ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
ഡല്‍ഹി; പരീക്ഷ ചോദ്യ പേപ്പർ വിവാദത്തിനിടെ നാളെ നടത്താനിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർഥികളുടെ താൽപര്യം മുൻനിർത്തിയും പരീക്ഷയുടെ പവിത്രത നിലനിർത്തുന്നതിനുമാണ് തീരുമാനമെന്നും സർക്കാർ വിശദീകരിച്ചു. 'വിദ്യാർത്ഥികൾക്കുണ്ടായ അസൗകര്യത്തിൽ ആരോഗ്യ മന്ത്രാലയം ആത്മാർത്ഥമായി ഖേദിക്കുന്നു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയും പരീക്ഷാ നടപടികളുടെ സുതാര്യത കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ തീരുമാനം', മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ സുബോധ് കുമാർ സിങ്ങിനെ മാറ്റിയതിന് തൊട്ട് പിന്നാലെയാണ് പരീക്ഷ മാറ്റിക്കൊണ്ടുള്ള തീരുമാനവും സർക്കാർ അറിയിച്ചത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ആയിരുന്ന സുബോധ് സിങ് കുമാറിനെയാണ് മാറ്റിയത്. നിലവിൽ ഇന്ത്യ ട്രേഡ് പ്രൊമോഷൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിങ് കരോളയ്ക്കാണ് പുതിയ ചുമതല.ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം വ്യക്തമാക്കി.
മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നേരിടുന്ന ആദ്യ വിവാദമാണ് പരീക്ഷ ക്രമക്കേട്. പ്രതിപക്ഷം വിഷയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തതോടെയാണ് പേപ്പർ ചോർച്ച ഉണ്ടായത്. ഇത് മാറാത്ത കാലത്തോളം പേപ്പർ ചോർച്ച തുടരുമെന്നുമാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തുറന്നടിച്ചത്.സ്വതന്ത്രമായ വസ്തുനിഷ്ഠമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തതിനാലാണ് ഇതെല്ലാം ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. ഇവിടെ കുറ്റക്കാരായ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വിഷയം അന്വേഷിക്കാൻ പ്രത്യക ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. 7 അംഗ സമിതിയാണ് രൂപീകരിച്ചത്. മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ കെ രാധാകൃഷ്ണനാണ് സിമിതിയുടെ അധ്യക്ഷൻ. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയാണ്. പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ , എൻടിഎ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനവും തുടങ്ങിയ വിഷങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.












Click it and Unblock the Notifications