ബെംഗളൂരുവിലെ യാത്ര സുഗമമാക്കാൻ നടപടി; കുഴികൾ നികത്താനും വൈറ്റ് ടോപ്പിങ് വേഗം കൂട്ടാനും നിർദ്ദേശം
ബെംഗളൂരു: നഗരത്തിൽ നടക്കുന്ന റോഡ് വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിലെ അഞ്ച് നഗര കോർപ്പറേഷനുകളിൽ നടപ്പാക്കുന്ന റോഡുകളുടെ നവീകരണവും വൈറ്റ് ടോപ്പിങ്ങുമാണ് വേഗത്തിലാക്കാൻ ചീഫ് കമ്മീഷണർ ഉത്തരവിട്ടത്. മൺസൂൺ തുടങ്ങിയ സാഹചര്യത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ഗ്രേറ്റർ ബെംഗളൂരു മേഖലയിലാകെ ബി-സ്മൈൽ നടപ്പാക്കുന്ന വൈറ്റ് ടോപ്പിങ്, ബഫർ റോഡ് പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലാകെ 1,700 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്നും എല്ലാ പദ്ധതികളും എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മഹേശ്വർ റാവു യോഗത്തിൽ വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുന്ന സ്ഥലങ്ങളിലെ തടസങ്ങൾ കണ്ടെത്തി പരിഹരിക്കാനും പ്രവൃത്തികൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. '800 കോടി രൂപ ചെലവിൽ 58.60 കിലോമീറ്റർ വൈറ്റ് ടോപ്പിങ് റോഡ് പ്രവൃത്തികളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 28.18 കിലോമീറ്റർ പൂർത്തിയായി. പുരോഗതി 56.1 ശതമാനമാണ്' ചീഫ് കമ്മീഷണർ അറിയിച്ചു.
'കൂടാതെ, 900 കോടി രൂപ ചെലവിൽ 66.28 കിലോമീറ്റർ വൈറ്റ് ടോപ്പിങ് പ്രവൃത്തികളും കൂടി ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ 26.40 കിലോമീറ്റർ പൂർത്തിയായിട്ടുണ്ട്. പുരോഗതി 46.43 ശതമാനമാണ്. ആകെ 1,700 കോടി രൂപയുടെ പദ്ധതിയിൽ 51 ശതമാനം പ്രവൃത്തികൾ പൂർത്തിയായി'; എന്നാണ് യോഗത്തിൽ മഹേശ്വർ റാവു വിശദീകരിച്ചത്.
റോഡ് വീതികൂട്ടൽ പൂർത്തിയായ ശേഷം മാത്രം വൈറ്റ് ടോപ്പിങ്
ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ചീഫ് കമ്മീഷണർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കും തിരക്കും പ്രധാന പ്രശ്‌നമാകാനിടയുള്ളതിനാൽ, നാഗവാര റോഡ്, ടാനറി റോഡ്, ദിന്നൂർ റോഡ്, ഹോളിഡേ വില്ലേജ് റോഡ് എന്നിവിടങ്ങളിൽ വൈറ്റ് ടോപ്പിങ് തുടങ്ങുന്നതിനു മുൻപ് റോഡ് വീതികൂട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോർപ്പറേഷൻ എൻജിനീയർമാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.
'ഭൂമി ഏറ്റെടുക്കൽ ആവശ്യമായിടത്ത് ട്രാൻസ്‌ഫറബിൾ ഡെവലപ്മെന്റ് റൈറ്റ്സ് നൽകി ബന്ധപ്പെട്ട നഗര കോർപ്പറേഷനുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് വീതികൂട്ടൽ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണം. വീതികൂട്ടൽ പൂർത്തിയായതിന് ശേഷമേ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കാവൂ' എന്നായിരുന്നു ചീഫ് കമ്മീഷണറുടെ നിർദ്ദേശം.
നിലവിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ നടക്കുന്ന റോഡുകളിൽ കുഴികൾ ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. പ്രവൃത്തികൾ ഇതുവരെ ആരംഭിക്കാത്ത റോഡുകളിൽ വാഹന ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ഇപ്പോഴുള്ള കുഴികൾ എത്രയും പെട്ടെന്ന് നികത്തണമെന്നും നിർദ്ദേശമുണ്ട്.
സ്‌റ്റോം വാട്ടർ ഡ്രെയിനിന് മുകളിലുള്ള റോഡ് വികസനം ജിബിഎ നിയമപരമാക്കിയ സാഹചര്യത്തിൽ, ആകെ 68 കിലോമീറ്റർ ദൈർഘ്യമുള്ള ഒൻപത് ബഫർ റോഡുകൾ ജിബിഎ പരിധിയിൽ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രവൃത്തികൾ വേഗത്തിലാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.














Click it and Unblock the Notifications