ധിച്ച തർക്കമായിരുന്നു ലോബോ പാർട്ടി വിടാൻ കാരണം. ബി ജെ പിയിലെ ക്രിസ്ത്യൻ മുഖമായ ലോബോയുടെ പിൻമാറ്റം നേതൃത്വത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പിൽ ബര്‍ദോസ് താലൂക്കിലെ നാല് സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തതിൽ ലോബോയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. ലോബോ ഉണ്ടായിരുന്നില്ലേങ്കിൽ മേഖലയിൽ കനത്ത തിരിച്ചടിയായിരിക്കും കോൺഗ്രസ് നേരിടേണ്ടി വന്നിട്ടുണ്ടാകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ദിഗംബർ കമ്മത്ത് ആയിരുന്നു മുൻ പ്രതിപക്ഷ നേതാവ്. കമ്മത്തിനെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായും സോണിയ നിയമിച്ചിട്ടുണ്ട്. അതേസമയം യുവ നതാക്കൾ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെന്ന് നേതൃത്വം കണക്കാക്കുന്നുണ്ടെന്നും നേതാക്കളെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാൻ ഇവർക്ക് സാധിക്കുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ എന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. എന്തായാലും യുവ നേതാക്കൾക്ക് ചുമതല നൽകിയ തിരുമാനം സംസ്ഥാനത്ത് കോൺഗ്രസിന് ഊർജം പകരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ കോൺഗ്രസിന് 11 സീറ്റും സഖ്യകക്ഷിയായ ഗോവ ഫോർഫേഡ് പാർട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ബി ജെ പി 20 സീറ്റുകളും നേടി. ആം ആദ്മി പാര്‍ട്ടിയും എം ജെ പിയും രണ്ട് വീതം സീറ്റില്‍ ജയിച്ചു. നാല് സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്. ബി ജെ പിക്ക് 33.31 ശതമാനം വോട്ടാണ് നേടാനായത്. കോണ്‍ഗ്രസിന് 23.46 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. എം ജി പി 7.60 ശതമാനം, ആം ആദ്മി 6.77, തൃണമൂല്‍ കോണ്‍ഗ്രസ് 5.21 ശതമാനം എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ വോട്ട് വിഹിതം.












Click it and Unblock the Notifications