'സോണിയ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് ചെയ്യുന്ന ഗ്രൂപ്പുമായി ബന്ധം'; ആരോപണവുമായി ബിജെപി
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സോണിയക്ക് ജോർജ് സൊറോസ് ഫൗണ്ടേഷൻ ഫണ്ട് ചെയ്യുന്ന ഒരു ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. കശ്‌മീർ സ്വതന്ത്ര രാഷ്ട്രം ആക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ജോർജ് സൊറോസ് ഫൗണ്ടേഷൻ എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
എക്‌സിലൂടെ പങ്കുവച്ച ഒന്നിലധികം പോസ്‌റ്റുകളിലൂടെയാണ് ബിജെപി സോണിയക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ കൂട്ടുകെട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശശക്തികളുടെ ഇടപെടൽ തെളിയിക്കുന്നതാണെന്ന് ബിജെപി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് 10 ചോദ്യങ്ങൾ ഉന്നയിക്കുമെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ഇന്ന് പറഞ്ഞത്.

മീഡിയ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ടിന്റെ പേരിൽ (ഒസിആർപി) ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയായ ജോർജ് സോറോസ് പ്രതിപക്ഷവുമായി ഒത്തുകളിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം.
ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (എഫ്‌ഡിഎൽ-എപി) ഫൗണ്ടേഷന്റെ കോ-പ്രസിഡന്റ് എന്ന നിലയിൽ സോണിയ ഗാന്ധി, ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നിഷികാന്ത് ദുബെ ആരോപിക്കുന്നു. ഈ ഫൗണ്ടേഷൻ കശ്‌മീരിനെ പ്രത്യേക മേഖലയായി കണക്കാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ സോണിയാ ഗാന്ധിയുടെ അധ്യക്ഷസ്ഥാനം ജോർജ് സോറോസ് ഫൗണ്ടേഷനുമായുള്ള ഒരു പങ്കാളിത്തത്തിലേക്ക് നയിച്ചുവെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ സംഘടനകളിൽ വിദേശ ഫണ്ടിംഗ് സ്വാധീനം കാണിക്കുന്നതാണ് ഈ കാര്യമെന്നും ബിജെപി തങ്ങളുടെ ട്വീറ്റ് പരമ്പരയിലൂടെ ആരോപിക്കുന്നു.
അദാനി ഗ്രൂപിനെതിരായ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ജോർജ് സോറോസ് ഫണ്ട് ചെയ്യുന്ന സംഘടന തത്സമയ സംപ്രേഷണം നടത്തിയിരുന്നു. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ജോർജ് സോറോസ് തന്റെ ഒരു പഴയ സുഹൃത്താണെന്ന് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രമുഖ വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെയുള്ള വാർത്തകളിലും പ്രചാരണങ്ങളിലും യുഎസിന് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ആരോപണം യുഎസ് തള്ളുകയായിരുന്നു. യുഎസ് എംബസിയിലെ ഒരു വക്താവ് ആരോപണങ്ങളെ നിരാശാജനകമാണെന്നാണ് വിശേഷിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ യുഎസ് ഏറെ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതിനെ വീണ്ടും ബിജെപി വിമർശിക്കുകയാണ് ചെയ്‌തത്. യുഎസ് സർക്കാരും സോറോസ് ഫൗണ്ടേഷനും ഒരുപോലെ ഒസിസിആർപിറിന് ഫണ്ട് നൽകുന്നുവെന്ന് അവർ സമ്മതിച്ചു എന്നായിരുന്നു നിഷികാന്ത് ദുബെ ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധിയെയും കോൺഗ്രസിനെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് ബിജെപി പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications