'മഹാത്മാഗാന്ധിയുടെ പൈതൃകം ഭീഷണിയിൽ'; ബിജെപിയേയും ആർഎസ്‌എസിനെയും കടന്നാക്രമിച്ച് സോണിയ
ന്യൂഡൽഹി: രാജ്യത്ത് ഗാന്ധിയുടെ പൈതൃകം പോലെ ഭീഷണിയിലാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിജെപിയെയും വലതുപക്ഷത്തേയും ലക്ഷ്യമിട്ടു കൊണ്ടാണ് സോണിയ തന്റെ അഭിപ്രായം പങ്കുവച്ചത്. കേന്ദ്രത്തിൽ അധികാരത്തിലുള്ളവരിൽ നിന്നും അവർക്ക് പിന്തുണ നൽകുന്ന ആശയങ്ങളിൽ നിന്നും സംഘടനകളിലും നിന്നും ഗാന്ധിയുടെ പൈതൃകം ഭീഷണിയിലാണെന്നാണ് സോണിയ ആരോപിക്കുന്നത്.
ബിജെപിയെയും ആർഎസ്എസിനെയും ചൂണ്ടിക്കാട്ടിക്കൊണ്ട് സോണിയ ഗാന്ധി വിമർശനം കടുപ്പിക്കുകയായിരുന്നു. 'ഈ സംഘടനകൾ ഒരിക്കലും നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടില്ല. അവർ മഹാത്മാഗാന്ധിയെ കഠിനമായി എതിർത്തു. അവർ അദ്ദേഹത്തിൻ്റെ കൊലപാതകത്തിലേക്ക് നയിച്ച മോശം അന്തരീക്ഷം സൃഷ്‌ടിച്ചു. അദ്ദേഹത്തിന്റെ കൊലയാളികളെ അവർ മഹത്വവൽക്കരിക്കുന്നു' സോണിയ പറഞ്ഞു.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലെ ഗാന്ധിയൻ സ്ഥാപനങ്ങൾ ആക്രമണത്തിനിരയായെന്നും സോണിയ ചൂണ്ടിക്കാട്ടി. ഈ ശക്തികളെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം പുതുക്കുകയെന്നത് തന്റെ പാർട്ടിയുടെ കടമയാണെന്നും അവർ വ്യക്തമാക്കി. ഒരു നൂറ്റാണ്ട് മുമ്പ് മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായിരുന്ന കർണാടകയിലെ ബെലഗാവിയിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗം നടന്നത്.
എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധിക്ക് പങ്കെടുക്കാനായില്ല. ഭരണഘടനാ മൂല്യങ്ങളും ഗാന്ധിയൻ ആദർശങ്ങളും സംരക്ഷിക്കേണ്ടത് പാർട്ടിയുടെ കടമയാണെന്ന് ചടങ്ങിൽ വായിച്ച രേഖാമൂലമുള്ള പ്രസ്‌താവനയിലൂടെ അവർ വ്യക്തമാക്കി. മഹാത്മാഗാന്ധി ബെൽഗാവിയിൽ കോൺഗ്രസ് അധ്യക്ഷനായത് വലിയ വഴിത്തിരിവായെന്നും അവർ ചൂണ്ടിക്കാട്ടി.
'നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു പരിവർത്തന നാഴികക്കല്ലായിരുന്നു അത്. ഇന്ന്, മഹാത്മാഗാന്ധിയുടെ പൈതൃകം സംരക്ഷിക്കാനും നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും നാം സ്വയം സമർപ്പിക്കുന്നു. നമ്മുടെ പ്രചോദനത്തിന്റെ അടിസ്ഥാന സ്രോതസ്സായി അദ്ദേഹം എന്നും ഉണ്ടായിരുന്നു, ഇനിയും അത് തുടരും' സോണിയ പറഞ്ഞു.
കേന്ദ്ര സർക്കാരിനെയും ബിജെപിയും പ്രതിക്കൂട്ടിൽ നിർത്തികൊണ്ടുള്ള പ്രതികരണങ്ങളാണ് കോൺഗ്രസ് നേതാക്കൾ ബെലഗാവിൽ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലെയുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ആരോപിച്ചു.
'പക്ഷേ ഞങ്ങൾ ഈ പോരാട്ടം തുടരും... നെഹ്‌റു-ഗാന്ധി പ്രത്യയശാസ്ത്രത്തിനും ബാബാസാഹിബ് അംബേദ്‌കറുടെ ബഹുമാനത്തിനും വേണ്ടി അവസാന ശ്വാസം വരെ പോരാടും.' എന്നായിരുന്നു മല്ലികാർജുൻ ഖാർഗെ തന്റെ പ്രസംഗത്തിൽ പറഞ്ഞത്.












Click it and Unblock the Notifications