'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന കാഴ്‌ചപ്പാടിനെ ശക്തിപ്പെടുത്തി'; ആർട്ടിക്കിൾ 370 വിധിയെക്കുറിച്ച് മോദി
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌ത കേന്ദ്രസർക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെ, വീണ്ടും പരമോന്നത കോടതിയുടെ നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന കാഴ്‌ചപ്പാടിനെ ഇത് ശക്തിപ്പെടുത്തിയെന്ന് മോദി പറഞ്ഞു.
"ഡിസംബർ 11ലെ വിധിയിലൂടെ, ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന കാഴ്‌ചപ്പാടിന്റെ ആത്മാവിനെ സുപ്രീം കോടതി ശക്തിപ്പെടുത്തി, അത് നമ്മെ നിർവചിക്കുന്നത് ഐക്യത്തിന്റെയും നല്ല ഭരണത്തിലേക്ക് നയിക്കുന്ന പങ്കാളിത്ത പ്രതിബദ്ധതയുടെയും ബന്ധത്തിലേക്കാണ്." ദി ഹിന്ദുവിൽ എഴുതിയ ഒരു ലേഖനത്തിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ 2019ലെ ഉത്തരവ് സാധുവാണെന്ന് ഇന്നലെ ഉത്തരവിട്ടിരുന്നു. ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിപ്പറയുന്ന സർക്കാർ ഉത്തരവിന്റെ സാധുതയെക്കുറിച്ച് കോടതിക്ക് വിധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജമ്മു കശ്‌മീരിന് മാത്രമായി പ്രത്യേക പദവി അവകാശപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം കശ്‌മീരിനുമില്ല. ഭരണഘടനയുടെ 370ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം അംഗീകരിച്ച് കൊണ്ട് പരമോന്നതകോടതി വ്യക്തമാക്കി.
2018 ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. 370 (3) പ്രകാരം 370-ാം വകുപ്പ് റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് ഭരണസ്‌തംഭനത്തിന് കാരണമാകും സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണപ്രദേശമാക്കാൻ ആർട്ടിക്കിൾ 3 അനുവദിക്കുന്നുണ്ടെന്നും ലഡാക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.
എന്നാൽ എത്രയും വേഗം കശ്‌മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 30നകം കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശവും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദമായിരുന്നു ആര്‍ട്ടിക്കിള്‍ 370. 2019ല്‍ കേന്ദ്ര സര്‍ക്കാർ ഇത് റദ്ദാക്കിയിരുന്നു. പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന പ്രമേയത്തിലൂടെയായിരുന്നു നടപടി. ഇതിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ എത്തിയിരുന്നു. ഇവയിലാണ് ഇന്നലെ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.












Click it and Unblock the Notifications