സ്വവര്‍ഗാനുരാഗം; വിധിയില്‍ സോണിയാ ഗാന്ധിക്ക് നിരാശ
ദില്ലി: സ്വവര്‍ഗാനുരാഗം കുറ്റകൃത്യമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നിരാശ. കോടതി വിധി നിരാശയുണ്ടാക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ് എന്നാണ് അവര്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാന്‍ ഇത് സംബന്ധിച്ച് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു പി എ അധ്യക്ഷ പറഞ്ഞു.
മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മുന്നൂറ്റി എഴുപത്തേഴാം വകുപ്പിനെതിരെ ദില്ലി കോടതി കൊണ്ടുവന്ന വിധി സ്വാഗതാര്‍ഹമായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി അങ്ങനെയല്ല. എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടി പാര്‍ലമെന്റ് ഇക്കാര്യത്തില്‍ ഇടപെടും എന്നാണ് പ്രതീക്ഷ. സുപ്രീം കോടതി വിധിക്കെതിരെ രാജ്യമെങ്ങുമുള്ള സ്വവര്‍ഗാനുരാഗികളില്‍ നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.

സോണിയാ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി, ധനകാര്യമന്ത്രി പി ചിദംബരം തുടങ്ങിയ പ്രമുഖ നേതാക്കളും സുപ്രീം കോടതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. സുപ്രീം കോടതി വിധി തെറ്റായിപ്പോയി എന്ന് പി ചിദംബരം പറഞ്ഞു. കേന്ദ്രസര്‍ക്കാരിലെ പ്രമുഖരില്‍ നിന്നും അനുകൂലമായ പ്രസ്താവനകള്‍ വരുന്നത് സ്വവര്‍ഗാനുരാഗികളെയും സന്തോഷിപ്പിക്കുന്നുണ്ട്.
ബുധനാഴ്ചയാണ് ദില്ലി ഹൈക്കോടതി 2009 ല്‍ നടത്തിയ വിധി സുപ്രീം കോടതി റദ്ദാക്കിയത്. സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന ആര്‍ട്ടിക്കിള്‍ 377 തുടര്‍ന്നും ഉണ്ടാകുമെന്നും സ്വവര്‍ഗാനുരാഗം കുറ്റകൃത്യമാണ് എന്നുമായിരുന്നു കോടതി വിധി. ഏകദേശം, മുപ്പത് ലക്ഷത്തോളം സ്വവര്‍ഗാനുരാഗികള്‍ ഇന്ത്യയിലുണ്ട് എന്നാണ് കണക്ക്.












Click it and Unblock the Notifications