മരടിലെ അനധികൃത നിർമാണം: ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് സുപ്രീംകോടതി സമിതി
ന്യൂഡല്‍ഹി: തീരദേശ ചട്ടം ലംഘിച്ച് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചതിന്റെ
ഉത്തരവാദിത്വം സര്‍ക്കാരിനും, ഉദ്യോഗസ്ഥര്‍ക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. റിട്ട. ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ നല്‍കിയ റിപ്പോർട്ടിലാണ് സർക്കാരിന് വിമര്‍ശനം. നിര്‍മാതാക്കള്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല എന്ന് വ്യക്തമാക്കിയ കോടതി ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും നിര്‍ദേശിച്ചു. ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മരടിലെ അനധികൃത നിര്‍മാണത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് കണ്ടെത്താനാണ് ഏകാംഗജുഡീഷ്യൽ കമീഷനെ സുപ്രീകോടതി ചുമതലപ്പെടുത്തിയത്. നിര്‍മാണത്തിന്‍റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ, ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കോ എന്ന് പരിശോധിക്കാനായിരുന്നു കോടതി നിര്‍ദേശം.

അനധികൃത നിര്‍മാണം നടത്തിയവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്റ്റംബര്‍ ആറിനകം അറിയിക്കാനാണ് കോടതി നിര്‍ദേശം.
മരടിലെ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്താന്‍ മെയ് 2നാണ് കല്‍ക്കട്ട, തെലങ്കാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്‌ണനെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.
അനധികൃത നിര്‍മ്മാണത്തിന്‍റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കണ്ടെത്താനായിരുന്നു പ്രധാന നിര്‍ദേശം.
ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം ഷെഫീക്കിനെ അന്വേഷണ കമ്മീഷനായി നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ.എം ഷെഫീക്കിനെ നിയമിക്കുന്നതിനോട് വിയോജിപ്പ് അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്‌ണനെ സുപ്രീംകോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.












Click it and Unblock the Notifications