ഡികെ ശിവകുമാറിനെതിരെയുള്ള കള്ളപ്പണക്കേസ് റദ്ദാക്കി സുപ്രീം കോടതി
ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെയുള്ള കള്ളപ്പണകേസ് റദ്ദാക്കി സുപ്രീം കോടതി. 2018ല്‍ ഡികെയ്‌ക്കെതിരെ എടുത്ത കേസാണിത്. കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും വന്‍ തിരിച്ചടിയാണിത്. അതേസമയം കേസുമായി ബന്ധപ്പെട്ട് 2019ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
അതിനടുത്ത മാസം ഡല്‍ഹി ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. തനിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് ബിജെപിയെന്നും, നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ഇഡി ഡികെ ശിവകുമാറിനും അദ്ദേഹവുമായി ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആദായനികുതി വകുപ്പ് 2018ല്‍ ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിന് പിന്നാലെ ഡികെയ്ക്കെതിരെയുള്ള കേസുമായി ഇഡി മുന്നോട്ട് പോവാന്‍ തുടങ്ങിയത്.
നികുതി വെട്ടിപ്പ്, കോടികളുടെ ഹവാല ഇടപാടുകള്‍, എന്നിവയാിരുന്നു ശിവകുമാറിനെതിരെയുള്ള ഉയര്‍ന്ന ആരോപണങ്ങള്‍. ശിവകുമാറും അദ്ദേഹത്തിന്റെ അനുയായികളും തുടര്‍ച്ചയായി വലിയ അളവില്‍ കണക്കില്ലാത്ത അത്രയും പണം ഹവാല വഴി കടത്തുന്നുണ്ടന്നും, മൂന്ന് പേരാണ് ഇതിന് സഹായിക്കുന്നതെന്നുമായിരുന്നു ആദായനികുതി വകുപ്പ് ആരോപിച്ചത്.
2017ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 300 കോടി രൂപ പിടിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പണമെല്ലാം ബിജെപിയുമായി ബന്ധപ്പെട്ടതാണെന്നും ശിവകുമാര്‍ തുറന്നടിച്ചിരുന്നു. 2019ല്‍ ശിവകുമാര്‍ ഇഡി സമന്‍സിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സമന്‍സ് തള്ളിയില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്


Click it and Unblock the Notifications