സോനു സുദിനെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍, കാര്‍ പിടിച്ചെടുത്തു
അമൃത്സര്‍ : ബോളിവുഡ് താരം സോനു സുദിനെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ താരത്തെ തടഞ്ഞത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സഹോദരി മാളവിക മത്സരിക്കുന്നുണ്ട് . ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സോനു സൂദ് വോട്ടര്‍മാരുമായി സെല്‍ഫിയെടുത്ത് അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട് .
ശിരോമണി അകാലിദള്‍ ( എസ് എ ഡി ) നേതാവ് മഖന്‍ ബ്രാര്‍ എന്ന ദര്‍ജീന്ദര്‍ സിംഗ് നല്‍കിയ പരാതിയെത്തുടര്‍ന്ന് വിവിധ ബൂത്തുകളിലേക്ക് പോകുന്നത് തടയാന്‍ സോനു സൂദിന്റെ കാര്‍ പിടിച്ചെടുത്തു. ജില്ലാ മജിസ്ട്രേറ്റ് ഹരീഷ് നയ്യാര്‍ മോഗ എസ്പിയോട് ഇതു സംബന്ധിച്ച് പരാതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാല്‍, തന്റെ സഹോദരിക്ക് വേണ്ടി താന്‍ ആരോടും വോട്ട് ചോദിച്ചിട്ടില്ലെന്ന് സോനു സൂദ് പറഞ്ഞു. പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബൂത്തുകള്‍ സന്ദര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിലാണ് മാളവിക സൂദ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവിന്റെയും സാന്നിധ്യത്തില്‍ ജന്മനാടായ മോഗയില്‍ നിന്നാണ് മാളവിക പാര്‍ട്ടിയില്‍ ചേര്‍ന്നത് .
അതേസമയം, ചില ബൂത്തുകളില്‍ പണം വിതരണം ചെയ്തതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനാണ് താന്‍ പോയതെന്ന് സോനു സൂദ് പറഞ്ഞു. പ്രതിപക്ഷം, പ്രത്യേകിച്ച് അകാലിദളിലെ ആളുകള്‍ വിവിധ ബൂത്തുകളില്‍ ഭീഷണി കോളുകള്‍ വന്നതായി ഞങ്ങള്‍ അറിഞ്ഞു. ചില ബൂത്തുകളില്‍ പണം വിതരണം ചെയ്യുന്നുണ്ട്. അതിനാല്‍ പരിശോധിച്ച് നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ബൂത്തുകളിലേക്ക് പോയതെന്ന് സോനു സുദ് പറഞ്ഞു .
കോണ്‍ഗ്രസ്, എ എ പി, എസ് എ ഡി - ബി എസ് പി , ബി ജെ പി - പി എല്‍ സി -എസ് എ ഡി ( സംയുക്ത് ) , വിവിധ കര്‍ഷക സംഘടനകളുടെ രാഷ്ട്രീയ മുന്നണിയായ സംയുക്ത് സമാജ് മോര്‍ച്ച എന്നിവയ്ക്കിടയിലുള്ള ബഹുകോണ മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത് . 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദള്‍- ബി ജെ പി സഖ്യത്തിന് 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മറുവശത്ത്, എ എ പി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു .
അതേസമയം, പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചംകൗര്‍ സാഹിബ് സീറ്റില്‍ നിന്നുള്ള മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, അമൃത്സര്‍ ഈസ്റ്റ് സീറ്റില്‍ എസ് എ ഡിയുടെ ബിക്രം സിംഗ് മജിതിയയ്ക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു , പട്യാലയില്‍ നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് , ജലാലാബാദ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ , പ്രകാശ് സിംഗ് ബാദല്‍ , മജിത സീറ്റില്‍ നിന്ന് ഗാനിവ് കൗര്‍ മജിതിയ, ബതിന്ദ സീറ്റില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവരാണ് പഞ്ചാബിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ .












Click it and Unblock the Notifications