ഹിജാബ് വിലക്ക് ശരിവെച്ചും എതിർത്തും സുപ്രീംകോടതി ജഡ്ജിമാർ, കേസ് ഇനി ചീഫ് ജസ്റ്റിസിന് മുന്നിലേക്ക്
ദില്ലി: ഹിജാബ് വിലക്കില്‍ ഭിന്ന വിധികളുമായി സുപ്രീംകോടതി ജഡ്ജിമാർ. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരായി നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ജഡ്ജിമാർ ഭിന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി ശരിവെക്കുന്ന നിലപാടായിരുന്നു ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത സ്വീകരിച്ചത്.
എന്നാല്‍ ഹൈക്കൊടതി വിധിക്കെതിരായ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാൻഷു ധുലിയ വിധി പറഞ്ഞത്..

രണ്ട് ജഡ്ജിമാരും ഭിന്ന വിധി പുറപ്പെടുവിച്ചതോടെ കേസ് ഇനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് മുന്നിലേക്ക് എത്തും. കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 10 ദിവസങ്ങളിലേറെ നീണ്ട് നിന്ന വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയും സുധാൻഷു ധുലിയയും അധ്യക്ഷരായ ബെഞ്ചിന്റെ വിധി.

ഈ കേസുമായി ബന്ധപ്പെട്ടുള്ള 11 ചോദ്യങ്ങള്‍ക്ക് താന്‍ തന്റെ വിധി പ്രസ്താവത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നാണ് ഹേമന്ത് ഗുപ്ത വ്യക്തമാക്കിയിട്ടുള്ളത്. ആ ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഹർജികള്‍ തള്ളുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള വിധി ഹേമന്ത് ഗുപ്ത പുറപ്പെടുവിച്ചത്. എന്നാല്‍ സുധാൻഷു ധുലിയ ഇതിനോട് യോജിച്ചില്ല.

എല്ലാ അപ്പീലുകളും അംഗീകരിച്ച ധൂലിയ പ്രധാനമായും തന്റെ മനസ്സില്‍ വന്നത് രണ്ട് കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഒന്ന്, ഇതൊരു അനുപേക്ഷണീയമായ മതാചാരമാണോയെന്ന വാദം ഞാന്‍ ശ്രദ്ധിച്ചു, അതിന്റെ അടിസ്ഥാനത്തില്‍ അനുപേക്ഷണീയമായ ആചാരമാണെന്ന് അംഗീകരിക്കുകയാണ്. ഇതോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശവും താന്‍ മനസ്സില്‍ കണ്ടെന്നും ധൂലിയ വ്യക്തമാക്കുന്നു.

ഹിജാബ് ധരിക്കുക എന്നുള്ളത് ഒരാള്‍ക്ക് സ്വീകരിക്കാവുന്ന കാര്യമാണ്. അതൊരാളുടെ വ്യക്തി സ്വാതന്ത്രത്തിന്റെ കാര്യമാണ്. അത് മറ്റൊരു വ്യക്തിയെ ബാധിക്കുന്നില്ല. ഇതൊടൊപ്പം തന്നെ വിദ്യാർത്ഥികളുടെ പഠനത്തിനുള്ള അവകാശത്തെക്കുറിച്ചും താന്‍ ഓർത്തതെന്നും സുധാൻഷു ധുലിയ വിധി പ്രസ്താവിച്ചുകൊണ്ട് വ്യക്തമാക്കി.

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധി മതപരമായ വീക്ഷണ കോണിൽ ശരിയല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇസ്ലാമിക കാഴ്ചപ്പാട് ഹൈക്കോടതി പരിഗണിച്ച വിധം ശരിയായില്ലെന്നും അവർ വാദിച്ചു. അതോടൊപ്പം തന്നെ ഖുർആൻ വ്യാഖ്യാനം ചെയ്തുകൊണ്ട് ഹിജാബ് മതത്തിൽ നിർബന്ധമാണോ എന്ന തരത്തിലേക്ക് കോടതി പോകരുതെന്നും ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു.












Click it and Unblock the Notifications