വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധം, സ്റ്റാന്‍ഡ് അപ് കൊമേഡിയൻ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി
ദില്ലി: വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെപ്റ്റംബര്‍ 17, 18 തിയ്യതികളിലായിരുന്നു കുനാല്‍ കമ്രയുടെ ഷോ നടക്കേണ്ടിയിരുന്നത്. കുനാല്‍ കമ്ര മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത് എന്നാണ് വിഎച്ച്പി ആരോപണം. ഹിന്ദു ദൈവങ്ങളേയും ദേവതകളേയും കുനാല്‍ തന്റെ പരിപാടിയിലൂടെ പരിഹസിക്കുന്നതായും അതുകൊണ്ട് പരിപാടി നടത്താന്‍ അനുവദിക്കില്ല എന്നുമാണ് സംഘാടകര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
ഇതേ തുടര്‍ന്നാണ് കുനാല്‍ കമ്ര ലൈവ് എന്ന് പേരിട്ട പരിപാടി സംഘാടകരായ സ്റ്റുഡിയോ സോ ബാര്‍ റദ്ദാക്കിയത്. കുനാല്‍ കമ്രയുടെ പരിപാടിക്ക് എതിരെ ബജ്രംഗ് ദളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു മാത്രമല്ല ഗുരുഗ്രാം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് പരിപാടി നടത്തുന്നതിന് എതിരെ വിഎച്ച്പി പരാതിയും നല്‍കുകയുണ്ടായി. കുനാല്‍ കമ്രയുടെ പരിപാടിക്ക് അനുവാദം നല്‍കിയാല്‍ ജില്ലയില്‍ പ്രശ്‌നങ്ങളുണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പരാതി.

പരിപാടി റദ്ദാക്കിയതിന് പിന്നാലെ അധികാരികളെ പരിഹസിച്ച് കുനാല്‍ കമ്ര രംഗത്ത് വന്നു. 'അയാള്‍ നമ്മുടെ സംസ്‌ക്കാരത്തെ പരിഹസിക്കുന്നുവെന്ന് ഞങ്ങള്‍ പറയുന്നു, അയാള്‍ നമ്മുടെ ദൈവങ്ങളെ പരിഹസിക്കുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു, ഞങ്ങളുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ല, എന്നാല്‍ ഈ പരിപാടി ഞങ്ങളുടെ സമാധാനം ഇല്ലാതാക്കുന്നതാണ്. ഞങ്ങള്‍ 12 പേര്‍ക്ക് ഈ ഷോ നടക്കുന്നതിനോട് താല്‍പര്യമില്ല, 500 പേര്‍ പരിപാടി കാണാനായി ടിക്കറ്റ് എടുത്തിട്ടുണ്ട്. അപ്പോള്‍ അധികാരികള്‍ എന്ത് ചെയ്യണം ( 10 മാര്‍ക്കിനുളള യു പി എസ് സി ചോദ്യം)' എന്നാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്.
ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രൂക്ഷ വിമര്‍ശകനാണ് കുനാല്‍ കമ്ര. നേരത്തെയും പലതവണ കുനാല്‍ കമ്രയുടെ ഷോകള്‍ പ്രതിഷേധം കാരണം റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മറ്റൊരു സ്റ്റാന്‍ഡ് അപ് കൊമേഡിയനായ മുനവ്വര്‍ സിദ്ദിഖിയുടെ ഷോയും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 28ന് നടക്കേണ്ട പരിപാടിക്ക് ദില്ലി പോലീസ് അനുമതി നിഷേധിച്ചു. സാമുദായിക മൈത്രി തകര്‍ക്കും എന്ന് ആരോപിച്ചാണ് പരിപാടിക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications