'സോണിയാ ഗാന്ധി ദേഷ്യപ്പെട്ട് സ്മൃതി ഇറാനിക്ക് നേരെ കൈ ചൂണ്ടി', അതാണ് പ്രശ്നമായതെന്ന് ബിജെപി എംപി
ദില്ലി: രാഷ്ട്രപത്‌നി വിവാദത്തില്‍ നാടകീയ സംഭവങ്ങളാണ് ഇന്ന് പാര്‍ലമെന്റില്‍ അരങ്ങേറിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും അടക്കമുളള ബിജെപി അംഗങ്ങളും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിന് ലോക്‌സഭ സാക്ഷിയായി. അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ മാപ്പ് പറയണം എന്നുളള ബിജെപിയുടെ ആവശ്യമാണ് സോണിയാ ഗാന്ധിയെ ചൊടിപ്പിച്ചത്.
ബിജെപി എംപിയായ രമാ ദേവിയുടെ സമീപത്ത് എത്തിയ സോണിയ, അധിര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞെന്നും തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിടുന്നതെന്നും ചോദിച്ചു. ഇതോടെ സമൃതി ഇറാനി പ്രശ്‌നത്തില്‍ ഇടപെടുകയും രംഗം കൂടുതല്‍ വഷളാവുകയും ചെയ്തു. സോണിയാ ഗാന്ധി രോഷത്തോടെ സംസാരിച്ചതാണ് പ്രശ്‌നം തുടങ്ങാനുളള കാരണമെന്ന് രമാദേവി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

വിരല്‍ ചൂണ്ടി ദേഷ്യത്തോടെയാണ് സ്മൃതി ഇറാനിയോട് സോണിയാ ഗാന്ധി സംസാരിച്ചത്. സോണിയാ ജീ തന്റെ നേരെ വന്നു. അവര്‍ സ്മൃതി ജിയോട് പറഞ്ഞു, നിങ്ങളോടല്ല ഞാന്‍ സംസാരിക്കുന്നത്, നിങ്ങള്‍ എന്നോട് സംസാരിക്കേണ്ടതില്ല എന്ന്. അതെന്തുകൊണ്ടാണ് എന്നും നിങ്ങള്‍ രമാ ജിയോട് സംസാരിക്കാനാണോ വന്നത് എന്നും സ്മൃതി ഇറാനി സോണിയാ ഗാന്ധിയോട് ചോദിച്ചു. അതെ അവരോട് സംസാരിക്കാനാണ് എന്നത് എന്നാണ് സോണിയ മറുപടി പറഞ്ഞത്, രമാ ദേവി വ്യക്തമാക്കി.
രാഷ്ട്രപതിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് പൊറുക്കാവുന്നതല്ല. അധിര്‍ രഞ്ജന്‍ ചൗധരിയെപ്പോലുളള ഇത്തരം നേതാക്കളെ തിരഞ്ഞെടുത്തതിന് സോണിയാ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും രമാ ദേവി ആവശ്യപ്പെട്ടു. ബഹളത്തിനിടെ സുപ്രിയ സൂലെ, മഹുവ മൊയിത്ര അടക്കമുളള എംപിമാരായിരുന്നു സോണിയാ ഗാന്ധിയെ സഭയ്ക്ക് പുറത്തേക്ക് സുരക്ഷിതമായി എത്തിച്ചത്. തന്നെ സോണിയാ ഗാന്ധി ഭീഷണിപ്പെടുത്തി എന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.
എന്നാല്‍ അങ്ങനൊരു സംഭവം താന്‍ കണ്ടില്ലെന്നും കുറച്ച് വൈകിയാണ് സംഭവം നടക്കുമ്പോള്‍ എത്തിയത് എന്നും സുപ്രിയ സൂലെ പ്രതികരിച്ചു. താന്‍ സഭയിലേക്ക് തിരിച്ച് ചെല്ലുമ്പോള്‍ സോണിയാ ഗാന്ധി ആരുമായും സംസാരിക്കുന്നത് കണ്ടില്ല. പക്ഷേ നിരവധി എംപിമാര്‍ അവിടെയുണ്ടായിരുന്നു. നല്ല ബഹളവും നടക്കുന്നുണ്ടായിരുന്നു എന്നും സുപ്രിയ സൂലെ പറഞ്ഞു. സോണിയാ ഗാന്ധിയെ കയ്യേറ്റം ചെയ്തു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രധാനമന്ത്രിയും സ്മൃതി ഇറാനിയും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications