കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാൻ സോണിയാ ഗാന്ധി, പ്രിയങ്കയും നേതൃത്വത്തിൽ നിന്ന് പുറത്തേക്ക്?
ദില്ലി: 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി രാജിസന്നദ്ധത അറിയിച്ചേക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രിയങ്ക ഗാന്ധിയും രാജിക്ക് ഒരുങ്ങുന്നതായി സൂചനകളുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഗാന്ധി കുടുംബം നേതൃസ്ഥാനങ്ങള്‍ ഒഴിയാന്‍ തയ്യാറെടുക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ജയം പോയിട്ട് മികച്ച പോരാട്ടം പോലും കാഴ്ച വെയ്ക്കാന്‍ സാധിച്ചില്ല എന്നത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭരണമുണ്ടായിരുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയോട് കോണ്‍ഗ്രസ് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. പ്രിയങ്ക ഗാന്ധി നയിച്ച ഉത്തര്‍പ്രദേശിലാകട്ടെ പ്രാദേശിക പാര്‍ട്ടികളേക്കാളും മോശം പ്രകടനം. 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടി വെച്ച കാശ് പോലും കിട്ടിയില്ല.

3 വര്‍ഷത്തിനിടെ നടന്ന 19 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒരിടത്ത് പോലും തനിച്ച് ഭരണം പിടിക്കാന്‍ സാധിച്ചില്ല എന്നത് രാജ്യത്തെ ഏറ്റവും പഴക്കമുളള ദേശീയ പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയ ചിത്രം വ്യക്തമാക്കുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ തന്നെ നേതൃത്വത്തിന് എതിരെ പാര്‍ട്ടിക്കുളളില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും ഗാന്ധി കുടുംബത്തിന് ചുറ്റും കിടന്ന് കറങ്ങുന്നതിലാണ് താല്‍പര്യം കൂടുതല്‍.

രാഹുല്‍ ഗാന്ധിയുടെ രാജിയോടെയാണ് അധ്യക്ഷ സ്ഥാനം തിരിച്ച് സോണിയാ ഗാന്ധിയുടെ ചുമലില്‍ തന്നെ എത്തുന്നത്. അതിനിടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധിയും എത്തി. യുപിയുടെ ചുമതല ഏറ്റെടുത്ത പ്രിയങ്കയുടെ അക്കൗണ്ടിലുളളത് 2019ലെയും 2022ലെയും തിരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വികൾ മാത്രം. തോല്‍വികളില്‍ നിന്നൊന്നും തന്നെ കോണ്‍ഗ്രസ് നേതൃത്വം പാഠം പഠിക്കുന്നില്ലെന്നതാണ് ഓരോ തിരഞ്ഞെടുപ്പും വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് നാളെ ദില്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ഈ യോഗത്തില്‍ വെച്ച് അധ്യക്ഷ സ്ഥാനം ഒഴിയാനുളള സന്നദ്ധത സോണിയാ ഗാന്ധി അറിയിച്ചേക്കും. യുപിയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രിയങ്ക ഗാന്ധിയും രാജി വെച്ചേക്കും. നാളെ വൈകിട്ട് 4 മണിക്ക് ദില്ലിയിലെ എഐസിസി ആസ്ഥാനത്താണ് യോഗം.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ്. അതുകൊണ്ട് തന്നെ നേതൃത്വത്തില്‍ നിന്നും ഒഴിയാനുളള ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തിന് അംഗീകാരം ലഭിക്കുമോ എന്നുളള സംശയം നിലനില്‍ക്കുന്നുണ്ട്. 2019ല്‍ രാഹുല്‍ ഗാന്ധി രാജിക്കത്ത് നല്‍കിയിട്ടും മാസങ്ങളോളം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തയ്യാറായിരുന്നില്ല. ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്നാണ് വെപ്പ്. എന്നാല്‍ രാജസ്ഥാനിലും കർണാടകത്തിലുമടക്കം നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രവർത്തക സമിതിൽ ഇക്കുറി ചെറിയ തീപ്പൊരികളെങ്കിലും വീഴുമെന്നും കരുതാം.

കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ തന്നെയും പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ നേതൃത്വത്തിന് എതിരെ രോഷം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല നേതൃത്വത്തിനെതിരെ നേരത്തെയും കലാപക്കൊടി ഉയര്‍ത്തിയിട്ടുളള ജി 23 നേതാക്കള്‍ ശക്തമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ജി 23 നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മാറ്റം ആവശ്യമാണെന്ന് ജി 23യുടെ ഭാഗമായ ശശി തരൂര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications