ഇന്ത്യൻ പൗരയാവുന്നതിന് മുൻപ് തന്നെ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ; ആരോപണവുമായി ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് കാട്ടിയെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, കോൺഗ്രസ് എംപി സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ് തന്നെ അവരുടെ പേര് വോട്ടർ പട്ടികയിൽ പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറാണ് വാർത്താ സമ്മേളനത്തിൽ അവകാശവാദവുമായി രംഗത്ത് വന്നത്.
ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധി ഇന്ത്യൻ പൗരയാകുന്നതിന് മൂന്ന് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1980ൽ വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നുവെന്നാണ് താക്കൂർ ആരോപിക്കുന്നത്. ഇതിനെ സാധൂകരിക്കാനായി 1980ൽ ന്യൂഡൽഹി നിയോജകമണ്ഡലത്തിലെ ഒരു പോളിംഗ് സ്‌റ്റേഷനിലെ വോട്ടർ പട്ടികയുടെ ഫോട്ടോകോപ്പിയും എക്‌സിൽ അദ്ദേഹം ഷെയർ ചെയ്‌തു.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ അവകാശവാദങ്ങൾ ആവർത്തിച്ച താക്കൂർ, മാളവ്യയുടെ എക്‌സ് പോസ്‌റ്റും പങ്കുവയ്ക്കുകയായിരുന്നു. സഫ്‌ദർജംഗ് റോഡിലെ 145-ാം നമ്പർ പോളിംഗ് സ്‌റ്റേഷനിലെ വോട്ടർ പട്ടികയിൽ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി എന്നിവരുടെ പേരുകൾ കൂടി ഉണ്ടായിരുന്നു.
ആ സമയം സോണിയ ഇറ്റാലിയൻ പൗരയായിരുന്നു എന്നാണ് അമിത് മാളവ്യ അവകാശപ്പെടുന്നത്. ഇന്ത്യയിലെ വോട്ടർ പട്ടികയിലെ സോണിയ ഗാന്ധിയുടെ കടന്നുകയറ്റം തിരഞ്ഞെടുപ്പ് നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും അവർ ആരോപിക്കുന്നു. കോൺഗ്രസിനെ അവരുടെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ബിജെപി ശ്രമമെന്ന് വ്യക്തമാണ്.
1946ൽ ഇറ്റലിയിൽ എഡ്വിജ് അന്റോണിയ ആൽബിന മൈനോ എന്ന പേരിൽ ജനിച്ച സോണിയ ഗാന്ധി 1968ലാണ് രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് ഇന്ത്യയിലേക്ക് താമസം മാറിയത്. 1950-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹതയില്ല. ഈ നിയമം ഉയർത്തിക്കാട്ടിയാണ് സോണിയയ്ക്കും കോൺഗ്രസിനും എതിരെ ബിജെപി വാളെടുക്കുന്നത്.
'1980ൽ ന്യൂഡൽഹി പാർലമെന്ററി മണ്ഡലത്തിലെ വോട്ടർ പട്ടിക പരിഷ്‌കരിച്ചു, 1980 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചു. ഈ പുനരവലോകന വേളയിൽ, പോളിംഗ് സ്‌റ്റേഷൻ 145-ൽ സീരിയൽ നമ്പർ 388-ൽ സോണിയ ഗാന്ധിയുടെ പേര് ചേർത്തു' എന്നായിരുന്നു അമിത് മാളവ്യ ആരോപിച്ചത്. അന്ന് മുൻ കോൺഗ്രസ് മേധാവിയുടെ പേര് 1982 ൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും 1983 ജനുവരിയിൽ വീണ്ടും ചേർക്കുകയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
'അവരുടെ വോട്ടർ പട്ടികയിലേക്കുള്ള രണ്ടാമത്തെ കൂട്ടിച്ചേർക്കൽ പോലും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി... രജിസ്ട്രേഷനുള്ള യോഗ്യതാ തീയതി 1983 ജനുവരി 1 ആയിരുന്നു - എന്നിട്ടും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് 1983 ഏപ്രിൽ 30 ന് മാത്രമാണ്' പൗരത്വ ചട്ടങ്ങൾ പാലിക്കാതെയാണ് ഈ രണ്ട് വട്ടവും സോണിയ ഗാന്ധിയുടെ പേര് ഇലക്ട്രൽ റോളിൽ ചേർത്തതെന്ന് മാളവ്യ ചൂണ്ടിക്കാട്ടി.
നേരത്തെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാജ വ്യക്തികളെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും അതിലൂടെയാണ് ബിജെപി അധികാരത്തിൽ എത്തിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ക്രമക്കേടാണ് അദ്ദേഹം ഉയർത്തി കാട്ടിയത്. എന്നാൽ ആരോപണങ്ങൾ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരുപോലെ നിഷേധിച്ചിരുന്നു. അവിടെയാണ് വിവാദങ്ങളുടെ തുടക്കം.












Click it and Unblock the Notifications