മുത്തലാഖുമായി ബന്ധപ്പെട്ട് എത്ര ക്രിമിനൽ കേസുകൾ ഫയൽ ചെയ്‌തിട്ടുണ്ട്? കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: മുത്തലാഖുമായി ബന്ധപ്പെട്ട് രാജ്യത്ത് ഫയൽ ചെയ്‌ത കേസുകളുടെ വിശദാംശം തേടി സുപ്രീം കോടതി. 1991ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം ലംഘിച്ച് പങ്കാളികളെ തൽക്ഷണം മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ പുരുഷന്മാർക്കെതിരെ സമർപ്പിച്ച എഫ്ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും വിശദാംശങ്ങൾ നൽകാനാണ് സുപ്രീം കോടതി ബുധനാഴ്‌ച കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
2019ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് വിവിധ മുസ്ലീം സംഘടനകൾ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഇതുമായി ബന്ധപ്പെട്ട 12 ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയും ജസ്‌റ്റിസ് പിവി സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച്, മുത്തലാഖ് കേസുകൾ സംബന്ധിച്ചും ഹൈക്കോടതികൾ ഇക്കാര്യത്തിൽ നേരിടുന്ന നിലവിലുള്ള വെല്ലുവിളികളെക്കുറിച്ചും ആരാഞ്ഞു.

വിഷയത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുകളുടെ എണ്ണം ഉൾപ്പെടെ തരണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മതപരമായ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിഭാഗം ആളുകൾക്ക് പ്രത്യേകമായ ശിക്ഷാനിയമമാണ് ഇതിലൂടെ കൊണ്ടുവന്നതെന്ന് ഹർജിക്കാർ വാദിച്ചു. ഇത് അനിയന്ത്രിതമായാൽ, സമൂഹത്തിൽ ധ്രുവീകരണത്തിലേക്കും മറ്റ് ഭിന്നതകളിലേക്കും നയിച്ചേക്കാമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഷയാറ ബാനോ കേസിൽ തൽക്ഷണ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇത്തരമൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മുത്തലാഖ് നിർത്തലാക്കലല്ല മറിച്ച് മുസ്ലീം ഭർത്താക്കന്മാരെ ശിക്ഷിക്കുകയാണ് നിയമത്തിന് പിന്നിലെ ഉദ്ദേശമെന്ന് വാദവുമുണ്ടെന്നും അവർ വ്യക്തമാക്കി.
എന്നാൽ ഹർജിക്കാർ ആചാരത്തെ ക്രിമിനൽവൽക്കരിക്കുന്നതിനെ ചോദ്യം ചെയ്യുക മാത്രമാണെന്നും ഈ ആചാരത്തെ പ്രതിരോധിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇവിടുത്തെ വക്കീലന്മാരാരും ഈ ആചാരം ശരിയാണെന്ന് പറയുന്നില്ല എന്ന കാര്യം ഉറപ്പാണ്, എന്നാൽ അവർ ഉന്നയിക്കുന്നത് ഈ ആചാരം നിരോധിക്കുമ്പോൾ അത് ക്രിമിനൽ കുറ്റമാക്കാൻ കഴിയുമോ എന്നതാണ്; കോടതി വ്യക്തമാക്കി.
അതേസമയം, മാർച്ച് 17ന് ആരംഭിക്കുന്ന ആഴ്‌ചയിൽ ഹർജികൾ അന്തിമ വാദം കേൾക്കാൻ ബെഞ്ച് തീരുമാനിച്ചു. നേരത്തെ 2017 ഓഗസ്‌റ്റ് 22ന് സുപ്രീം കോടതി 1400 വർഷം പഴക്കമുള്ള മുസ്ലീങ്ങൾക്കിടയിലെ 'മുത്തലാഖ്' എന്ന ആചാരം ക്രിമിനൽ കുറ്റമാക്കിയിരുന്നു. ഖുർആനിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഇസ്‌ലാമിക നിയമമായ ശരീഅത്തിന്റെ ലംഘനമാണെന്നും ഉൾപ്പെടെ നിരവധി കാരണങ്ങൾ കോടതി ഈ വേളയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications