സോണിയ ഗാന്ധി ഇന്ന് വീണ്ടും ഇ ഡിക്ക് മുമ്പില്‍; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നാഷനൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച സോണിയയെ ഇ.ഡി രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍. അതേസമയം ഇഡി നടപടിയില്‍ കടുത്ത പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിയോഗികളെ നേരിടുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. പുതിയ സമരപരിപാടികള്‍ ആഹ്വാനം ചെയ്യാൻ കോണ്‍ഗ്രസ് നേതൃത്വം തിങ്കളാഴ്‌ച യോഗം ചേര്‍ന്നിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും പാർട്ടി എം.പിമാരുമാണ് യോഗം ചേര്‍ന്നത്. രാജ്ഘട്ടിൽ സത്യഗ്രഹം നടത്താനിയിരുന്നു പദ്ധതിയെങ്കിലും ദില്ലി പൊലീസ് അനുമതി നൽകിയില്ല. ആ പശ്ചാത്തലത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിക്കും. സത്യഗ്രഹ സമരം നടത്താൻ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഗാന്ധി പ്രതിമയ്ക്ക് മുമ്പിലോ അതത് തലസ്ഥാന നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ഏതെങ്കിലും സ്ഥലത്തോ സമാധാനപരമായി സത്യഗ്രഹം നടത്തണമെന്നാണ് നിര്‍ദേശം. രാവിലെ ആരംഭിക്കുന്ന സത്യഗ്രഹം സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ അവസാനിപ്പിക്കാനാണ് തീരുമാനം.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വ്യാഴാഴ്ച രണ്ട് മണിക്കൂറോളമാണ് ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യ്‌തത്.28 ചോദ്യങ്ങള്‍ ഇഡി സോണിയ ഗാന്ധിയോട് ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫീസില്‍ ഹാജരാകമെന്ന് സോണിയ അറിയിക്കുകയായിരുന്നു.നേരത്തെ ജൂൺ 8 ന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹാജരായിരുന്നില്ല.

വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കുകയും എംപിമാര്‍ നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികളും സംയുക്ത പ്രസ്താവന പുറത്തിറക്കി. രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ കോൺഗ്രസ് നേതാക്കളും സോണിയ ഗാന്ധിയെ അനുഗമിച്ച് ഇഡി ഓഫീസില്‍ എത്തിയിരുന്നു. എന്നാൽ സോണിയയെ അനുഗമിച്ച കോൺഗ്രസ് എംപിമാരെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ എഐസിസി ആസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് നടന്നത്.

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രാജധാനി എക്‌സ്പ്രസ്, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകള്‍ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.സോണിയ ഗാന്ധിയുടെ മൊഴിയെടുത്ത ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നു എന്നാണ് കേസിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.












Click it and Unblock the Notifications