മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവം; ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളോട് അടിക്കാന്‍ അധ്യാപിക ആവശ്യപ്പെട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി. സംഭവത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അത് ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് സുപ്രീംകോടതി പറഞ്ഞത്. കേസിലെ അന്വേഷണത്തിന് മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച കോടതി ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു. ഇരയ്ക്കും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരെ കൊണ്ട് കൗണ്‍സിലിംഗ് നടത്തണം എന്നും കോടതി യു പി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസ് ഒക്ടോബര്‍ 30 ലേക്ക് മാറ്റിയിരിക്കുകയാണ്.

ഒരു വിദ്യാര്‍ത്ഥി കരഞ്ഞുകൊണ്ട് നില്‍ക്കുമ്പോള്‍ സഹപാഠികള്‍ മാറിമാറി അടിക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ശക്തമായി അടിക്കാന്‍ അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലിംഗിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
കുട്ടിയുടെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങളില്ലാതെയാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ സുപ്രീം കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. മതത്തിന്റെ പേരിലാണ് മകനെ മര്‍ദിച്ചതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നെങ്കിലും എഫ്ഐആറില്‍ അത് പരാമര്‍ശിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ യു പി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണിതെന്നും കോടതി പറഞ്ഞു.
14 വയസ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം, ജാതി, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമില്ലാതെ നല്‍കണം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
അതേസമയം കേസിന്റെ വര്‍ഗീയ വശം അതിശയോക്തി കലര്‍ന്നതാണെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെട്ടു. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ 60 കാരിയായ അധ്യാപിക ത്രിപ്ത ത്യാഗിയാണ് വിദ്യാര്‍ത്ഥികളോട് ഏഴ് വയസുകാരനായ മുസ്ലീം സഹപാഠിയെ അടിക്കാന്‍ ആവശ്യപ്പെട്ടത്. സംഭവം വലിയ വിവാദമായിരുന്നു. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണിതെന്നായിരുന്നു പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.












Click it and Unblock the Notifications