ഓഹരി വിപണിയില്‍ തകര്‍ച്ച, നിക്ഷേപകര്‍ക്ക് നഷ്ടം 8 ലക്ഷം കോടി, സെന്‍സെക്‌സില്‍ വീഴ്ച്ച 1000 പോയിന്റ്
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് വന്‍ തകര്‍ച്ച. നിക്ഷേപകര്‍ക്ക് ആകെ നഷ്ടമായത് എട്ട് ലക്ഷത്തില്‍ അധികം കോടിയാണ്. സെന്‍സെക്‌സ് ആയിരം പോയിന്റിലേറെയാണ് വീഴ്ച്ചയുണ്ടായത്. വ്യാപാരം അവസാനിക്കുമ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും 1.5 ശതമാനത്തിന്റെ വീഴ്ച്ചയാണ് രേഖപ്പെടുത്തിയത്.
വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 1053.10 പോയിന്റ് ഇടിഞ്ഞ് 70370.55ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി 333 പോയിന്റുകളാണ് ഇടിഞ്ഞത്. 21238.80 വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലത്തിലെ മുന്നേറ്റം ഇന്ന് ഓഹരി വിപണി ആരംഭിച്ചപ്പോള്‍ പ്രകടമായിരുന്നു. എന്നാല്‍ പിന്നീട് തകരുകയായിരുന്നു.

സീ എന്റര്‍ടെയിന്‍മെന്റും സോണി ഗ്രൂപ്പുമായുള്ള ലയനം പൊളിഞ്ഞതോടെ സീയുടെ ഓഹരികളില്‍ വന്‍ ഇടിവാണ് ഉണ്ടായത്. പിന്നീട് വലിയ തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ ഉണ്ടായത്. ഇന്‍ഡസ്ലന്റ് ബാങ്ക്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എന്നിവരാണ് നിഫ്റ്റിയില്‍ വന്‍ നഷ്ടമുണ്ടായവര്‍.
സിപ്ല, സണ്‍ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവര്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി. സെക്ടറല്‍ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഒഴിച്ചുള്ള യാതൊരു കമ്പനികളും നേട്ടമുണ്ടാക്കിയില്ല.നിക്ഷേപകര്‍ക്ക് മൊത്തം 8.24 ലക്ഷം കോടിയാണ് ഇന്ന് ഓഹരി വിപണിയില്‍ നഷ്ടമായത്.
അതേസമയം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 366 ലക്ഷം കോടിയായി താഴ്ന്നിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളിലെ തകര്‍ച്ചയാണ് നിഫ്റ്റിയിലെ പകുതിയോളം ഇടിവിന് കാരണമായത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്ന് ശതമാനമാണ് ഇടിവുണ്ടായത്.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലമാണ് ബാങ്കിനെ ബാധിച്ചത്.ഇന്ന് വാങ്ങാന്‍ നിക്ഷേപകര്‍ ഇല്ലാത്തതിനാല്‍ 154 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍സ്ട്രീസിന്റെ ഓഹരി നേരിട്ടത് രണ്ട് ശതമാനം ഇടിവാണ്.
ഓഹരി സൂചികകളിലെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായതും റിലയന്‍സിന്റെ തകര്‍ച്ചാണ്. ഐഒസി, എച്ച്പിസിഎല്‍, അദാനി ടോട്ടല്‍ ഗ്യാസ്, ഓയില്‍ ഇന്ത്യ, ഒഎന്‍ജിസി, ബിപിസിഎല്‍, തുടങ്ങിയ ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികള്‍ 4 മുതല്‍ 5 ശതമാനം വരെ ഇടിവ് നേരിട്ടു.












Click it and Unblock the Notifications