കേരളത്തിന്റെ പേരുമാറ്റം വൈകില്ല; ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ, ഇനി 'കേരളം'
ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. സഭയുടെ തിങ്കളാഴ്‌ചത്തെ നടപടിക്രമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും കേരള സംസ്ഥാന നാമമാറ്റ ബിൽ, 2026 ലോക്‌സഭയിൽ അവതരിപ്പിക്കുക. ഇതോടൊപ്പം ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബില്ലും അദ്ദേഹം അവതരിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ കേരളത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റാനുള്ള നിർദ്ദേശത്തിന് നേരത്തെ അനുമതി നൽകിയിരുന്നു.
മന്ത്രിസഭയുടെ അനുമതിക്ക് പിന്നാലെ, 2026ലെ കേരള സംസ്ഥാന നാമമാറ്റ ബിൽ രാഷ്ട്രപതി ഭരണഘടനയിലെ മൂന്നാം അനുച്ഛേദത്തിലെ വ്യവസ്ഥപ്രകാരം കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കുകയായിരുന്നു.

കേരള നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കുയാണ് ചെയ്‌തത്. തുടർന്നാണ് സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ ശുപാർശ തേടിയത്. നേരത്തെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 2024 ജൂൺ 24ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
മലയാളത്തിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാണെന്നും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി ഐക്യകേരളം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്ന കാര്യവും പ്രമേയത്തിൽ പരാമർശിച്ചിരുന്നു.
ഭരണഘടനയിലെ മൂന്നാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'കേരള' എന്നതിനു പകരം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നതിനുള്ള അധികാരം ഭരണഘടനയിലെ മൂന്നാം അനുച്ഛേദം പാർലമെന്റിന് നൽകുന്നു. നിയമം പാസാക്കുന്നതിലൂടെ ഏതെങ്കിലും സംസ്ഥാനത്തിന്റെ പേര് മാറ്റാൻ പാർലമെന്റിന് സാധിക്കും. എന്നാൽ ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ഏതെങ്കിലും സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ ശുപാർശ ആവശ്യമാണ്.
സംസ്ഥാനത്തിന്റെ പേര്, വിസ്‌തീർണം, അതിർത്തി തുടങ്ങിയ കാര്യങ്ങളെ ബാധിക്കുന്ന നിർദ്ദേശമാണെങ്കിൽ, ബിൽ ആദ്യം രാഷ്ട്രപതി ബന്ധപ്പെട്ട സംസ്ഥാന നിയമസഭയ്ക്ക് അഭിപ്രായം പറയുന്നതിനായി അയയ്ക്കണം. രാഷ്ട്രപതി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ സംസ്ഥാന നിയമസഭയുടെ അഭിപ്രായം ലഭിക്കണം.
ആവശ്യമായാൽ രാഷ്ട്രപതിക്ക് അധിക സമയവും അനുവദിക്കാം. നിശ്ചയിച്ച സമയപരിധി അവസാനിച്ചതിന് ശേഷമാണ് ബില്ലുമായി ബന്ധപ്പെട്ട തുടർനടപടികൾ പാർലമെന്റിൽ സ്വീകരിക്കാൻ കഴിയുക. കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശം നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായി പരിശോധിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയുമായ അമിത് ഷായുടെ അനുമതിയോടെ, സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള കരട് മന്ത്രിസഭാ കുറിപ്പ് നിയമകാര്യ വകുപ്പിനും നിയമനിർമാണ വകുപ്പിനും അഭിപ്രായത്തിനായി കൈമാറുകയായിരുന്നു. നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള ഈ രണ്ട് വകുപ്പുകളാണ് നിർദ്ദേശത്തെക്കുറിച്ച് നിയമപരമായ അഭിപ്രായങ്ങൾ നൽകിയത്.
പാർലമെന്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ആവശ്യമായ ഭരണഘടനാ നടപടികൾ പാലിക്കുകയും ചെയ്‌താൽ കേരളത്തിന്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് മുന്നോട്ട് പോകാനാകും. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications